Advertisment

കേരളത്തില്‍ ഭരണത്തുടര്‍ച്ചയിലേയ്ക്ക് എല്‍ഡിഎഫിനെ നയിച്ചതിന് പിന്നിലുള്ള ''വിജയ''തന്ത്രം. മോഹന്‍ലാല്‍ സിനിമയുടെ ക്ലൈമാക്സിനെ വെല്ലുന്ന തിരഞ്ഞടുപ്പ് വിജയം ! പിണറായി വിജയന്‍ ഇരട്ടചങ്കന്‍ തന്നെയെന്ന് അംഗീകരിച്ച് വിമര്‍ശകരും !

New Update

publive-image

Advertisment

പിണറായി വിജയനെപ്പോലെ സമൂഹമാധ്യമങ്ങള്‍ വഴി ഇത്രയേറെ അപമാനിയ്ക്കപ്പെട്ട ഒരു മുഖ്യമന്തി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ട്രോളുകളുടെ പെരുമഴയില്‍ പിണറായിയും കുടുംബവും, പാര്‍ട്ടിയും പാര്‍ട്ടിനേതാക്കളും, കുടുംബവും നനഞ്ഞുകുളിച്ചു. മറ്റേതൊരു പാര്‍ട്ടിയും നേതാക്കളും ആയിരുന്നുവെങ്കില്‍ രാജിവച്ച് വാനപ്രസ്ഥത്തിനു പോകുമായിരുന്നു.

കാഴ്ചയില്‍ ഒരു പരുക്കന്‍. ചിരിയിലെ പിശുക്ക് ആ പരുക്കഭാവത്തിന് അടിവരയിടുന്നു. തല ഉയര്‍ത്തിനോക്കിയാല്‍ മുന്നില്‍നില്‍ക്കുന്നവര്‍ ആരായാലും തലകുനിച്ച്പോകുന്ന ആഞ്ജാശക്തി. ഉരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെയല്ല, തീ തുപ്പുന്ന എകെ 47 നുകള്‍ക്കിടയിലൂടെയും കൂസലില്ലാതെ നിര്‍ഭയനായി നടന്നുപോകും ഈ മനുഷ്യനെന്ന് എതിരാളികളെ കൊണ്ട് പറയിപ്പിച്ച 'വിജയതന്ത്രം.' കേരളത്തെ ചരിത്രത്തിലാദ്യമായി തുടര്‍ഭരണത്തിലേയ്ക്ക് നയിയ്ക്കുമെന്ന് അസഗ്നിദ്ധമായി പ്രഖ്യാപിച്ച ഉരുക്കിന്റെ ഉറപ്പ്. ഇതാണ് പിണറായി വിജയന്‍.

ഉറപ്പാണ് എല്‍ഡിഎഫ്

ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് മന്ത്രമായ ' ഉറപ്പാണ് എല്‍ഡിഎഫ് ' എന്നത് 2016 ലെ തിരഞ്ഞെടുപ്പ് സ്ലോഗണ്‍ ആയിരുന്ന 'എല്‍ഡിഎഫ് വരും എല്ലാം ശരായാകും' എന്നതിന്റെ തുടര്‍  വാചകമാണ്. 2016 ലെയും 2021 ലെയും തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ കൊണ്ടും  അനുഭാവികളെ കൊണ്ടും (എന്തിന്, രാഷ്ട്രിയ എതിരാളികളെക്കൊണ്ടും) ഈ തിരഞ്ഞെടുപ്പ് മന്ത്രങ്ങള്‍ സദാ ചൊല്ലി പഠിപ്പിയ്ക്കാന്‍ ഇടത് ബുദ്ധികേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞത് നിസ്സാരവല്‍കരിയ്ക്കാനാവില്ല.

പ്രൊഫഷനലുകളെത്തന്നെ നിയോഗിച്ച് കൊണ്ട് ലക്ഷ്യം തെറ്റാതെയുള്ള മാര്‍ക്കറ്റിംഗ് എതിരാളികളെ നിഷ്പ്രഭരാക്കി ഭരണത്തുടര്‍ച്ച സാധ്യമാക്കി. കിറ്റും പെന്‍ഷനും ഉള്‍പ്പെടെ സകലതും മാര്‍ക്കറ്റ് ചെയ്ത് സാധാരണക്കാരനൊപ്പമാണ് സര്‍ക്കാരെന്ന് ഊന്നിപ്പറയിപ്പിച്ചു.

മഹാമാരി കാലത്ത് സ്വാന്തനവുമായി ആരോഗ്യവകുപ്പ് ഒന്നടങ്കം അണിചേര്‍ന്നത് ജനത്തിന് ഏറ്റവും   വലിയ  ആശ്വാസമായിരുന്നു.മന്ത്രിസഭയുടെ കാലാവധി തീരുന്നതിനും മാസങ്ങള്‍ക്ക് മുന്‍പേ,  മുഖ്യമന്തി നേരിടേണ്ടിവന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി കൊടുത്തും പറഞ്ഞും പാര്‍ട്ടിവക്താക്കളും ഇടത് നിരീക്ഷകരും വശംകെട്ടു.

ഷംസീറും മുഹമ്മദ് റിയാസും റഹീമും ഉള്‍പ്പടെയുള്ളവര്‍ ചാനലുകളുമായി കലഹിച്ചു, പേടിപ്പിച്ചു,  ഒരു ചാനലിനെ ബഹിഷ്കരിച്ചു. വിവര്‍ണ്ണരായി ചാനലുകളില്‍ ഇരുന്ന് അങ്കംവെട്ടുന്ന ഇടതുപക്ഷ നേതാക്കളെയും, തികച്ചും  അക്ഷോഭ്യനായി ചാനലുകളില്‍ വരുന്ന ആനത്തലവട്ടത്തെയും നോക്കി യൂഡിഎഫ് നേതാക്കളും അണികളും തുള്ളിച്ചാടി, അടുത്തഭരണം യൂഡിഎഫ് ന് തന്നെ.

അപ്പോഴും, രാഷ്ട്രീയ എതിരാളികളെ  എല്ലാവരെയും അമ്പരപ്പിച്ചും അസ്വസ്ഥരാക്കിയും ' ഇവിടെയെന്നാ പ്രശ്നം' എന്ന് ശരീരഭാഷയില്‍  ചോദിച്ചുകൊണ്ടും 'ഇവിടെ വിശേഷിച്ച് ഒന്നും സംഭവിച്ചിട്ടില്ല' എന്ന് അണികളെ ബോദ്ധ്യപ്പടുത്തിയും മുഖ്യമന്തി പതിവ് പത്രസമ്മേളനം നടത്തുകയായിരുന്നു. പിണറായിയുടെ ഈ ലാഘവത്വം തിരഞ്ഞടുപ്പില്‍ ജയിയ്ക്കാന്‍ ഒരുക്കിയ തന്ത്രമായിരുന്നു എന്ന് യൂഡിഎഫ് കരുതിയതേയില്ല.

പിണറായി vs ചെന്നിത്തല (സര്‍ക്കാര്‍ vs പ്രതിപക്ഷം)

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും നല്ല പ്രതിപക്ഷനേതാവ് ഏത് സംസ്ഥാനത്തെയാണന്ന് ആരെങ്കിലും  ചോദിച്ചാല്‍ കേരളത്തിലെ രമേശ് ചെന്നിത്തല എന്ന ഒറ്റ ഉത്തരമേ ഉള്ളു. കോണ്‍ഗ്രസ്സ്കാര്‍ അംഗീകരിയ്ക്കാന്‍ മടിയുണ്ടങ്കിലും സത്യം സത്യമല്ലാതാകുന്നില്ല.

