Advertisment

കരുത്തനായ അയ്യപ്പൻ നായരും, വാശിക്കാരനായ കോശി കുര്യനും, പിന്നെ പ്രേക്ഷകരായ നമ്മളും ; അയ്യപ്പനും, കോശിയും സിനിമാ നിരൂപണം..!

New Update

കരുത്തനായ അയ്യപ്പൻ_നായരും, വാശിക്കാരനായ കോശി കുര്യനും, പിന്നെ പ്രേക്ഷകരായ നമ്മളും

Advertisment

publive-image

റിട്ടയേർഡ്‌ ഹവിൽദാർ കോശി കുര്യൻ വാശിക്കാരനാണെങ്കിൽ, കേരള പോലീസിലെ സബ്ബ് ഇൻസ്പെക്ടർ അയ്യപ്പൻ നായർ കരുത്തനാണ്.

ഇരുവരും തമ്മിലുള്ള വാശിയുടേയും, പകയുടേയും, വീറുറ്റ പോരിന്റെയും കഥയാണ് രണ്ടേമുക്കാൽ മണിക്കൂറോളം ദൈർഘ്യമുള്ള "അയ്യപ്പനും കോശിയും" എന്ന സിനിമയിലൂടെ സച്ചി പറയുന്നത്.

publive-image

ആദ്യമേ പറയട്ടെ, തുടക്കം മുതൽ ഒടുക്കം വരെ അട്ടപ്പാടിയുടെ പ്രകൃതി സൗന്ദര്യം മതിയാവോളം നുകരാവുന്ന ഒരു സിനിമയാണിത്.

പൃഥിരാജിന്റെ കോശി കുര്യനും, ബിജു മേനോന്റെ അയ്യപ്പൻ നായരും പ്രേക്ഷക ഹൃദയങ്ങളിലേയ്ക്ക് ചേക്കേറാൻ മത്സരിക്കുന്ന ഒരു കാഴ്ച്ചയാണ് ഈ ചിത്രത്തിലുടനീളം നമുക്ക് കാണാൻ കഴിയുന്നത്.

publive-image

ഇരുവരുടേയും നടന വൈഭവം പരമാവധി ഊറ്റിയെടുത്ത് ഉപയോഗപ്പെടുത്തി എന്നുള്ളത് സംവിധായകന്റെ മിടുക്കായി നമ്മൾ കണ്ടേ മതിയാകൂ.

വേണ്ടത്ര പണവും, ആൾസ്വാധീനവും ഉണ്ടെങ്കിൽ നമ്മുടെ സമൂഹത്തിൽ എന്തുമാവാം എന്നൊരു മിഥ്യാധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് അധികകാലം കൊണ്ടു നടക്കേണ്ട കാര്യമില്ല എന്ന ഒരു സന്ദേശവും ഈ ചിത്രം നൽകുന്നുണ്ട്.

publive-image

നിർമ്മാതാവു കൂടിയായ രഞ്ജിത്ത് അവതരിപ്പിക്കുന്ന കുര്യൻ (കോശിയുടെ അപ്പൻ) എന്ന കഥാപാത്രം ഈ ഗണത്തിൽ പെട്ട ഒരാളാണ്.

അനീതിക്കെതിരെ പ്രതികരിച്ചു എന്നതിന്റെ പേരിൽ മാവോയിസ്റ്റായി മുദ്ര കുത്തപ്പെട്ട കണ്ണമ്മ എന്ന ആദിവാസി യുവതിയെ തന്റെ ജീവിത പങ്കാളിയാക്കി മാറ്റിയ വ്യക്തിത്വമാണ് അയ്യപ്പൻ നായർ.

publive-image

തീ പാറുന്ന കണ്ണുകളും, അതിനൊത്ത ഡയലോഗുകളുമായി കണ്ണമ്മയെ അവതരിപ്പിച്ച ഗൗരി നന്ദയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ...!!

ആനുകാലിക സംഭവങ്ങളുമായി കോർത്തിണക്കി പ്രേക്ഷകരിൽ ചിരി പടർത്തുന്ന ഒട്ടേറെ ഡയലോഗുകളും ചിത്രത്തിലുടനീളം സംവിധായകൻ വാരി വിതറുന്നുണ്ട്.

പ്രകൃതി സുന്ദരമായ അട്ടപ്പാടി കുന്നുകളുടെ സൗന്ദര്യം തെല്ലിടക്കു പോലും ചോർന്നു പോകാതെ ഛായാഗ്രാഹകനായ സുധീപ് ഇളമൺ ഒപ്പിയെടുത്തിട്ടുണ്ട്.

പ്രത്യേകിച്ച് ഹെലിക്യാം ഷോട്ടുകൾ...!!

നാടൻ പാട്ടുകളുടെ ഈരടികളുമായി ഇഴ ചേർന്നു കൊണ്ട് ജേക്സ് ബിജോയ് പകർന്ന പശ്ചാത്തല സംഗീതം അതീവ ഹൃദ്യമായി.

രണ്ടു വ്യക്തികൾ തമ്മിലുള്ള പകയും, വെല്ലുവിളിയും, പ്രതികാരവും ഇതിനു മുമ്പ് അഭ്രപാളികളിൽ നമ്മൾ ഒട്ടേറെ തവണ കണ്ടിട്ടുണ്ടെങ്കിലും, ത്രിൽ ലവലേശം പോലും ചോർന്നു പോകാതെ കഥ പറയുന്നതിൽ സംവിധായകനായ സച്ചി നൂറു ശതമാനവും വിജയിച്ചു എന്നു തന്നെ വേണം പറയാൻ.

ക്ലൈമാക്സിൽ കുറച്ചു നാടകീയത കൈവന്നിട്ടുണ്ടെങ്കിലും, ആകെത്തുക വെച്ചു നോക്കുമ്പോൾ അത് കാര്യമാക്കേണ്ടതില്ല എന്നേ പറയാനൊക്കൂ.

"കളകാത്ത സന്ദനമേറ...."

അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മയുടെ ശബ്ദത്തിൽ കേട്ട അതീവ ഹൃദ്യമായ ഈ നാടൻപാട്ട് സിനിമ കഴിഞ്ഞു പുറത്തിറങ്ങിയാലും കുറേ കാലത്തേയ്ക്ക് നമ്മുടെ ചുണ്ടുകളിൽ തത്തിക്കളിക്കും എന്നുറപ്പാണ്.

 

Advertisment