Advertisment

കുവൈറ്റിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ബില്‍ ഉടനെ സമര്‍പ്പിക്കുമെന്ന് സ്പീക്കര്‍; ഓരോ രാജ്യക്കാര്‍ക്കുമായി 'ക്വാട്ട' നിശ്ചയിക്കുന്നത് അനുചിതം; പ്രവാസികളുടെ അവകാശം സംരക്ഷിക്കുമെന്നും സ്പീക്കര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് താനും നിരവധി എംപിമാരും ഉടനെ ബില്ല് സമര്‍പ്പിക്കുമെന്ന് നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം പറഞ്ഞു. ഒരു രാജ്യത്ത് 70 ശതമാനവും പ്രവാസികളാണെന്നത് അപൂര്‍വമായ കാര്യമാണെന്നും അതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

കുവൈറ്റില്‍ 13 ലക്ഷം നിരക്ഷരരുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ സ്ഥിതിവിവരക്കണക്കുകളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ജനസംഖ്യയിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നത് മാത്രമായി പരിമിതപ്പെടുത്തരുതെന്നും അവരുടെ സ്‌പെഷ്യലൈസേഷന്‍, അക്കാദമിക് യോഗ്യത തുടങ്ങിയ കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാജ്യക്കാര്‍ക്കുമായി 'ക്വാട്ട' നിശ്ചയിക്കുന്നത് അനുചിതമാണ്. ബില്‍ നടപ്പാക്കിയതിന് ശേഷമുള്ള ആറു മാസത്തില്‍ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാന്‍ ബില്ലിന്റെ നാലാം ആര്‍ട്ടിക്കിള്‍ പ്രകാരം മന്ത്രിസഭയ്ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പ്രവാസികളുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ ഗാനിം ചൂണ്ടിക്കാട്ടി.

ആവശ്യമില്ലാത്ത പ്രവാസികള്‍ രാജ്യം വിടണമെന്നും എന്നാല്‍ അവരോട് മോശമായി പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് അവരുടെ എല്ലാ അവകാശങ്ങളും ലഭിക്കണം. അവര്‍ അനുഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പ്രവാസികളുടെ ഫണ്ട് വഴി നല്‍കും.

പ്രവാസികളില്‍ നിന്ന് പിരിച്ചെടുക്കുന്ന പിഴയും ഫീസും ഉപയോഗിച്ച് പൊതുസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും മറ്റും ഈ ഫണ്ടിലേക്ക് ധനസഹായം കണ്ടെത്തണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ജനസംഖ്യാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിസാക്കച്ചവടമാണ് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയ്ക്ക് പ്രധാന കാരണം. വിസാക്കച്ചവടം അവസാനിപ്പിക്കുക ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മികച്ച പരിഹാരമെന്നും അല്‍ ഗാനിം ചൂണ്ടിക്കാട്ടി.

ചില മേഖലകളിലുള്ള പ്രവാസികളുടെ സേവനം രാജ്യത്തിന് അനിവാര്യമാണ്. ഒരു ഇന്‍ഷുറന്‍സ് സംവിധാനത്തിലൂടെ പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment