Advertisment

മാസമുറനാളുകളിൽ വീടുവിട്ടു വനത്തിൽ കഴിയാൻ നിർബന്ധിതരാകുന്ന സ്ത്രീകൾ ! ഇന്നും നൂറ്റാണ്ടുകൾക്കു പിന്നിൽ കഴിയുന്ന ഇന്ത്യയിലെ ഉൾഗ്രാമങ്ങളെക്കുറിച്ചറിയാം

New Update

publive-image

Advertisment

ഇന്നും നൂറ്റാണ്ടുകൾക്കു പിന്നിൽ കഴിയുന്ന ഇന്ത്യയിലെ ഉൾഗ്രാമങ്ങൾ...മാസമുറയാകുന്ന സ്ത്രീകൾ ആ നാലുദിവസം വീടുവിട്ടു വനത്തിൽ കഴിയാൻ നിർബന്ധിതരാകുന്നു..കാലങ്ങളായി ഗ്രാമം പിന്തുടർന്നുവരുന്ന അലിഖിത നിയമമാണിത്. ഗോത്രഗ്രാമദേവതയുടെ ആഭൂഷണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗ്രാമം ഒരു കാരണവശാലും അശുദ്ധമാകരുത് എന്ന വിശ്വാസം ഇന്നും ഗ്രാമീണരെ ഒന്നാ കെ അടക്കി ഭരിക്കുകയാണ്.

ആ വിശ്വാസത്തിൽ നിന്ന് അണുകിട മാറാൻ അവർ തയ്യാറുമല്ല. ഗ്രാമം അശുദ്ധമായാൽ അനർഥങ്ങൾ ഉറപ്പാണത്രെ. ഒരിക്കൽ ആഘോഷവേളയിൽ മദ്ദളത്തിന്റെ തുകൽ പൊട്ടിയത് ഒരു സ്ത്രീ താൻ മാസമുറയായത് മറച്ചുവച്ചു ഗ്രാമത്തിൽ തുടർന്നതുമൂലമാണെന്ന് പഴമക്കാർ പറയുന്നു. അതിനാൽ മാസമുറനാളുകളിൽ സ്ത്രീകൾ ഗ്രമത്തിൽ വസിക്കാൻ പാടില്ല എന്നത് തിരുത്താൻ പാടില്ലാത്ത കല്പനയായി മാറപ്പെട്ടിരിക്കുന്നു.

തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും വനാന്തരഭാഗത്തു സ്ഥിതിചെയ്യുന്ന 5 ഗ്രാമങ്ങളിലാണ് ഈ അനാചാരം ഇന്നും നിലനിൽക്കുന്നത്. ഈ ഗ്രാമങ്ങളിലെ ജനസംഖ്യ ഏകദേശം 2500 എന്ന് കണക്കാക്കപ്പെടുന്നു.

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള കുപ്പം വനമണ്ഡൽ പ്രദേശത്തെ ഉരിനാരായണപ്പള്ളി (Urinayanapalli), ഊരുനായനി കൊത്തൊരു (Oorunayani Kothuru), പാളയൻ ( Palayam) സലർലപ്പള്ളി( Salarlapalli ), തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുൾപ്പെടുന്ന ഏകലനാതം (Ekalanatham) എന്നിവയാണ് ഈ ഗ്രാമങ്ങൾ. ആദിവാസ ഗോത്ര വിഭാഗമായ വാല്മീകി സമുദായത്തിൽപ്പെടുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.ആടുമാടുകളെ വളർത്തുന്നതും അവരെ മേയ്ക്കുന്നതുമാണ് ഗ്രാമീണരുടെ മുഖ്യതൊഴിൽ.

