ഛത്തര്‍പുര്‍: മലേഗാവ് സ്ഫോടനക്കേസ് പ്രതിയും തീവ്ര ഹിന്ദുത്വവാദിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഒരു ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ലെന്നും പ്രജ്ഞയ്ക്കെതിരേ കള്ളക്കുറ്റങ്ങളാണു ചുമത്തിയതെന്നും അമിത് ഷാ പറഞ്ഞു.
പ്രജ്ഞയെ ഭോപ്പാലില്‍ സ്ഥാനാര്‍ഥിയാക്കിയത് ശരിയായ തീരുമാനമാണെന്നു പറഞ്ഞ അമിത് ഷാ, ഹിന്ദു ഭീകരത എന്ന വാദമുയര്‍ത്തുന്നവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണു ലക്ഷ്യമിടുന്നതെന്നു കുറ്റപ്പെടുത്തി. പ്രജ്ഞയെ പ്രതിയാക്കിയതിലൂടെ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയായിരുന്നു ബിജെപി അധ്യക്ഷന്റെ പരാമര്‍ശം.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ മഹാരാഷ്ട്ര എടിഎസ് മുന്‍ തലവന്‍ ഹേമന്ദ് കാര്‍ക്കറയെ അപമാനിച്ചുകൊണ്ട് പ്രജ്ഞാ സിംഗ് നടത്തിയ പ്രസ്താവനയാണ് അവര്‍ക്ക് അടുത്തിടെ മാധ്യമ ശ്രദ്ധ നല്‍കിയത്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനു പങ്കാളിയായതില്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവിച്ച പ്രജ്ഞാ സിംഗിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായ പ്രജ്ഞാ സിംഗ് മലേഗാവ് സ്ഫോടനക്കേസില്‍ ജാമ്യത്തിലാണ്. തിങ്കളാഴ്ച ഇവര്‍ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗാണു ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മേയ് 12നാണു ഭോപ്പാലില്‍ തെരഞ്ഞെടുപ്പ്.