Advertisment

കേന്ദ്രമന്ത്രിസഭാ വികസനം നാളെ ; രാജീവ് ചന്ദ്രശേഖര്‍ മന്ത്രിസഭയിലേക്ക് ! ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയായ രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിസഭാ പ്രവേശനം കര്‍ണാടക പ്രതിനിധിയായി. പുനസംഘടനയില്‍ വി മുരളീധരന് സ്ഥാനചലനമുണ്ടായേക്കില്ലെന്നു സൂചന. വിദേശകാര്യ വകുപ്പ് മുരളീധരന് നഷ്ടമായേക്കും. മന്ത്രിസ്ഥാനമുറപ്പിച്ച് സര്‍ബാനന്ദ സോനോവാള്‍, ജ്യോതിരാദിത്യ സിന്ധ്യ, ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, സുശീല്‍ കുമാര്‍ മോദി എന്നിവര്‍. ജെഡിയുവും ഇക്കുറി മന്ത്രിസഭയില്‍ ചേരും ! ആര്‍സിപി സിങ് മന്ത്രിയാകും

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടന നാളെ ഉണ്ടായേക്കും. മന്ത്രിമാരാകന്‍ സാധ്യതയുള്ള ചില ബിജെപി നേതാക്കള്‍ ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും നിലവിലുള്ള കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ മന്ത്രിസഭയില്‍ സ്ഥാനം നിലനിര്‍ത്തുമോയെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.

കര്‍ണാടകയില്‍ നിന്നുള്ള എംപിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ അംഗമാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയാക്കുന്നത് കര്‍ണാടകയുടെ പ്രതിനിധിയായിട്ടാകും. പുതുച്ചേരിയിലെ ഭരണം പിടിക്കാന്‍ രാജീവ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നീക്കങ്ങളുടെ പ്രതിഫലം കൂടിയാകും രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിപദവി.

അതേസമയം കേരളത്തില്‍ നിന്നുള്ള സഹമന്ത്രി വി മുരളീധരന് വകുപ്പുമാറ്റമുണ്ടായേക്കുമെന്ന സൂചനകളുണ്ട്. മുരളീധരന് വിനോദസഞ്ചാരത്തിന്റെ സ്വതന്ത്ര ചുമതലയിലേക്കാവും മാറ്റമെന്നാണ് സൂചന. വിദേശകാര്യവും പാര്‍ലമെന്ററികാര്യവും മുരളീധരനില്‍ നിന്നും മാറ്റും.

നിലവില്‍ 53 അംഗങ്ങളാണ് മോദി സര്‍ക്കാരിലുള്ളത്. 81 മന്ത്രിമാര്‍ വരെയാകാമെന്നിരിക്കെ നാളെ 25 പേരെങ്കിലും മന്ത്രിമാരായേക്കും. മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാള്‍ എംപിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെഡിയു നേതാവ് ആര്‍.സി.പി.സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി എന്നിവര്‍ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പാക്കിയിട്ടുണ്ട്. ഈ നേതാക്കള്‍ ഇതിനോടകം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടനയാണ് നടക്കാനിരിക്കുന്നത്. 2024 -ലെ പൊതുതെരഞ്ഞെടുപ്പും അതിന് മുമ്പ് നടക്കേണ്ട യുപി നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടുകൊണ്ടുള്ള അഴിച്ചുപണിയെന്നാണ് മന്ത്രിസഭാ വികസനത്തെ ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ മോദി സര്‍ക്കാരില്‍ ചേരാതിരുന്ന നിതീഷ് കുമാറിന്റെ ജെഡിയു മന്ത്രിസഭയില്‍ അംഗമാകും. രാം വിലാസ് പാസ്വാന്റെ വിയോഗത്തില്‍ ഒഴിവ് വന്ന മന്ത്രിസ്ഥാനം എല്‍ജെപി വിമതനും ചിരാഗ് പാസ്വാന്റെ ഇളയച്ഛനുമായ പശുപതി പരസിന് ലഭിക്കും.

മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവും എംപിയുമായ നാരായണ്‍ റാണെയും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇദ്ദേഹവും മോദി മന്ത്രിസഭയില്‍ അംഗമായേക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ നേതാവാണ് നാരായണ്‍ റാണെ.

modi cabinet rajeev chandrasekhar
Advertisment