Advertisment

പുല്‍വാമ ഭീകരാക്രമണം: രാജ്യത്തിനുവേണ്ടി രാഷ്ട്രീയം മറന്ന് ഒന്നിച്ച് ദില്ലിയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം....സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി:  ഇന്ന് ദില്ലിയില്‍ സര്‍വകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് അധ്യക്ഷനാകും.

Advertisment

publive-image

പ്രധാനമന്ത്രി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം.

ഇത് രണ്ടാം തവണയാണ് മോദി സര്‍ക്കാരിന്‍റെ കാലത്ത് സര്‍വകക്ഷിയോഗം വിളിക്കുന്നത്. ആദ്യത്തെ തവണ സര്‍വകക്ഷിയോഗം വിളിച്ചത് സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ ശേഷം നടന്നതിനെക്കുറിച്ച്‌ വിശദീകരിക്കാനാണ്. 2016 സെപ്റ്റംബറില്‍ നടന്ന അന്നത്തെ സര്‍വകക്ഷിയോഗം ചര്‍ച്ചകള്‍ ലക്ഷ്യമിട്ടല്ല, മിന്നലാക്രമണം നടപ്പാക്കിയതെങ്ങനെയെന്ന വിശദീകരണം മാത്രമായിരുന്നു.

ഭീകരരെ നേരിടുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിസഭാ ഉപസമിതി ഇന്നലെ ഉച്ചയോടെ യോഗം ചേര്‍ന്നിരുന്നു.

Advertisment