ഓഖി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ വരെ അഴിമതികളും സ്വര്‍ണ്ണക്കള്ളക്കടത്ത് വിവാദത്തില്‍ മുഖ്യമന്തിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനകളും പുറത്തെത്തിച്ച് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും നിര്‍വീര്യരും നിസ്സഹായരും ആക്കാനും സംശയത്തിന്റെ പ്രതിക്കൂട്ടിലാക്കാനും  രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞു.

അതുപോലെ രാജ്യം നേരിട്ട പ്രതിസന്ധികളില്‍ സര്‍ക്കാരിനൊപ്പം നിലയുറപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെന്നിത്തല വിവാദമാക്കിയ പല കരാറുകളും തീരുമാനങ്ങളും സര്‍ക്കാര്‍ പുനഃപരിശോധിച്ചതും പിന്നോട്ട് പോയതും പ്രതിപക്ഷനേതാവ് എന്ന നിലയില്‍ അദ്ദേഹം നടത്തിയ ധീരവും രക്തരഹിതവുമായ ചെറുത്തുനില്‍പിലൂടെയായിരുന്നു.

കോണ്‍ഗ്രസ്സിന്റെ പ്രതാപകാലത്ത് എന്‍.എസ്.യുവിന്റെ അഖിലേന്ത്യാ പ്രസിഡന്റ്,  കരുണാകരന്‍ മന്ത്രിസഭയില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി, ലോക്സഭ എംപി, യൂത്ത്കോണ്‍ഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച നേടിയ  ഖ്യാതി, കെപിസിസി അദ്ധ്യക്ഷനായും കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായും ഇപ്പോള്‍ പ്രതിപക്ഷനേതാവായും അദ്ദഹത്തെ തേടിയെത്തിയത് യാദൃശ്ചികമായല്ല.

വളരെ വേദനയോടെ ഗ്രൂപ്പിലില്ലാത്ത കോണ്‍ഗ്രസ്സ്കാര്‍ അഭിപ്രായപ്പെടുന്നു, കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന്  അദ്ദേഹത്തിന് വേണ്ടരീതിയിലുള്ള പിന്‍തുണ ലഭിച്ചിരുന്നു എങ്കില്‍, അദ്ദേഹം സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്നങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെ ഏറ്റെടുത്തിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ്‌ വിധി മറ്റൊന്നാകുമായിരുന്നു.

പാര്‍ട്ടിയും സംവിധാനങ്ങളും ആത്മാര്‍ത്ഥതയോടെ കൂടെനിന്നില്ല ! ഇന്ന് അദ്ദഹത്തെ മാറ്റരുതെന്നും മാറ്റണമെന്നും  ആവശ്യപ്പെടുന്നവരുള്‍പ്പടെ ഒരാള്‍പോലും പിണറായിയെ പേടിച്ച് അനങ്ങിയില്ല. (ഇതെഴുതുമ്പോള്‍ അദ്ദഹത്തെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് മാറ്റാന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്).

പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുകളില്‍ നേതാക്കളും, നേതാക്കളുടെ  വ്യക്തിതാത്പര്യങ്ങള്‍ക്ക് ചിന്തേരിടുന്ന അനുയായികളും അനുചരരും ചേര്‍ന്ന് ഗ്രൂപ്പുകള്‍  നട്ട് വളര്‍ത്തി, പാര്‍ട്ടിയില്‍ മേല്‍ക്കോയ്മയ്ക്കായി പരസ്പരം പടനയിച്ച്,പടവെട്ടി കോണ്‍ഗ്രസ്സിന്റെ സ്വത്വം തന്നെ നശിപ്പിച്ചു. എന്നിട്ട് പാര്‍ട്ടി പ്രസിഡന്റിനെ മാറ്റണം, പ്രതിപക്ഷനേതാവിനെ മാറ്റണം, യൂഡിഎഫ് കണ്‍വീനറെ മാറ്റണം എന്നൊക്കെ മുറവിളി കൂട്ടിയ്ക്കൊണ്ടിരിയ്ക്കുകയാണ്.

യൂഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയായി വരാനിടയുള്ള ചിലരെ നേരിടുന്ന തിരക്കിലായിരുന്നു ഘടകകക്ഷികളെ കൂട്ടുപിടിച്ച് ചില നേതാക്കള്‍. കേരളത്തില്‍ ചിലരുടെ  'ചിലരൊഴിച്ച് ' കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്ത് വരാനും വരുത്താനും ഇനി അഥവാ വന്നാലൊട്ട് വാഴിയ്ക്കാനും സമ്മതിയ്ക്കില്ല എന്നതാണ് ഈ പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രതിസന്ധിയും ശാപവും.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന ചെങ്കോട്ടപിണറായിയുടെ തുടര്‍ഭരണത്തെ അത്ഭുതത്തോടെയും അവിശ്വസനീയതയോടെയും കൊതിയോടെയും നോക്കിക്കാണുന്ന യൂഡിഎഫ് പ്രവര്‍ത്തകരും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഉണ്ടന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. രണ്ട് കാരണങ്ങളാണ് അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിയ്ക്കുന്നത്.

ഒന്ന്: പിണറായിയും ഇടതുപക്ഷ സര്‍ക്കാരും പൊതുസമൂഹത്തിനു മുന്നില്‍ നേരിട്ട അവമതിപ്പുകളെയും അപമാനങ്ങളെയും ആരോപണങ്ങളെയും അതിജീവിച്ചത്.ഒരുഘട്ടത്തില്‍ രാജ്യം മുഴുവനും മാദ്ധ്യമങ്ങളും ജനങ്ങളും രാഷ്ട്രീയ എതിരാളികളും  സര്‍ക്കാരിനെതിരായിട്ടുപോലും തികഞ്ഞ ആത്മവിശ്വാസത്തോടെ പതറാതെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

രണ്ട്: പാര്‍ട്ടിയുടെ ഉറച്ച പിന്‍തുണ. പിണറായിയ്ക്കെതിരെ ചെന്നിത്തല തൊടുത്തുവിട്ട ആരോപണശരങ്ങളെ, അതിവിദഗ്ദ്ധമായി 'സര്‍ക്കാരിനെതിരെയാണന്നും പാര്‍ട്ടിയ്ക്കെതിരെയാണന്നും' പറഞ്ഞ്  പിണറായി അണികളുടെ വീര്യം കൂട്ടിയതും പാര്‍ട്ടി ഒറ്റക്കെട്ടായി പിണറായിയുടെയും സര്‍ക്കാരിന്റെയും രക്ഷയ്ക്കെത്തിയതും കൊതിയോടെ നോക്കിനില്‍ക്കാനല്ലേ യൂഡിഎഫ് പ്രവര്‍ത്തര്‍ക്കും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും കഴിയൂ.

ഏത് പ്രതികൂലസാഹചര്യത്തിലും പാര്‍ട്ടി കൂടെയുണ്ടന്നുള്ള ഉറച്ചവിശ്വാസമാണ് രക്തസാക്ഷികളാകാന്‍ പോലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മടിയില്ലാത്തത്. പിണറായി വിജയന്‍  നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉറപ്പാണ്.

ഈ ഉറപ്പ് പാര്‍ട്ടിയിലും പാര്‍ട്ടിപ്രവര്‍ത്തകരിലും സന്നിവേശിപ്പിച്ച് ആയിരംമടങ്ങായി തിരിച്ച്മേടിച്ചാണ്  ഏതൊരു പ്രതിസന്ധിയിലും വര്‍ദ്ധിതവീര്യത്തോടെ എതിരാളികളെ നിഷ്പ്രഭരാക്കുന്നത്. ഇതുപോലെ ഒരു നേതാവിനെ കോണ്‍ഗ്രസ്സിനകത്ത്  കോണ്‍ഗ്രസ്സുകാര്‍ കരുണാകരന് ശേഷം കണ്ടിട്ടില്ല.

-സുഭാഷ് ടി.ആര്‍

voices
Advertisment