രോഗം തളർത്തിയ മകനെ ദയാവധത്തിനായി പിതാവ് കോടതിയെ സമീപിച്ചു;കോടതി നിർദേശിച്ചത് ചികിത്സിക്കാൻ, ആ കുഞ്ഞിനിത് പുതുജീവൻ

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, November 26, 2018

ഒൻപത് വർഷമാണ് തന്റെ പൊന്നോമനയായ മകൻ അബോധാവസ്ഥയിൽ കിടന്നത്.ഒടുവിൽ മകന്റെ കിടപ്പും ദുരിതവും സഹിക്കവയ്യാതെ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആ പിതാവ് കോടതിയെ സമീപിച്ചു. ദിവസത്തിൽ നിരവധി തവണ അപസ്മാരം ഉണ്ടാകുന്ന രോഗമായിരുന്നു മകന്.ആഹാരവും മരുന്നും കൊടുക്കാതെയുള്ള പരോക്ഷമായ ദയാവധത്തിനായിരുന്നു പിതാവ് അപേക്ഷിച്ചത്. പക്ഷെ കോടതി വിശദമായി കാര്യങ്ങൾ പഠിച്ചു . ചികിൽസിച്ചാൽ ഭേദമാക്കാവുന്ന അസുഖമാണെന്ന് കണ്ടെത്തി. അതിനുള്ള ഏർപ്പാടുകൾ ചെയ്തു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. ചെന്നൈയിലാണ് കോടതിയുടെ അവസരോചിതമായ ഇടപെടലിൽ ഒരു കുട്ടിക്ക് പുതുജീവൻ സാധ്യമായത്.

ദയാവധത്തിനായി അച്ഛന്റെ ഹര്‍ജി പരിഗണിച്ച കോടതി കുട്ടിയെ പരിശോധിക്കാന്‍ മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. ഇവര്‍ നടത്തിയ പരിശോധനയാണ് കുട്ടിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വഴിത്തിരിവായത്. സുസ്ഥിരമായ അബോധാവസ്ഥയല്ല കുട്ടിയുടേതെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. അതിനിടെ, കുഞ്ഞിനു ട്രിഗര്‍ പോയിന്റ് തെറാപ്പി എന്ന ചികിത്സ നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിരുദ്ധ മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുമതിയോടെ പുതിയ ചികിത്സ ആരംഭിക്കുകയും ചെയ്തു. ആഴ്ചകള്‍ക്കുള്ളില്‍ കുട്ടിയില്‍ നല്ല മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതിന്റെ വിഡിയോ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. കുട്ടി പരസഹായമില്ലാതെ എഴുന്നേറ്റിരിക്കുന്നതിന്റെയും വെളിച്ചത്തോടും നിര്‍ദേശങ്ങളോടും പ്രതികരിക്കുന്നതിന്റെയും ദൃശ്യങ്ങളാണിതില്‍.

ജസ്റ്റിസ് എന്‍.കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദോസ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. മസ്തിഷ്‌ക രോഗികള്‍ക്കു പ്രയോജനപ്പെടുന്ന ട്രിഗര്‍ പോയിന്റ് തെറാപ്പി ചികിത്സാ രീതി ജനകീയമാക്കാന്‍ നടപടി സ്വീകരിക്കണമെന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. തെറാപ്പി കോഴ്‌സ് ഇന്ത്യയില്‍ ലഭ്യമല്ലെങ്കില്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണം. ഇതില്‍ പരിശീലനം നല്‍കാന്‍ വിദേശ വിദഗ്ധരുടെ സഹായം തേടാമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ഇത്തരം ചികിത്സാ രീതികള്‍ പ്രചാരത്തിലാക്കുന്നതു സമാന മസ്തിഷ്‌ക രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബങ്ങള്‍ക്കു പ്രതീക്ഷ നല്‍കും. നിര്‍ദേശം സംബന്ധിച്ചു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും, മെഡിക്കല്‍ കൗണ്‍സിലും മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. കേസ് 29നു വീണ്ടും പരിഗണിക്കും.

×