Advertisment

ജനം പൊറുതിമുട്ടിയ ഇന്ധന വിലവര്‍ധനവ് വിഷയമാക്കാതെ ആരുടെ ഐശ്വര്യത്തിനാണ് ഐശ്വര്യകേരള യാത്രയെന്ന് വിമര്‍ശനം ! ലോക ചരിത്രത്തിലെ ഏറ്റവും വലിയ നികുതി കൊള്ള നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ആലപ്പുഴയില്‍ നിന്നും തലസ്ഥാനത്തേയ്ക്കുള്ള ഐശ്വര്യകേരളയാത്ര കാല്‍ നടയാക്കി മാറ്റാന്‍ രമേശ് ചെന്നിത്തല തയ്യാറാകുമോ ? അധികാരത്തിലെത്തിയാല്‍ ഇന്ധന വിലകള്‍ ലിറ്റിറിന് 10 രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുമോ ? യാത്രാമധ്യേ ജാഥയുടെ പേരും മുദ്രാവാക്യവും മാറ്റി ഇന്ധന കൊള്ളയ്ക്കെതിരായ പ്രതിഷേധാഗ്നിയാക്കി യാത്രയെ മാറ്റി ചരിത്രം കുറിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകുമോ ? ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ സമരത്തിന് ഘനം പോരെന്ന ആക്ഷേപം ശക്തമാകുമ്പോള്‍...

New Update

publive-image

Advertisment

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വില റോക്കറ്റുപോലെ കുതിക്കുമ്പോഴും അത് വിഷയമാക്കാതെ ഐശ്വര്യ കേരളത്തിനായി യാത്ര ! പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്കെതിരായ പ്രധാന വിമര്‍ശനം ഇപ്പോള്‍ ഇതാണ് - പ്രതിഷേധിക്കേണ്ട വിഷയങ്ങളില്‍ പ്രതിപക്ഷ സമരത്തിന് 'ഘനം' പോരാ !

ജനുവരി 31ന് കാസര്‍കോട് നിന്നും രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്ര ആരംഭിക്കുമ്പോള്‍ പെട്രോള്‍-ഡീസല്‍ വില 88.31 രൂപയും 82.40 രൂപയുമായിരുന്നു. യാത്ര 16 ദിവസം പിന്നിട്ട ഇന്നത്തെ വില യഥാക്രമം 91.10 ഉം 84.77 രൂപയുമാണ്.

ഇന്ധനവില വര്‍ധനമൂലം പൊറുതിമുട്ടുന്ന ജനത്തിന് ഒരു ആശ്വാസവും പ്രത്യാശയും പകരാതെ എന്തു ഐശ്വര്യ കേരള യാത്രയാണ് ഈ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നത്.

സംശുദ്ധം സ്തഭരണം എന്ന മുദ്രാവാക്യവുമായാണ് യാത്ര തുടങ്ങിയത്. പക്ഷേ ഇന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇന്ധന വിലവര്‍ധനവ് തന്നെയാണ്. അതുകൊണ്ടുതന്നെ യാത്രയുടെ പ്രധാന മുദ്രാവാക്യവും വിഷയവുമായി ഇതു മാറേണ്ടതാണ്.

പ്രത്യേകിച്ച് കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തില്‍. പക്ഷേ ഏറ്റവും സങ്കടകരകമായ കാര്യം അതുപോലും കാര്യമായ വിഷയമായി യാത്രയില്‍ ഉയരുന്നില്ല എന്നതുതന്നെ.

ഇന്ധന വിലവര്‍ധവനില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല എന്നു പറയുമ്പോഴും സ്വന്തം ജനതയ്ക്ക് ആശ്വാസമായി അധിക നികുതിഭാരം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകേണ്ടതല്ലെ.

ഐശ്വര്യ കേരള യാത്രയിലെ പ്രസംഗങ്ങള്‍ക്കും വാഗ്ദാന മഴകള്‍ക്കും ഒപ്പം യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പെട്രോള്‍-ഡീസല്‍ ലിറ്ററിന് 10 രൂപ വീതം കുറച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന അഭിപ്രായം ശക്തമാണ്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരോ ഇന്ധന വില വര്‍ധനവിലും സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട നികുതി വിഹിതം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെമാത്രം 650 കോടിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനത്തിന് നല്‍കിയത്.

യാത്ര 23നാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. ഈ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് വാഹന യാത്ര ഒഴിവാക്കി കാല്‍നട ജാഥ പ്രതിഷേധം നടത്താന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണമെന്ന മറ്റൊരഭിപ്രായവും ഉയരുന്നുണ്ട്. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കൊല്ലത്തു നിന്നെങ്കിലും അത്തരമൊരു പ്രതിഷേധം തുടര്‍ന്നാല്‍ അതു പാര്‍ട്ടി അണികളെ മാത്രമല്ല, കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും ആവേശം പകരും.

ഇന്ധന വിലവര്‍ധനവെന്ന കൊള്ള അവസാനിപ്പിക്കാന്‍ ദേശീയ തലത്തിലും പ്രതിപക്ഷത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്. പക്ഷേ അതിനു തുനിയാതെ സര്‍ക്കാരിന്റെ ഈ കൊള്ളയ്ക്ക് കൊടിപിടിച്ചാല്‍ ജനം കൂടെയുണ്ടാകില്ല. അതിനി എത്ര പാരമ്പര്യം അവകാശപ്പെടുന്ന നേതാവ് യാത്ര നയിച്ചാലും !

trivandrum news
Advertisment