Advertisment

രണ്ടു മന്ത്രിസ്ഥാനമുറപ്പിച്ച് കേരളാ കോണ്‍ഗ്രസ് എം ! റോഷി അഗസ്റ്റിനും എന്‍ ജയരാജും മന്ത്രിമാരാകും. റോഷിക്ക് വേണ്ടി റവന്യൂ ചോദിച്ച് കേരളാ കോണ്‍ഗ്രസ് എം. റവന്യൂ സിപിഐ വിട്ടുകൊടുത്തേക്കില്ല. കൃഷി കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ സാധ്യത. ജലസേചനവും കേരളാ കോണ്‍ഗ്രസിന് നല്‍കുന്നത് പരിഗണനയില്‍. എന്‍ ജയരാജിന് കൃഷിയോ ജലസേചനമോ കിട്ടും. റവന്യൂ ഇല്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും റോഷിക്ക് ! ഏകാംഗ പാര്‍ട്ടികള്‍ക്ക് ഇക്കുറിയും നിരാശതന്നെ !

New Update

publive-image

Advertisment

കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രണ്ടു പ്രതിനിധികള്‍ മന്ത്രിയായേക്കും. ഇടുക്കിയില്‍ നിന്നും വിജയിച്ച റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളിയില്‍ നിന്നും വിജയിച്ച എന്‍ ജയരാജ് എന്നിവര്‍ക്കാകും മന്ത്രി സ്ഥാനം ലഭിക്കുക. കേരളാ കോണ്‍ഗ്രസ് റവന്യൂ വകുപ്പ് ചോദിച്ചിട്ടുണ്ടെങ്കിലും അതു സിപിഐ വിട്ടു നല്‍കാന്‍ ഇടയില്ലെന്നാണ് സൂചന.

കേരളാ കോണ്‍ഗ്രസ് രണ്ടു മന്ത്രി സ്ഥാനം ആയിരുന്നു നേരത്തെ സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു മന്ത്രി സ്ഥാനവും ഒപ്പം മറ്റൊരു ക്യാബിനറ്റ് പദവിയും നല്‍കാമെന്ന് സിപിഎം വാഗ്ദാനം ചെയ്തു. എന്നാല്‍ ക്യാബിനറ്റ് പദവിക്ക് പകരം മന്ത്രി സ്ഥാനം കിട്ടിയാല്‍ കൊള്ളാമെന്ന് കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇതോടെയാണ് രണ്ടു മന്ത്രിസ്ഥാനം നല്‍കാമെന്ന ധാരണയിലേക്ക് കാര്യങ്ങള്‍ എത്തിയത്. റോഷി അഗസ്റ്റിന് വേണ്ടി റവന്യൂ വകുപ്പ് ചോദിച്ചെങ്കിലും നിലവില്‍ സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പായതിനാല്‍ അതു ലഭിക്കാനിടയില്ല. ഇതോടെ സിപിഐ കൈകാര്യം ചെയ്യുന്ന മറ്റൊരു വകുപ്പായ കൃഷി നല്‍കാമെന്ന ധാരണയില്‍ എത്തുകയായിരുന്നു.

എന്നാല്‍ സിപിഐയുമായി ധാരണ ആയതിനുശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകു. കൃഷി, ജലസേചനം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നി വകുപ്പുകളാണ് കേരളാ കോണ്‍ഗ്രസിന് ലഭിക്കാനിടയുള്ളത്. അങ്ങനെ വന്നാല്‍ ഉന്നതവിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും റോഷിക്ക് നല്‍കും. കൃഷിയോ, ജലസേചനമോ എന്‍ ജയരാജിന് നല്‍കും.

ഏകാംഗ പാര്‍ട്ടികള്‍ക്ക് ഇക്കുറിയും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകാനുള്ള സാധ്യത കുറയുകയാണ്. അവര്‍ക്ക് പരിഗണന വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും അതു നല്‍കാനുള്ള സാധ്യത തീരെയില്ല.

kottayam news
Advertisment