Advertisment

സൗദി അറേബ്യയിൽ നിന്നും പ്രവാസികളെ തിരികെ കൊണ്ടുപോകാൻ കൂടുതൽ വിമാനങ്ങൾ അനുവദിയ്ക്കുക; നവയുഗം പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രാലയത്തിനും നിവേദനം നൽകി.

New Update

ദമ്മാം: സൗദി അറേബ്യയിൽ നിന്നും ഇന്ത്യൻ പ്രവാസികളെ തിരികെ കൊണ്ടുപോകാൻ കൂടുതൽ വിമാനങ്ങൾ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടു നവയുഗം സാംസ്ക്കാരികവേദി ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കും, കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനും നിവേദനം നൽകി.

Advertisment

publive-image

കൊറോണരോഗബാധ വ്യാപകമായ വിദേശരാജ്യങ്ങളിൽ നിന്നും പ്രവാസികളെ തിരികെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി വളരെ കുറച്ചു എയർ ഇന്ത്യ വിമാനങ്ങൾ മാത്രമാണ് സൗദി അറേബ്യയിലേയ്ക്ക് ഇതുവരെ സർവ്വീസ് നടത്തിയത്. രണ്ടാം ഘട്ടത്തിലും വളരെ കുറച്ചു വിമാനങ്ങൾ മാത്രമാണ് സൗദിയിൽ നിന്നും ചാർട്ട് ചെയ്തിരിയ്ക്കുന്നത്.

എൺപതിനായിരത്തിലധികം ഇന്ത്യക്കാരാണ് നാട്ടിലേയ്ക്ക് മടങ്ങാനായി എംബസ്സിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിയ്ക്കുന്നത്. നിലവിലത്തെ അവസ്ഥയിൽ മാസങ്ങൾ കഴിഞ്ഞാലും ഇവർക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ കഴിയില്ല. അതിനാൽ കൂടുതൽ വിമാനസർവ്വീസുകൾ സൗദി അറേബ്യയിലേക്ക് നടത്തിയേ മതിയാകൂ. എയർ ഇന്ത്യയ്ക്ക് അത്രത്തോളം സർവ്വീസ് നടത്താൻ കഴിവില്ലെങ്കിൽ, മറ്റു വിമാനകമ്പനികൾക്കും അതിനുള്ള അനുമതി കേന്ദ്രസർക്കാർ നൽകണം.

ഗർഭിണികളും, രോഗികളും, വൃദ്ധരും, ജോലി നഷ്ടമായവരും, വിസകാലവധി അവസാനിയ്ക്കാൻ പോകുന്നവരും അടക്കം സൗദി അറേബ്യയിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികളെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ജനറൽ സെക്രട്ടറി എം.എ.വാഹിദും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ചു കേന്ദ്രസർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ കേരളസർക്കാരും, എംപിമാരും, എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് നവയുഗം ആവശ്യപ്പെട്ടു

Advertisment