Advertisment

മധ്യപ്രദേശിലെ വിവരമില്ലാത്ത ഒരു വിവരാവകാശ കമ്മീഷണർക്ക് ഹൈക്കോടതി നൽകിയത് മുട്ടൻപണി ! കേരളത്തിലെ വിവരാവകാശ കമ്മീഷനും ഈ രീതിയിലെങ്കിൽ പണി കിട്ടാം ?

New Update

publive-image

Advertisment

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ അദ്ധ്യാപകനെതിരേ വകുപ്പുതല നടപടി കൈക്കൊള്ളാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയ വിവരാവകാശ കമ്മീഷണർക്കെതിരേ ഹൈക്കോടതിയുടെ ശക്തമായ നടപടി.

മദ്ധ്യപ്രദേശിലെ 'ടിക്കാംഗഡ്‌' നിവാസിയായ അദ്ധ്യാപകൻ വിവേകാനന്ദ് മിശ്ര നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ഡി.ഇ.ഓയിൽ നിന്നും നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കാതിരുന്നതിനാൽ അദ്ദേഹം സംസ്ഥാന വിവരാവകാശ കമ്മീഷന് ഇതുസംബന്ധമായ പരാതി നൽകുകയുണ്ടായി.

ഈ പരാതിയിന്മേലാണ് മദ്ധ്യപ്രദേശ് സംസ്ഥാന വിവരാവകാശ കമ്മീഷണർ വിജയ് മനോഹർ തിവാരി, വളരെ വിചിത്രമായ ഉത്തരവ് നൽകിയിരിക്കുന്നത്. അദ്ധ്യാപകൻ ആവശ്യപ്പെട്ട രേഖകൾ നൽകാൻ ഡി.ഇ.ഓയ്ക്ക് വിവരാവകാശ കമ്മീഷണർ നിർദ്ദേശം നല്കിയതിനൊപ്പം ഈ അദ്ധ്യാപകനെതിരേ വകുപ്പുതല നടപടി കൈക്കൊള്ളണമെന്ന് കളക്ടർക്കും ഉത്തരവ് നൽകിയിരിക്കുന്നു.

ഈ ഉത്തരവിനെതിരേ അദ്ധ്യാപകൻ മദ്ധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയും, കോടതി ഈ വിഷയം അതീവഗൗരവമുള്ളതായി കണക്കാക്കുകയും, വിവരാവകാശ കമ്മീഷണർക്ക് നോട്ടീസ് നൽകി 4 ആഴ്ചകൾക്കുള്ളിൽ വിശദമായ വിശദീകരണം സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയുമാണ്.

സത്യവാങ്മൂലത്തിൽ വിവരാവകാശനിയമം 2005 ലെ ഏതു വകുപ്പ് പ്രകാരമാണ് ആർ.ടി.ഐ അപേക്ഷകനെതിരേ വകുപ്പുതല നടപടി കൈക്കൊള്ളാൻ നിർദ്ദേശിച്ചതെന്ന് വിവരാവകാശ കമ്മീഷണർ വിജയ് മനോഹർ തിവാരി വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ഹൈക്കോടതി ജഡ്ജി വിവേക് അഗർവാൾ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.


നമ്മുടെ രാജ്യത്തെ പാര്ലമെന്റ് പാസ്സാക്കിയ അഴിമതി തടയാൻ ലക്ഷ്യമിട്ടുള്ള വിവരാവകാശനിയമം 2005, സാക്ഷരസമ്പന്നമായ കേരളത്തിൽപ്പോലും പല ഉദ്യോഗസ്ഥരും ഗൗരവമായി കണക്കാക്കുന്നില്ല.


ആർ.ടി.ഐ അപേക്ഷകന് അപേക്ഷയിലെ ഏതെങ്കിലും നിസ്സാര പഴുതിന്മേൽ തൂങ്ങി എങ്ങനെ മറുപടി നൽകാതിരിക്കാം അല്ലെങ്കിൽ അപേക്ഷകനെ എങ്ങനെ വട്ടം ചുറ്റിക്കാം എന്ന നിലപാടാണ് പലർക്കും.

കേരളത്തിലെ വിവരാവകാശ കമ്മീഷണർമാരിൽ നിന്നുപോലും അനുകൂലമായ നിലപാട് അപേക്ഷകന് പലപ്പോഴും ലഭിക്കാറില്ല. ഏകദേശം 4 മാസം മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഞാൻ നൽകിയ വിവരാവകാശ അപേക്ഷയുടെ അപ്പീലുമായി ബന്ധപ്പെട്ട ഓൺലൈൻ ഹിയറിംഗിൽ ഇരു ഭാഗത്തെയും വാദം കേട്ടശേഷം ഉത്തരവ് നൽകാം എന്ന് പറഞ്ഞ വനിതയായ സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നാളിതുവരെയായിട്ടും എനിക്ക് ലഭിച്ചിട്ടില്ല. ഇതാണ് നമ്മുടെ നാട്ടിലെയും അവസ്ഥ.


ആർ.ടി.ഐ അപേക്ഷകർ, അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും അധികാരികൾക്കും ഒരു തലവേദനയാണ്. അവർ സ്വയം മടുത്തു പിന്മാറട്ടെ എന്ന രീതിയിൽ പെരുമാറുന്ന ഉദ്യോഗസ്ഥരും അവർക്കനുകൂലമായ നിലപാട് കൈക്കൊള്ളുന്ന ചില കമ്മീഷണർമാരുമാണ് ഈ നിയമത്തെ നിർജീവമാക്കാൻ ശ്രമിക്കുന്നത്.


തീർത്തും നിയമാനുസൃതമായി സത്യസന്ധവും നിക്ഷ്പക്ഷവുമായ നിലപാടുകൾ കൈക്കൊള്ളാനും അതിനനുസൃതമായ ഉത്തരവുകളും നിർദ്ദേശങ്ങളും നൽകാനും സംസ്ഥാന വിവരാവകാശ കമ്മീഷനുകൾക്ക് കഴിയണം. എങ്കിൽമാത്രമേ ഉദ്യോഗസ്ഥതല അഴിമതിക്ക് ഒരു പരിധിവരെ കടിഞ്ഞാണിടാൻ കഴിയുകയുള്ളു.

- പ്രകാശ് നായര്‍ മേലില

Advertisment