publive-image

സ്ത്രീകൾക്ക് മാസമുറയായാൽ ഗ്രാമം വിട്ട് അവർ നാലുദിവസം വനത്തിൽ പോയി വസിക്കണം. ഈ ദിവസങ്ങളിൽ ഇവർക്ക് ഗ്രാമത്തിൽ നിന്ന് ആഹാരമോ വെള്ളമോ നൽകുകയില്ല. ഗ്രമത്തിൽ ഇവർ ഒരു കാരണവശാലും പ്രവേശിക്കാൻ പാടുള്ളതല്ല. അരുവിയിൽ നിന്നോ കുളങ്ങളിൽനിന്നോ വെള്ളം കൊണ്ടു പോയി വേണം കാട്ടിൽ പാചകം ചെയ്യാൻ. കാട്ടുകല്ലുകളിൽ അരച്ചാണ് ഇവർ കറികൾക്കുള്ള കൂട്ടുകൾ തയ്യാറാക്കുന്നത്.

വനത്തിൽ വന്യമൃഗങ്ങൾ ,ഇഴജന്തുക്കൾ, മഴ,വെയിൽ ഇവയൊക്കെയാണ് ഈ സ്ത്രീകൾക്ക് ഭീഷണിയാകുന്നത്. ഇവരുടെ രാത്രി സുരക്ഷ ദൈവത്തിന്റെ കൈകളിലാണെന്നാണ് ഇവർതന്നെ പറയുന്നത്. വെയിലിനു തണലായി മറച്ചുവടുകളും മഴവരുമ്പോൾ പാറക്കെട്ടുകളുടെ അടിവശവുമാണ് സ്ത്രീകളുടെ അഭയകേന്ദ്രങ്ങൾ. വീടുകളിൽനിന്നുകൊണ്ടുവരുന്ന പായകളും,പ്ലാസ്റ്റിക് ഷീറ്റുകളും മൺപാത്രങ്ങളുമാണ് ആകെ സ്വത്ത്. കുട്ടികളുള്ള സ്ത്രീകൾ ആ കൈക്കുഞ്ഞുങ്ങളുമായാണ് വനത്തിലേക്ക് 4 ദിവസത്തേക്ക് പോകേണ്ടത് എന്ന വസ്തുത വളരെ വേദാനാജനകമാണ്.

എന്നും വനത്തിൽ സ്ത്രീകളുണ്ടാകും എന്നതാണ് പ്രത്യേകത. ഒറ്റയ്ക്ക് ആർക്കും കഴിയേണ്ടിവരുന്നില്ല. അഥവാ ഒറ്റയ്ക്ക് കഴിയേണ്ട അവസ്ഥ വന്നാൽ ഗ്രാമദേവതയെ സ്തുതിച്ചു കഴിഞ്ഞുകൂടണം. വനത്തിൽ രാത്രിസമയത്ത് പലവിധത്തിലുള്ള ഭീതിമൂലം പലർക്കും ഉറങ്ങാൻ കഴിയാറില്ല. ഗ്രാമത്തിൽ നിന്നും വിട്ടകന്ന് വനത്തിൽ കഴിയുന്ന ദിനങ്ങളിൽ ഈ സ്ത്രീകളെ ആരും സന്ദർശിക്കാറില്ല. 4 ദിവസം കഴിഞ്ഞാൽ ഗ്രാമപൂജാരിയുടെ നിർദ്ദേശപ്രകാരം കുളിച്ചു ശുദ്ധിവരുത്തിമാത്രമേ ഈ സ്ത്രീകൾക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നൽകുകയുള്ളൂ.

publive-image

പുതുതായി ഋതുമതികളാകുന്ന പെൺകുട്ടികൾ ഇതുപോലെ 10 ദിവസമാണ് വീടുവിട്ട് വനത്തിൽ കഴിയേണ്ടത്. അതിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാറില്ല. 11 മത്തെ ദിവസം കുളികഴിഞ്ഞശേഷം പ്രത്യേക പൂജകൾ നടത്തിയാണ് പൂജാരി ഇവരെ വീടുകളിലേക്ക് പ്രവേശിപ്പിക്കുക. ഈ ഗ്രാമത്തിൽ വിരുന്നുകാരായിവരുന്ന മറ്റു ഗ്രാമീണരായ സ്ത്രീകൾക്കും ഈ നിയമം ബാധകമാണ്.

