മെസിയുടെ പേര് പോലും റൊണാള്‍ഡോയുടെ വീട്ടില്‍ ആരും പറയാറില്ല; കാരണം വെളിപ്പെടുത്തി റൊണാള്‍ഡോയുടെ സഹോദരി

സ്പോര്‍ട്സ് ഡസ്ക്
Tuesday, May 15, 2018

മറ്റ് സൂപ്പര്‍താരങ്ങളെ പിന്നിലാക്കി കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി ലോകത്തിലെ മികച്ച താരത്തിനുള്ള വ്യക്തിഗത നേട്ടങ്ങള്‍ മുഴുവന്‍ പങ്കിട്ടെടുത്തതവരാണ് റൊണാള്‍ഡോയും മെസിയും. കളിക്കളത്തില്‍ മാത്രമല്ല, ഇരുവരും തമ്മിലുള്ള പോര് കുടുംബത്തിനെ വരെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റൊണാള്‍ഡോയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. മെസിയുടെ പേര് പോലും റൊണാള്‍ഡോയുടെ വീട്ടില്‍ ആരും പറയാറില്ലെന്നാണ് റൊണാള്‍ഡോയുടെ സഹോദരി പറയുന്നത്. ഫ്രഞ്ച് മാധ്യമം എല്‍ എക്വിപ്പയോടാണ് സഹോദരി കാറ്റിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

വീട്ടില്‍ എത്തിയതിനു ശേഷമാണ് റൊണാള്‍ഡോ തന്റെ ഊര്‍ജ്ജം മുഴുവന്‍ വീണ്ടെടുക്കുന്നത്. അതു കൊണ്ടു തന്നെ താരത്തിനെ അലോസരപ്പെടുത്തുന്ന ഒരു കാര്യവും പറയാതിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്നു കാറ്റിയ പറഞ്ഞു. മെസിയെപ്പറ്റി വീട്ടില്‍ സംസാരിക്കാറേയില്ലെന്നും താരത്തിന്റെ സഹോദരി പറഞ്ഞു.

അതേ സമയം 37 വയസു വരെ റൊണാള്‍ഡോക്ക് കളത്തിലെ തന്റെ മികച്ച പ്രകടനം തുടരാനാകുമെന്നാണ് താരത്തിന്റെ അമ്മയുടെ അഭിപ്രായം. റൊണാള്‍ഡോ ഒരു മെഷീന്‍ ഒന്നുമല്ലെങ്കിലും കളിയിലുള്ള താരത്തിന്റെ ശ്രദ്ധയും ദൃഢവിശ്വാസവും താരത്തെ ഇനിയും മുന്നോട്ടു കൊണ്ടു പോകുമെന്നും ഡൊളോറസ് അവേരോട് പറഞ്ഞു.

ഈ സീസണില്‍ മെസിയെ പിന്നിലാക്കാനുള്ള അസുലഭ നേട്ടമാണ് ഈ സീസണില്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ കപ്പുയര്‍ത്തിയാല്‍ ആ നേട്ടത്തില്‍ മെസിയെ മറികടക്കാന്‍ റൊണാള്‍ഡോക്കു കഴിയും.

×