തിരുവനന്തപുരം: കെല്ട്രോണിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും 296 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ 256 പേരെയും അനുബന്ധ സ്ഥാപനങ്ങളായ കണ്ണൂരിലെ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സിലെ 39 പേരേയും കെല്‍ട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിലെ ഒരാളേയമാണു സ്ഥിരപ്പെടുത്തിയത്.
2019 ഓഗസ്റ്റ് 30 വരെ 10 വര്‍ഷമായി തൊഴിലെടുക്കുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായാണ് കെല്‍ട്രോണില്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. നിലവില്‍ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്.
ഈ കരാറുകാരില്‍ നിന്നാണ് 296 പേരെ സ്ഥിരപ്പെടുത്തിയത്. ഇതോടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 611 ആയി. ഒഴിഞ്ഞുകിടക്കുന്ന നൂറിലധികം തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടി നിയമിക്കുന്നതാടെ സ്ഥിരം ജീവനക്കാരുടെ എണ്ണം 700 കടക്കും.
ദീര്‍ഘകാലത്തെ പരിചയസന്പത്ത് കൊണ്ട് നേടിയെടുത്ത കരാര്‍ ജീവനക്കാരുടെ വൈദഗ്ധ്യം സ്ഥാപനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നു കണ്ടാണു തീരുമാനമെന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. പിഎസ്സിയുടെ സംവരണ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെട്ടാണു നിയമനം. 5.14 കോടിയാണു രൂപയാണ് ഇതുമൂലം കണക്കാക്കുന്ന പ്രതിവര്‍ഷ അധിക സാന്പത്തിക ബാധ്യത.