Advertisment

ജോലി നഷ്ടപ്പെട്ട് പാര്‍ക്കില്‍ കഴിയവേ അന്ത്യം; ബഹ്‌റൈനില്‍ മരിച്ച മലയാളിയുടെ സംസ്‌കാരം ഉറ്റവരെ ഓണ്‍ലൈനില്‍ കാണിച്ച് ബികെഎസ്എഫ്; ബഹ്‌റൈന്‍ മലയാളികള്‍ക്ക് നൊമ്പരമായി സാമുവിന്റെ മരണം

New Update

publive-image

Advertisment

മനാമ: ബഹ്‌റൈനില്‍ കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് പാര്‍ക്കില്‍ കഴിയവേ, മരണപ്പെട്ട മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സാമു ഗംഗാധരനാണ് മരിച്ചത്. ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈന്‍ ടീമിന്റെ നേതൃത്വത്തില്‍ അല്‍ബ ക്രിമേഷന്‍ സെന്ററില്‍ സാമുവിന്റെ ഭാര്യ രമണിയെയും മക്കളെയും ഓണ്‍ലൈനില്‍ കാണിച്ചുകൊണ്ട് മൃതദേഹം സംസ്‌കരിച്ചു.

ബികെഎസ്എഫ് ഭാരവാഹികളായ ബഷീര്‍ അമ്പലായി, സുബൈര്‍ കണ്ണൂര്‍, നെജീബ് കടലായി, നാട്ടുകാരനായ വസീം എന്നിവര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് മാസമായി പാര്‍ക്കിലാണ് സാമു കഴിഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മരണപ്പെട്ടത്. ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈനാണ് മരണം എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.

തുടര്‍ന്ന് എംബസിയുടെ സഹായത്താല്‍ ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈന്‍ സാമുവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. സാമുവിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതിയും എംബസി ഉദ്യോഗസഥരും ഐസിആര്‍എഫ് ചെയര്‍മാനും വാഗ്ദാനം ചെയ്തതായി ബികെഎസ്എഫ് കമ്മ്യൂണിറ്റി ഹെല്‍പ്‌ലൈന്‍ അറിയിച്ചു.

മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് സാമു ബഹ്‌റൈനില്‍ എത്തിയത്. റെസ്റ്റോറന്റ് ജീവനക്കാരനായ സാമുവിന് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സാമു പാര്‍ക്കില്‍ അഭയം തേടിയത്. സാമുവിന്റെ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ബികെഎസ്എഫ് പൂര്‍ത്തിയാക്കി.

കഴിഞ്ഞ ദിവസം സാമുവിന്റെ കൂടെ പാർക്കിൽ ഇതേ അവസ്ഥയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ കൃഷ്ണൻ വീരപ്പനെ ബികെഎസ്എഫ് കൂട്ടായ്മ എല്ലാ വിധ സംരക്ഷണവും നൽകി കമ്പനിയുമായി ബന്ധപ്പെട്ട് സ്പോൺസർ മുഖേനെ വേണ്ട ആനുകൂല്യങ്ങൾനേടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചിരുന്നു.

റിപ്പോര്‍ട്ട്: ബഷീർ അമ്പലായി

 

Advertisment