22 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സേനാപതി’യായി കമല്‍ഹാസന്‍; ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക്

ഫിലിം ഡസ്ക്
Wednesday, September 5, 2018

indian 2 first look

തന്റെ ചിത്രങ്ങളുടെ എല്ലാത്തരം പബ്ലിസിറ്റി മെറ്റീരിയലുകളിലും സിനിമകളില്‍ പുലര്‍ത്തുന്ന സൂക്ഷ്മത നിലനിര്‍ത്തുന്ന സംവിധായകനാണ് ഷങ്കര്‍. രജനീകാന്ത് നായകനാവുന്ന എന്തിരന്‍ രണ്ടാംഭാഗമായ 2.0യുടെ അവസാനഘട്ടജോലികളിലാണ് ഷങ്കര്‍ ഇപ്പോള്‍. അതിനിടെയാണ് കമലിനെ നായകനാക്കി ഇന്ത്യന്‍ 2 അനൗണ്‍സ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരിക്കുകയാണ്. പറഞ്ഞതുപോലെ ഒരു ഷങ്കര്‍ ടച്ച് കാണാനാവും പോസ്റ്ററില്‍.

പ്രധാന കഥാപാത്രത്തിന്റെ ഒരു കൈ മാത്രമാണ് അക്ഷരങ്ങള്‍ കൂടാതെ പോസ്റ്ററിലുള്ളത്. സേതാപതി തിരിച്ചെത്തുന്നുവെന്നതാണ് ടാഗ് ലൈന്‍. ഇന്ത്യന്റെ 22 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നുവെന്ന് ചെറിയ അക്ഷരങ്ങളിലുമുണ്ട്.

View image on Twitter
1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.

22 വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തുവരുന്ന വാര്‍ത്തയെ കമല്‍, ഷങ്കര്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. അജയ് ദേവ്ഗണ്‍ ഈ ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നവംബറോടെയാവും ചിത്രീകരണം ആരംഭിക്കുക. ഹൈദരാബാദ് ആവും ലൊക്കേഷനുകളില്‍ ഒന്ന്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രമെത്തും.

×