Advertisment

മമതയുടെ ചര്‍ച്ച ഫലം കണ്ടു: ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

New Update

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തുടര്‍ന്നുവന്ന ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്.

Advertisment

publive-image

സമരം ഒത്ത് തീര്‍പ്പായതോടെ ഏഴ് ദിവസമായി ബംഗാളില്‍ തുടരുന്ന ആരോഗ്യമേഖലയിലെ സ്തംഭനാവസ്ഥക്കാണ് പരിഹാരമായിരിക്കുന്നത്. ചര്‍ച്ചക്ക് ശേഷം ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാമെന്ന് മമത ഉറപ്പുനല്‍കി.

ആശുപത്രികളില്‍ പോലീസ് നോഡല്‍ ഓഫിസര്‍മാരെ നിയമിക്കണം, സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സെല്‍ വേണം, അത്യാഹിത വിഭാഗത്തില്‍ രോഗിക്കൊപ്പം രണ്ടില്‍ക്കൂടുതല്‍ ബന്ധുക്കളെ അനുവദിക്കരുത്, എന്നിവയായിരുന്നു ഡോക്ടര്‍മാര്‍ പ്രധാനമായും മുന്നോട്ട് വച്ച ആവശ്യങ്ങള്‍. ഇവ അംഗീകരിച്ച മമതാ ബാനര്‍ജി ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും മമത വ്യക്തമാക്കി.

കൂടാതെ അക്രമിക്കപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ ചികിത്സയില്‍ കഴിയുന്ന എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ 120പോലീസുകാരെ സുരക്ഷാ ഡ്യൂട്ടിക്ക് വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. സമരം പിന്‍വലിച്ച ശേഷം മര്‍ദനത്തിന് ഇരയായ ഡോക്ടറെ സന്ദര്‍ശിക്കുമെന്നും ചര്‍ച്ചയില്‍ മമത വ്യക്തമാക്കി.

Advertisment