Advertisment

പോലീസ് മേധാവി പദവിയില്‍ നിന്നും ബി സന്ധ്യയെ വെട്ടിയത് സര്‍ക്കാര്‍ പറയുന്നത് അനുസരിക്കില്ലെന്ന ഭയത്താല്‍ ! ജിഷ വധക്കേസിലെ പ്രതിയെ പിടിച്ചതിലൂടെ സര്‍ക്കാരിന്റെ ഗുഡ് ബുക്കിലെത്തിയ സന്ധ്യയ്ക്ക് വിനയായത് നടിയെ ആക്രമിച്ച കേസ് ! നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിനു പിന്നാലെ സന്ധ്യയെ സര്‍ക്കാര്‍ കൈവിട്ടു. പോലീസ് മേധാവി പദവിയില്‍ നിന്നും ഒഴിവാക്കിയത് ഈ കേസിന്റെ പേരില്‍ തന്നെ ! അടുത്ത ജനുവരിയില്‍ അനില്‍ കാന്ത് പദവിയൊഴിഞ്ഞാലും വേണമെങ്കില്‍ സന്ധ്യയെ പോലീസ് മേധാവിയാക്കാം. ജനുവരിയില്‍ പോലീസ് മേധാവിയാകാന്‍ തച്ചങ്കരിയും രംഗത്ത്

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിലെ പോലീസ് മേധാവിയുടെ കസേരയില്‍ എത്തുന്ന ആദ്യ പട്ടിക വര്‍ഗ വിഭാഗത്തിലെ പ്രതിനിധിയായി അനില്‍കാന്ത് ഐപിഎസ്. ഇനി ഏഴുമാസം മാത്രമാണ് അനില്‍ കാന്തിന് സര്‍വീസ് ഉള്ളത്. 2022 ജനുവരിയില്‍ അനില്‍ കാന്ത് സ്ഥാനമൊഴിയും.

നേരത്തെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് എത്താന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്നത് ഡിജിപി ബി സന്ധ്യയായിരുന്നു. സ്ത്രീ സുരക്ഷയും കരുതലുമൊക്കെ ചര്‍ച്ചയായിരിക്കുന്ന കാലഘട്ടത്തില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് പദവി വനിതയ്ക്ക് നല്‍കിയാല്‍ അതു നല്‍കുന്ന സന്ദേശം വേറിട്ടു നില്‍ക്കുമായിരുന്നു.

എന്നാല്‍ അതിനു പകരമാണ് അനില്‍ കാന്തിനെ മന്ത്രിസഭാ യോഗം തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയാണ് അനില്‍കാന്തിന്റെ പേര് മുമ്പോട്ടുവച്ചത്. വിരമിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും മുഖ്യമന്ത്രിയുടെ മുന്‍ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെയും നിലപാടാണ് അനില്‍ കാന്തിന് തുണയായതെന്നാണ് സൂചന.

അതേസമയം സന്ധ്യയ്ക്ക് തിരിച്ചടിയായത് ചില കേസുകളില്‍ അവര്‍ സ്വീകരിച്ച നിലപാടുകളാണ്. പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതിയെ പിടിച്ചതിലൂടെ പിണറായി സര്‍ക്കാരിന്റെ ഗുഡ് ബുക്കില്‍ സന്ധ്യയും ഉണ്ടായിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തതു തന്നെയാണ് പോലീസ് മേധാവി പദത്തിലേക്കും സന്ധ്യയ്ക്ക് തിരിച്ചടിയായത്.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചതിനു ശേഷം സന്ധ്യക്ക് ക്രമസമാധാനത്തിന്റെ ചുമതല കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. അന്ന് ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ചില നേതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും സന്ധ്യ വഴങ്ങിയില്ല. ശരിക്കൊപ്പം നിലപാടെടുക്കുകയായിരുന്നു സന്ധ്യ എന്നും.

അതുകൊണ്ടുതന്നെയാകും സന്ധ്യയെ ഈ പദവിയിലേക്ക് പരിഗണിക്കാതിരുന്നത്. തങ്ങള്‍ പറയുന്നത് സന്ധ്യ കേള്‍ക്കുമോ എന്ന ഭയവും സര്‍ക്കാരിനുണ്ടായിരുന്നു. ഈ ഘടകങ്ങള്‍ ഒക്കെ തന്നെയാണ് സന്ധ്യയെ ഒഴിവാക്കിയതിനു പിന്നിലെന്നാണ് സൂചന.

അതേസമയം അനില്‍ കാന്ത് വിരമിക്കുന്ന അടുത്ത ജനുവരിയിലും സന്ധ്യയ്ക്ക് പോലീസ് മേധാവിയാകാനുള്ള സാധ്യതകള്‍ ഉണ്ട്. പക്ഷേ അന്നു ടോമിന്‍ തച്ചങ്കരിയെ വീണ്ടും പോലീസ് മേധാവി പദവിയിലെത്തിക്കാനുള്ള നീക്കം ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്.

trivandrum news
Advertisment