തമിഴ്നാട്ടിലെയും ആന്ധ്രയിലെയും മറ്റു പ്രദേശങ്ങളിൽനിന്നും ഇവിടെ വിവാഹിതരായിവന്ന സ്ത്രീകളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. അവർക്കീ രീതികളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്. മറ്റൊരു മാർഗവും അവർക്കുമുന്നിലില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ട് മനസ്സില്ലാ മനസ്സോടെ അവർ വനത്തിലേക്ക് പോകാൻ നിർബന്ധിക്കപ്പെടുന്നു.

ഈ ഗ്രാമങ്ങളിലെ സ്ത്രീകളാരും പൂർണ്ണമനസ്സോടെയോ സമ്മതത്തോടെയോ അല്ല മാസമുറ ദിവസങ്ങളിൽ ഗ്രാമം വിട്ടുപോകുന്നത്. ഇതാണ് തങ്ങളുടെ ദുർവിധി, മോചനത്തിനോ തങ്ങളുടെ ആവലാതികൾ കേൾക്കാനോ ആരുമില്ലെന്ന അവസ്ഥ അവർ അധികാരികളോടും പങ്കുവയ്ക്കാറുണ്ട്.

തീർത്തും നിന്ദനീയമായ ഈ അനാചാരത്തെപ്പറ്റി കേട്ടറിഞ്ഞ ബിബിസി മാദ്ധ്യമസംഘം ഈ ഗ്രാമങ്ങൾ സന്ദർശിക്കുകയും വനത്തിൽക്കഴിയാൻ വിധിക്കപ്പെട്ട സ്ത്രീകളെ നേരിട്ടുകൊണ്ട് അവരുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും ഇതേപ്പറ്റി ജനപ്രതിനിധികളും അധികാരികളുമായി ചർച്ച നടത്തുകയും ചെയ്തു.

'കുപ്പം പ്രജാ വേദിക' എന്ന സാമൂഹിക സംഘടന നടത്തിയ ചില ശ്രമങ്ങൾ ഏതാണ്ട് 10 % വരെ ഫലം കണ്ടു എന്ന് പറയാം. സമൂഹത്തിൽ ആഴത്തിൽ വേരോടിയുറച്ചുകഴിഞ്ഞ അന്ധവിശ്വാസത്തെ വേരോടെ പിഴുതെറിയാൻ വർഷങ്ങൾ തന്നെ വേണ്ടിവരും. ഗോത്രത്തിലെ മൂപ്പന്മാരും പഴയതലമുറയുമാണ് മാറ്റങ്ങൾക്കു വിഘാതമായി നിലകൊള്ളുന്നതെന്ന് സംഘടനയുടെ പ്രവർത്തകൻ മുനിരാജ് ബാബു പറയുന്നു.

പ്രവാസികളായ വ്യക്തികളുടെ സഹായത്തോടെ വനത്തിൽ കഴിയാൻ വിധിക്കപ്പെട്ട സ്ത്രീകൾക്കായി ഗ്രാമത്തിനുവേളിയിൽ ചില ഷെൽട്ടർ ഹോമുകൾ നിർമ്മിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞതും രാത്രികാലങ്ങളിൽ സുരക്ഷിതരായി ഈ വീടുകളിൽ കഴിയാൻ സ്ത്രീകൾക്ക് ഗ്രമീണരുടെ അനുവാദം വാങ്ങിയതും വലിയൊരു വിജയമാണ്. എല്ലാ ഗ്രാമങ്ങളിലും ഷെൽട്ടർ ഹോമുകൾ ആയിട്ടില്ല.

