Advertisment

ആ മുലയില്‍ പാലില്ല; വിവാഹിത അല്ലാത്ത ഒരു സ്ത്രീ തന്റേതല്ലാത്ത മറ്റൊരു കുഞ്ഞിനെ മുല ഊട്ടുന്നത് ഏതുരീതിയില്‍ മാതൃത്വം എഴുതപ്പെടും?; നടി ജിലുവിന്റെ മുലയൂട്ടല്‍ ചിത്രത്തിന് വിമര്‍ശനം

author-image
ഫിലിം ഡസ്ക്
Updated On
New Update

ലോക വനിതാ ദിനത്തിന്റെ ഭാഗമായി ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്ന കാമ്പെയ്‌നെതിരെ സമ്മിശ്ര പ്രതികരണം. മുഖ്യധാരാ മാധ്യമമായ മാതൃഭൂമിയും ഗൃഹലക്ഷ്മിയും ഇത്തരത്തില്‍ ഒരു കാമ്പെയ്ന്‍ ഏറ്റെടുത്തതിനെ പ്രശംസിച്ച് അമ്മമാരും പുരുഷന്‍മാരും അടക്കമുളളവര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കാമ്പെയ്ന്‍ മാധ്യമത്തിന്റെ വെറും കച്ചവട തന്ത്രം മാത്രമാണെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. മോഡലും നടിയുമായ ജിലു ജോസഫ് ആണ് മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിവാഹിത അല്ലാത്ത ഒരു സ്ത്രീ തന്റേതല്ലാത്ത മറ്റൊരു കുഞ്ഞിനെ മുല ഊട്ടുന്ന ചിത്രത്തില്‍ ഏത് രീതിയിലാണ് മാതൃത്വവും പുരോഗമനവും ഉള്ളതെന്നെന്ന് കാമ്പെയ്‌നെതിരെ പോസ്റ്റിട്ട ലക്ഷ്മി ശങ്കര്‍ എന്ന വിദ്യാര്‍ത്ഥി ചോദിക്കുന്നു.

Advertisment

publive-image

കുറിപ്പ് ഇങ്ങനെ:

ഗൃഹാലക്ഷ്മയുടെ പുതിയ ലക്കം കവര്‍ ചിത്രത്തില്‍ ‘അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം’ ഏറെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്.എന്നാല്‍ വിവാഹിത അല്ലാത്ത ഒരു സ്ത്രീ തന്റേതല്ലാത്ത മറ്റൊരു കുഞ്ഞിനെ മുല ഊട്ടുന്ന ചിത്രത്തില്‍ ഏതു രീതിയില്‍ ആണ് മാതൃത്വവും പുരോഗമനവാദവും എഴുതപ്പെടുന്നത്?

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തന്റെ ഭാര്യ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ ഇട്ടതും അതു ചര്‍ച്ചയാക്കപ്പെട്ടതും ചിലരെങ്കിലും ശ്രദ്ധിച്ചു കാണും.എന്ത് കൊണ്ട് അവര്‍ മാസികയുടെ മുഖചിത്രമായില്ല? ഫെയ്‌സ്ബുക്ക് പോലൊരു സോഷ്യല്‍മീഡിയ സൈറ്റില്‍ താന്‍ മുലയൂട്ടുന്ന ചിത്രം അഭിമാത്തോടെ ഇട്ട അമ്മമാര്‍ ഇനിയുമുണ്ട്.

മുലയൂട്ടുന്ന അമ്മയില്‍ കാണുന്ന മാതൃത്തമല്ല ഒരു മോഡലിന്റെ ചേഷ്ടികളാണ് അവര്‍ക്ക്. ഇത്തരമൊരു കാമ്പയിനിന്റെ പേരില്‍ മാതൃത്വം വിറ്റു കാശാക്കുന്നു എന്ന് തന്നെ തിരിച്ചറിയണം. കയ്യും തോളും മുഴുവനായി കാണിച്ചു കണ്ണില്‍ കാമം നിറച്ചു മുലയൂട്ടുന്ന ഒരമ്മയും ഉണ്ടാവില്ല.

ഒരു കുഞ്ഞിന്റെ ഏറ്റവും വലിയ അവകാശമാണ് അമ്മയുടെ മുലപ്പാല്‍. ആ കുഞ്ഞിന്റെ നീതിയെ ആണ് ഈ ചിത്രം ചോദ്യം ചെയ്യുന്നത്. കാരണം ആ മുലകള്‍ പാല് ചുരത്തുന്നില്ല.

യാത്രകളില്‍, പൊതുഇടങ്ങളില്‍ തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരുപാട് അമ്മമാരെ എനിക്കറിയാം.അതേ സ്ഥാനത്തു സ്വന്തം ഭര്‍ത്താവിന്റെയോ ബന്ധു കളുടെയോ മുമ്പില്‍ പോലും മുല കൊടുക്കാന്‍ മടിക്കുന്ന പുറത്തുപോകുമ്പോളെല്ലാം കുഞ്ഞിന് കുപ്പിപാല് മാത്രം കൊടുക്കുന്ന അമ്മമാരെയും എനിക്കറിയാം. എന്നാല്‍ പാല് ചുരത്തുന്ന മുലകളെ കാമത്തോടെ നോക്കുന്നവര്‍ വിരളമായിരിക്കും. അവര്‍ക്കെതിരെ കാല്‍വെപ്പ് സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ ഇത്തരം കച്ചവട തന്ത്രങ്ങളെ അംഗീകരിക്കാന്‍ ആവില്ല.

നല്ലതായ ചിന്തകളെ ആശയങ്ങളെ നമുക്ക് പ്രോത്സാഹിപ്പിക്കാം. വിനായകനെ വെളുപ്പിക്കുന്ന അഴകും ആകാരവടിവും ഒത്ത മോഡലിനെ ഉപയോഗിച്ചു കൊണ്ട് കറുപ്പിനെ അംഗീകരിക്കാന്‍ പറയുന്ന കാഴ്ചപ്പാടുകളെ നമുക്ക് വേണ്ട! കുറച്ചു കാലം മുന്‍പ് സിനിമ താരം കസ്തൂരി തന്റെ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രങ്ങള്‍ നമ്മള്‍ കണ്ടതാണ്. നിരവയറുമായി അരഞ്ഞാണം ധരിച്ചു കൊണ്ടുള്ള സെറീന വില്ല്യംസിന്റെ ചിത്രവും മറക്കാറായിട്ടില്ലല്ലോ..വീണയും അമൃതയുമെല്ലാം മുന്നോട്ട് വെച്ച ആശയവുമായി നമുക്ക് മുന്നോട്ടു പോകാം.

മുലകളെ അല്ല മാതൃത്വത്തെ തുറിച്ചു നോക്കരുത്.കാരണം ഞാന്‍ എന്റെ കുഞ്ഞിന്റെ അവകാശത്തെ ആണ് നേടികൊടുക്കുന്നത്.

Advertisment