Advertisment

അഭിനന്ദൻ മോചിതനായപ്പോൾ രാജ്യത്തോളം സന്തോഷിച്ച രണ്ടുപേർ മുൻ എയർ മാർഷൽ കെ സി കരിയപ്പയും മുൻ വ്യോമസേന പൈലറ്റ‌് കെ നചികേതയും ;ചരിത്രത്തിൽ മടങ്ങിവന്നവർ മാത്രമല്ല, മടങ്ങിവരാത്തവരുമുണ്ട‌് ;1971ലെ ഇന്ത്യ–-പാക‌് യുദ്ധത്തിൽ പാക‌് പിടിയിലകപ്പെട്ട 54 ഇന്ത്യൻ സൈനികർ എവിടെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി :  വ്യോമസേനാ വിങ‌് കമാൻഡർ അഭിനന്ദൻ വർധമാൻ പാക‌് പിടിയിൽനിന്ന‌് മോചിതനായപ്പോൾ രാജ്യത്തോളം സന്തോഷിച്ച രണ്ടുപേർ മുൻ എയർ മാർഷൽ കെ സി കരിയപ്പയും മുൻ വ്യോമസേന പൈലറ്റ‌് കെ നചികേതയുമാണ‌്. യുദ്ധതടവുകാരായി പാക‌് തടവറയിൽ കഴിഞ്ഞവരാണ‌് ഇരുവരും.

Advertisment

കാർഗിൽ യുദ്ധത്തിനിടെ പിടിയിലായ നചികേത എട്ടു ദിവസത്തോളം ക്രൂരമായ പീഡനങ്ങൾക്ക‌് വിധേയനായി. അന്താരാഷ‌്ട്ര സമ്മർദത്തെ തുടർന്നാണ‌് നചികേതയെ പാകിസ്ഥാൻ മോചിപ്പിച്ചത‌്. വാഗ അതിർത്തിയിലൂടെ റെഡ‌് ക്രോസിന്റെ അന്താരാഷ‌്ട്ര സമിതിയുടെ മേൽനോട്ടത്തിലായിരുന്നു മോചനം.

publive-image

1965ലെ യുദ്ധത്തിൽ ആദ്യ കരസേന മേധാവി ഫീൾഡ‌് മാർഷൽ കെ എം കരിയപ്പയുടെ മകൻ കെ സി കരിയപ്പയടക്കം പാക‌് പിടിയിലായിരുന്നു. അന്ന‌് പാക‌് മേധാവിയായിരുന്ന ജനറൽ അയൂബ‌് ഖാൻ എയർ മാർഷൽ കെ സി കരിയപ്പയെ വിട്ടയക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും അത‌് പിതാവ‌് നിഷേധിച്ചത‌് ചരിത്രം.

തന്റെ മകനുമാത്രമായി പ്രത്യേക ആനുകൂല്യം വേണ്ടെന്നായിരുന്നു കെ എം കരിയപ്പയുടെ മറുപടി. മുഴുവൻ യുദ്ധ തടവുകാരും തന്റെ മക്കളാണെന്നും വ്യവസ്ഥാപിതമായ സംരക്ഷണം എല്ലാവർക്കും നൽകണമെന്നും അദ്ദേഹം പാകിസ്ഥാനോട‌് ആവശ്യപ്പെട്ടു. സഹപ്രവർത്തകരെ ഉപേക്ഷിച്ച‌് ഒറ്റയ‌്ക്ക‌് തിരികെ വരാൻ കെ സി കരിയപ്പയും ഒരുക്കമല്ലായിരുന്നു.

