തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് മറിഞ്ഞ് 30 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, September 11, 2018

കൊണ്ടഗട്ട്: തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 60 പേരുണ്ടായിരുന്നതായാണ് വിവരം.

ഇവിടത്തെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ കൊണ്ടഗട്ട് ഹനുമാന്‍ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരാണ് മരിച്ചത്. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ ക്ഷേത്രത്തില്‍ വന്‍ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്.

15 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. പരിക്കേറ്റവരെ കരിംനഗര്‍, ജാഗിത്യാല്‍ ജില്ലകളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി.

അപകടത്തില്‍ ബസിന്റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രണ്ട് വട്ടം കറങ്ങിയാണ് ബസ് താഴ്ചയിലേക്ക് പതിച്ചത്.

×