Advertisment

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സംഭരണ സംവിധാനം ജെം ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ചരക്കുകളും സേവനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംഭരണ സംവിധാനമായ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജെം) ഫെഡറല്‍ ബാങ്കുമായി ധാരണാ പത്രം ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പര്‍ചേസുകള്‍ക്ക് ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫറും അനുബന്ധ ഓണ്‍ലൈന്‍ സേവനങ്ങളും ഫെഡറല്‍ ബാങ്കിന് നല്‍കാന്‍ കഴിയും.

Advertisment

publive-image

ജെം പൂള്‍ അക്കൗണ്ട് മുഖേനയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ അടക്കം പെര്‍ഫോമന്‍സ് ബാങ്ക് ഗ്യാരണ്ടി, ഏണസ്റ്റ് മണി ഡെപോസിറ്റ് എന്നിവയുടെ അറിയിപ്പ് മുതലായ വിവിധ സേവനങ്ങളാണ് ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിനു ഇതുവഴി നല്‍കാന്‍ കഴിയുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ക്യാഷ് രഹിതവും സുതാര്യവുമായ പേമെന്റ് സംവിധാനം ഈ പോര്‍ട്ടലില്‍ ഫെഡറല്‍ ബാങ്ക് ഒരുക്കും.

ഫെഡറല്‍ ബാങ്ക് ഗവണ്‍മെന്റ് ബിസിനസ് കണ്ട്രി ഹെഡ് ആര്‍. വരദരാജന്‍ ജെം അഡീഷണല്‍ സിഇഒ എസ്. സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണ പത്രം ഒപ്പുവച്ചത്. ജെം ഡയറക്ടര്‍ ദീപേശ് ഗലോട്ട്, ജെം സിഇഒ തലീന്‍ കുമാര്‍, ഫെഡറല്‍ ബാങ്ക് ന്യൂദല്‍ഹി സ്റ്റേറ്റ് ഗവണ്‍മെന്റ് ബിസിനസ് ഹെഡ് ഹേമന്ദ് കുമാര്‍ മഹിന്ദ്രു എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാ പത്രം കൈമാറിയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള നേരിട്ടുള്ള പര്‍ചേസ്, ലേലം തുടങ്ങിയ പ്രക്രിയകള്‍ സുതാര്യമായും കടലാസ് രഹിതമായും നടത്തുന്ന സംവിധാനമാണ് ജെം. ഇതിനായി ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങളും വിവിധ ബാങ്കിങ് സേവനങ്ങളും സംയോജിപ്പിക്കുന്നതിനാണ് ജെം മുന്‍ഗണന നല്‍കുന്നത്. 15 പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുമായി ഇതിനകം ജെം ധാരണയിലെത്തിയിട്ടുണ്ട്.

Advertisment