ആര്‍ഡിഒ, തഹസീൽദാർ ഉൾപ്പെടെയുള്ള അധികാരികളും ദ്രാവിഡ യൂണിവേഴ്സിറ്റിയിലെ പി.ജി വിദ്യാർത്ഥികളും ജനപ്രതിനിധികളും ഉൾപ്പെടുന്ന സംഘം എൻജിഒ കുപ്പം പ്രജാ വേദികയുമായി ചേർന്ന്‌ ഗ്രാമീണരിൽ ബോധവൽക്കരണവും ക്ഷേമപ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ഒറ്റയടിക്ക് മാറ്റം ഉണ്ടാക്കാൻ കഴിയില്ല. വളരെ ചെറിയ അളവിലെങ്കിലും പരിവർത്തനത്തിനു നാന്ദി കുറിക്കാൻ കഴിഞ്ഞാൽ അത് വലിയ വിജയ മാകും. ആളുകൾ പൂർണ്ണമായി മാറ്റം ഉൾക്കൊള്ളാൻ തയ്യാറാകത്തിടത്തോളം ഈ അനാചാരം അവസാനി പ്പിക്കുക എളുപ്പമല്ലെന്നാണ് കുപ്പം ആര്‍ഡിഒ ശിവയ്യ അഭിപ്രായപ്പെടുന്നത്.

ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും സേവനത്തോട് അനുകൂല സമീപനം പലരും പുലർത്തുന്നുണ്ട്. കാലിൽ ചെരുപ്പ് ധരിക്കാൻ വിലക്കുണ്ടായിരുന്ന സ്ഥാനത്ത് യുവാക്കളിൽ പലരും ചെരുപ്പ് ധരിക്കാൻ തുടങ്ങി എന്നതും വലിയൊരു മാറ്റമാണ്.

" മാസമുറ സമയത്താണ് സ്ത്രീകൾക്ക് കൂടുതൽ പരിചരണവും പോഷകാഹാരങ്ങളും ഫലവർഗ്ഗങ്ങളും നൽകേണ്ടത്. ആ ദിവസങ്ങളിൽ അവർക്കു ശാരീരികമായ തളർച്ചയും ക്ഷീണവുമുണ്ടാകുക പതിവാണ്. അതുകൊണ്ടുതന്നെ അവർ വീടിനുള്ളിലാണ് ആ സമയങ്ങളിൽ കഴിയേണ്ടത്. വനത്തിലേക്ക് നിർബന്ധി ച്ചുതള്ളിവിടുകവഴി അവരുടെ ജീവിതം തന്നെ അപകടത്തിലാക്കുകയാണ്. തന്മൂലം രോഗം പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലുമാണ്."

ഇക്കാര്യങ്ങളിൽ വേണ്ട അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജനസഭകൾ ഓരോ ഗ്രാമത്തിലും സംഘടിപ്പിക്കാനുള്ള ശ്രമം എന്‍ജിഒയുടെയും ആര്‍ഡിഒയുടെയും നേതൃത്വത്തിൽ നടക്കുകയാണ്. മാറ്റം ഉണ്ടാകുമെന്നും നിര്ഭാഗ്യവതികളായ ഈ സ്ത്രീകൾക്ക് വൈകാതെ മോചനം ഉറപ്പാക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

publive-image

( ചിത്രങ്ങളിൽ :- വനാന്തരങ്ങളിൽ കഴിയുന്ന സ്ത്രീകളുമായി മദ്ധ്യമപ്രവർത്തർ ആശയവിനിമയം നടത്തുന്നതും, ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന ഷെൽട്ടർ ഹോമും,ഗ്രാമവും, വീടുകളും, സ്ത്രീകൾ വനത്തിൽ കൈക്കുഞ്ഞുമായി കഴിയുന്നതും പാചകം ചെയ്യുന്നതും കാണാം. അവസാനചിത്രം എന്‍ജിഒ അംഗം മുനിരാജ് ബാബു.)

Advertisment