Advertisment

യുപി സെക്രട്ടേറിയറ്റിൽ മൊബൈൽ ഫോൺ നിരോധിച്ച് യോഗി സർക്കാർ

New Update

publive-image

Advertisment

ലഖ്‍നൗ: ഉത്തർപ്രദേശ് വിധാൻ സൗധയിലും സെക്രട്ടേറിയറ്റ് അനുബന്ധ കെട്ടിടങ്ങളിലും ഓഫീസുകളിലും സന്ദർശകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ഇതോടെ സർക്കാർ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ കയറിയിറങ്ങുന്നവർ വലയുമെന്നുറപ്പായി.

യുപി സെക്രട്ടേറിയറ്റായ വിധാൻ ഭവനും തൊട്ടടുത്തുള്ള എല്ലാ ഓഫീസുകൾക്കും സുരക്ഷ കൂട്ടണമെന്നും ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എല്ലാ ഓഫീസുകൾക്കും സുരക്ഷാ പരിശോധനയും ഏർപ്പെടുത്തി. എല്ലാ ഓഫീസുകളും ശുചിയോടെ സൂക്ഷിക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

''ഭരണ ഓഫീസുകളിൽ പുറത്തു നിന്ന് ആരും അനുമതിയില്ലാതെ പ്രവേശിക്കരുത്. ഓഫീസർമാരോ സ്റ്റാഫുകളോ അല്ലാതെ മറ്റാരും ഈ മേഖലകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്'', ഉത്തരവിൽ പറയുന്നു.

സെക്രട്ടേറിയറ്റ് അധികൃതരുമായി നടത്തിയ വിലയിരുത്തൽ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ കീഴിൽ നടക്കുന്ന ഒരു യോഗങ്ങളിലും, ക്യാബിനറ്റ് യോഗത്തിലുൾപ്പടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസിരാകേന്ദ്രങ്ങളിലും മൊബൈൽ നിരോധിക്കുന്നത്.

യോഗങ്ങൾക്കെത്തുന്ന എല്ലാ ഉദ്യോഗസ്ഥരും കോൺഫറൻസ് ഹാളുകൾക്ക് പുറത്ത് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഏൽപിച്ച ശേഷമേ അകത്ത് കയറാവൂ എന്നാണ് ആദിത്യനാഥിന്‍റെ നിർദേശം. മുതിർന്ന ഉദ്യോഗസ്ഥരുടെ ലാപ്‍ടോപ്പുകൾ കൊണ്ടുവരുന്ന ഓഫീസ് അസിസ്റ്റന്‍റുമാരും മൊബൈൽ ഫോണുകൾ കോൺഫറൻസ് ഹാളിലേക്ക് കയറ്റരുത്. നേരത്തേ ഈ നിരോധനം മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങൾക്ക് മാത്രമായിരുന്നു ബാധകമായിരുന്നത്.

ഇനി ഓഫീസർമാരും സ്റ്റാഫുകളും യോഗങ്ങൾക്കായി എത്തുമ്പോൾ കോൺഫറൻസ് ഹാളുകൾക്ക് മുന്നിലെ കൗണ്ടറിൽ ഫോണുകൾ ഏൽപിക്കണം. പകരം ടോക്കണുകൾ നൽകും. തിരികെ പോകുമ്പോൾ ടോക്കൺ നൽകി ഫോണെടുക്കാം. പ്രധാനയോഗങ്ങൾക്ക് മൊബൈൽ ഫോൺ കൊണ്ടുപോയാൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പോകുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സൈബർ ഹാക്കിംഗ് ഉൾപ്പടെയുള്ള ഭീഷണികളെ അതിജീവിക്കാനാണ് മൊബൈൽ ഫോൺ നിരോധിച്ചിരിക്കുന്നത്.

Advertisment