1999 മെയ‌് 27നു പിടിയിലായ നചികേതയെ ജൂൺ മൂന്നിനാണ‌് മോചിപ്പിച്ചത‌്. ആന്തരിക അവയവങ്ങൾക്ക‌് പരിക്കേൽക്കുന്ന നിലയിൽ അദ്ദേഹത്തിന‌് ക്രൂര പീഡനമേറ്റിരുന്നു. അന്ന‌് പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമീഷണറായിരുന്ന ജി പാർഥസാരഥിയുടെ നേതൃത്വത്തിലാണ‌് നയതന്ത്ര ചർച്ചകൾ നടന്നത‌്. 2000ൽ ധീരതയ‌്‌‌‌ക്കുള്ള വായുസേനാ മെഡൽ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

മടങ്ങിവന്നവർ മാത്രമല്ല, മടങ്ങിവരാത്തവരുമുണ്ട‌് ചരിത്രത്തിൽ. 1971ലെ ഇന്ത്യ–-പാക‌് യുദ്ധത്തിൽ പാക‌് പിടിയിലകപ്പെട്ട 54 ഇന്ത്യൻ സൈനികരെക്കുറിച്ച‌് ഇന്നും ആർക്കും ഒന്നും അറിയില്ല. ഈ 54 പേർ പാകിസ്ഥാനിലുണ്ടെന്ന‌് സ്ഥിരീകരിക്കാൻ തെളിവുകളില്ല.

പാക‌് മണ്ണിൽനിന്ന‌് മടങ്ങിയെത്താത്ത ഈ 54 സൈനികരെ യുദ്ധത്തിനിടെ കാണാതായി അല്ലെങ്കിൽ കൊല്ലപ്പെട്ടു എന്ന‌് ഇന്ത്യൻ സായുധ സേനകൾ യുദ്ധത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 30 കരസേന ഉദ്യോഗസ്ഥരും 24 വ്യോമസേന ഉദ്യോഗസ്ഥരുമാണ‌് കാണാതായത‌്. ഇവർ പാകിസ്ഥാനിലെ വിവിധ ജയിലുകളിലായി തടവിലാണെന്നാണ‌് കരുതുന്നത‌്.

1979ൽ വിദേശമന്ത്രാലയമാണ‌് ഈ കണക്കുകൾ പാർലമെന്റിൽ വച്ചത‌്. യുദ്ധത്തിനിടെ പിടിയിലായ 90,000 പാക‌് സൈനികരെ ഇന്ത്യ മോചിപ്പിച്ചിരുന്നു.

1971ലെ യുദ്ധത്തിൽ കാണാതായ 54പേർ പാകിസ്ഥാനിൽ ഇല്ല എന്ന നിലപാട‌് 1989ൽ അവർ തിരുത്തി. പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ ഇവർ പാക‌് കസ‌്റ്റഡിയിൽ ഉണ്ടെന്ന‌് ഔദ്യോഗികമായി സമ്മതിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി രാജീവ‌് ഗാന്ധിയുമായി ഇസ്ലാമാബാദിൽ നടത്തിയ ചർച്ചയിൽ അവരെ മടക്കി അയക്കുന്ന കാര്യം പരിഗണിക്കുമെന്നും അറിയിച്ചു.

പിന്നീട‌്, ആരും പാകിസ്ഥാനിൽ ഇല്ലെന്ന‌് പ്രസിഡന്റ‌് പർവേഷ‌് മുഷറഫ‌് നിലപാട‌് തിരുത്തി. 1972ൽ ടൈം മാഗസിനിൽ അച്ചടിച്ചുവന്ന ചിത്രങ്ങളിൽ ഒന്നിൽ ഇന്ത്യൻ സൈനികനും ഉൾപ്പെട്ടിരുന്നു. ‘അവർ ജീവിച്ചിരിപ്പുണ്ടോ ?’ –- 2015 സെപ‌്തംബർ ഒന്നിന‌് സുപ്രീംകോടതി ചോദിച്ചു. ‘ഞങ്ങൾക്ക‌് അറിയില്ല’ എന്നായിരുന്നു- കേന്ദ്രസർക്കാരിന്റെ മറുപടി.

Advertisment