Advertisment

ഐശ്വര്യകേരളയാത്രക്കിടെ കൂടുതല്‍ സിനിമാ താരങ്ങളും സാംസ്കാരിക നായകരും ഇടത് എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് ! ഇങ്ങനൊരു ഒഴുക്ക് കോണ്‍ഗ്രസിലേക്കോ യുഡിഎഫിലേക്കോ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇന്ധന നികുതിയിലെ അധിക ലാഭം വേണ്ടെന്നു വയ്ക്കുമെന്ന പ്രഖ്യാപനവും റബര്‍ വിലസ്ഥിരതാ ഫണ്ട് 250 ആക്കുമെന്ന ഉറപ്പും ശബരിമല നിലപാടും യാത്രയുടെ മാറ്റ് കൂട്ടി. പിന്‍വാതില്‍ നിയമനവും ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിന്‍റെ ശോഭ മോശമാക്കിയതും ഗുണമായി. മലബാര്‍ കഴിഞ്ഞാല്‍ ശുഷ്കിക്കുമെന്ന് പ്രവചിക്കപ്പെട്ട ചെന്നിത്തലയുടെ യാത്ര അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ !

New Update

publive-image

Advertisment

കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചതോടെ പതിവിന് വിപരീതമായി കൂടുതല്‍ ആവേശത്തിലായി. കഴിഞ്ഞ ജനുവരി 31 ന് കാസര്‍കോട് കുമ്പളയില്‍ തുടങ്ങിയ യാത്രയ്ക്ക് അപ്രതീക്ഷിതമായ രീതിയില്‍ ജനപങ്കാളിത്തവും സ്വീകാര്യതയും ലഭിച്ചു എന്നതു യാഥാര്‍ത്ഥ്യം തന്നെയാണ് .

യാത്രക്കിടെ ഇടതുപക്ഷത്തു നിന്നും എംഎല്‍എമാരടക്കമുള്ളവര്‍ മുന്നണിയിലേക്ക് എത്തുന്നതും സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

കോണ്‍ഗ്രസിനും യുഡിഎഫിനും ഭരണത്തിലേറാനുള്ള സാധ്യത തീരെ പ്രവചിക്കപ്പെടാത്ത സമയത്തായിരുന്നു ഐശ്വര്യ കേരളയാത്ര തുടങ്ങിയത്. യാത്ര പ്രഖ്യാപിച്ചത് മുതല്‍ അതിന്‍റെ ഘടന സംബന്ധിച്ചുപോലും പാര്‍ട്ടിയില്‍ തരക്കേടില്ലാത്ത തര്‍ക്കങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ യാത്രയുടെ ആദ്യ ദിനം മുതല്‍ മാധ്യമശ്രദ്ധ ലഭിക്കാന്‍ കാരണം ജനപങ്കാളിത്തം തന്നെയായിരുന്നു. ആദ്യദിനം മുതല്‍ ലീഗ് ശക്തി കേന്ദ്രങ്ങളായ വടക്കന്‍ മലബാറിനെ ഇളക്കി മറിച്ച യാത്ര മധ്യകേരളത്തില്‍ എത്തുമ്പോള്‍ ശുഷ്കിക്കും എന്നൊക്കെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ യാത്ര തലസ്ഥാനത്തേക്ക് നീങ്ങുമ്പോഴും ഇതേ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നുണ്ട്.

മലബാറിലെ ആള്‍ക്കൂട്ടം വെറും ലീഗ് സൃഷ്ടിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പാലക്കാട്ട് പിന്നിട്ടതോടെ ആ വിമര്‍ശനം പൊള്ളയാണെന്നു തെളിഞ്ഞു. എല്ലാ യോഗങ്ങളിലും ആള്‍ക്കൂട്ടം നിരഞ്ഞു.

യാത്ര കോട്ടയത്തെത്തിയതോടെ പാലാ എംഎല്‍എ മാണി സി കാപ്പനും സംഘവും ഇടതു ബന്ധമുപേക്ഷിച്ച് യുഡിഎഫില്‍ ചേക്കേറി. രാഷ്ട്രീയമായി വലിയ തിരിച്ചടി തന്നെയാണ് ഇതു ഇടതുമുന്നണിക്ക് നല്‍കിയത്. കാപ്പനു പുറമെ രണ്ടിലധികം ഇടതു എംഎല്‍എമാര്‍ യുഡിഎഫിന്റെ ഭാഗമാകാനുള്ള ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതു കൂടി വിജയിച്ചാല്‍ അതു ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകും നല്‍കുക.

നാളിതുവരെ കേള്‍ക്കാത്ത കാര്യമായിരുന്നു സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്നു പരസ്യ പ്രഖ്യാപനം. കേരളത്തിലൊരു ബദല്‍ ഇനി യുഡിഎഫിനെ കഴിയൂ എന്നു ഉറക്കെ പറയുന്നതായിരുന്നു സിനിമാ രംഗത്തെ പ്രമുഖരുടെ പാര്‍ട്ടിയില്‍ ചേരാനുള്ള പ്രഖ്യാപനം.

സിനിമാനടന്‍മാരായ രമേഷ് പിഷാരടി, ഇടവേള ബാബു എന്നിവര്‍ യാത്രയുടെ സ്വീകരണങ്ങളില്‍ പങ്കെടുത്ത് അംഗത്വം സ്വീകരിച്ചു. ബിജെപി അനുകൂല നിലപാട് സ്വീകരിച്ച മേജര്‍ രവി യാത്രയില്‍ രമേശിനെ സ്വീകരിക്കാനും എത്തി.

ഉടന്‍ തന്നെ രണ്ടു പ്രമുഖ താരങ്ങള്‍കൂടി കോണ്‍ഗ്രസില്‍ ചേരും എന്ന അഭ്യൂഹവും ശക്തമാണ്. ഇങ്ങനൊരു ഒഴുക്ക് കോണ്‍ഗ്രസിലേക്കോ യുഡിഎഫിലേക്കോ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇതേ പോലെതന്നെയാണ് യാത്ര ഓരോ ജനകീയ വിഷയങ്ങളും ഏറ്റെടുത്തു തുടങ്ങിയത്. പെട്രോള്‍ ഡീസല്‍ വില വര്‍ധനവിലുടെ കിട്ടുന്ന അധിക നികുതി ലാഭം വേണ്ടെന്നു വയ്ക്കുന്നത് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു കഴിഞ്ഞു . നേരത്തെ ഉയര്‍ന്ന വിഷയങ്ങളില്‍ യാത്രയിലൂടെ വ്യക്തത നല്‍കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു.

ഉദ്യോഗാര്‍ത്ഥികളുടെ സമരം, പിന്‍വാതില്‍ നിയമനം തുടങ്ങിയ വിഷയങ്ങളിലെ നിലപാടും വേറിട്ടു നിന്നു. ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ നിലപാടിനെ എന്‍എസ് എസ് പിന്തുണച്ചതും ശ്രദ്ധേയമായി.

റബര്‍ വിലസ്ഥിരതാ ഫണ്ട് എല്‍ ഡി എഫ് പ്രഖ്യാപിച്ച 170 ല്‍ നിന്നും 250 ആക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു കര്‍ഷകരെയും യു ഡി എഫ് കൈയ്യിലെടുത്തു. ഇനി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഈ മികവ് തുടര്‍ന്നാല്‍ യുഡിഎഫ് ഭരണമെന്ന സാധ്യതയിലേക്ക് അതിവേഗം അടുക്കുമെന്ന് ഉറപ്പാണ്.

trivandrum news aiswarya kerala yathra
Advertisment