Advertisment

കാന്‍സര്‍ ചികിത്സക്കായി അരുണ്‍ ജെയ്റ്റിലി ന്യൂയോര്‍ക്കില്‍: ബജറ്റിന് മുന്‍പ് തിരിച്ചെത്തിയേക്കില്ല: മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്നതില്‍ അനിശ്ചിതത്വം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്നതില്‍ അനിശ്ചിതത്വം. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലായതാണ് ബജറ്റ് അവതരണത്തിന്റെ കാര്യത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

Advertisment

ചികിത്സ കഴിഞ്ഞ് ധനമന്ത്രി രണ്ടാഴ്ചക്കകം തിരിച്ചെത്താന്‍ ഇടയില്ലെന്നാണ് അറിയുന്നത്. തുടയില്‍ ലഘുകോശ അര്‍ബുദത്തിന് ചികിത്സ തേടിയാണ് ജെയ്റ്റ്‌ലി ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ളത്.

publive-image

കഴിഞ്ഞ വര്‍ഷം നടത്തിയ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ നിന്ന് ധനമന്ത്രി സുഖം പ്രാപിച്ചു വരുന്നേയുള്ളൂ. അതുകൊണ്ടുതന്നെ കാന്‍സറിന് ശസ്ത്രക്രിയ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല എന്നാണ് അറിയുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ജെയ്റ്റ്‌ലിയുടെ ശരീരം പുതിയ വൃക്ക സ്വീകരിച്ചു വരുന്നതേയുള്ളൂ.

അതിവേഗം ശരീരത്തില്‍ വ്യാപിക്കാന്‍ ഇടയുള്ള കാന്‍സര്‍ബാധ കണ്ടെത്തിയത് അതിനിടയിലാണ്. വൃക്കമാറ്റിവെച്ച ഉടനെതന്നെ കീമോതെറാപ്പി നടത്തുന്നത് പുതിയ വൃക്കക്ക് താങ്ങാന്‍ പറ്റിയെന്നു വരില്ല. ഇത്തരം സാഹചര്യങ്ങള്‍ പരിശോധിച്ചാണ് ശസ്ത്രക്രിയ ഉടനടി നടത്താനാവുമോ എന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുക.

ജെയ്റ്റ്‌ലിയുടെ അസാന്നിധ്യത്തില്‍ മോദി സര്‍ക്കാരിന്റെ ഈ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്ന ആശങ്കയുയരുന്നുണ്ട്. മറ്റൊരാള്‍ക്ക് ചുമതല നല്‍കി ബജറ്റ് അവതരിപ്പിക്കാന്‍ കഴിയും. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ജെയ്റ്റ്‌ലി വിധേയനായ ഘട്ടത്തില്‍ പിയൂഷ് ഗോയലിനായിരുന്നു ധനവകുപ്പിന്റെ ചുമതല. മോദി സര്‍ക്കാറിന്റെ അവസാന ബജറ്റുകൂടിയാണ് ഇത്.

കാര്‍ഷിക, വ്യാപാര മേഖലയില്‍നിന്നും യുവജനങ്ങളില്‍നിന്നും ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങളെ സമാധാനിപ്പിച്ച് കൂടെ നിര്‍ത്താനുള്ള അവസാന അവസരമാണിത്.

സര്‍ക്കാറിന് ദിശാബോധം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ജെയ്റ്റ്‌ലിയുടെ അസാന്നിധ്യം ഇതിനിടയില്‍ ഉന്നതതലത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കിലേക്ക് പോകുന്നു. രണ്ടാഴ്ച ലീവായിരിക്കും എന്ന് മാത്രമാണ് ഔദ്യോഗികമായി ധനമന്ത്രി അറിയിച്ചിട്ടുള്ളത്.

Advertisment