സംസ്ഥാനത്ത് മഴക്കെടുതി മൂലം 56,439.19 ഹെക്ടറിൽ കൃഷിനാശം. 1345 കോടിയിലേറെ രൂപയുടെ നഷ്ട൦

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, August 28, 2018

തിരുവനന്തപുരം:  മഴക്കെടുതി മൂലം സംസ്ഥാനത്ത് 56,439.19 ഹെക്ടറിൽ (1,35,454 ഏക്കർ) കൃഷിനാശം. 1345 കോടിയിലേറെ രൂപയുടെ നഷ്ടമാണു കൃഷിവകുപ്പ് കണക്കാക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണു കൂടുതൽ നഷ്ടം.

ദുരിതബാധിതരായ കർഷകർ 3.09 ലക്ഷം. ഇവർക്കു മൊത്തം 233.84 കോടി രൂപ സഹായധനമായി നൽകും. ഏറ്റവും കൂടുതൽ പേർ കൃഷിനാശം നേരിട്ടത് ആലപ്പുഴ ജില്ലയിലാണ്– 78,733. പത്തനംതിട്ട ജില്ലയിൽ 59,555 പേരും കോട്ടയം ജില്ലയിൽ 41,267 പേരുമുണ്ട്. മറ്റു പ്രധാന ജില്ലകൾ ഇവ: ഇടുക്കി– 27,239, മലപ്പുറം– 26,527, പാലക്കാട്– 17,376.

25,370.59 െഹക്ടറിലെ നെൽകൃഷി പാടെ നശിച്ചു. നഷ്ടം 380.55 കോടി. 34.25 കോടി രൂപ സഹായമായി നൽകണമെന്നു കൃഷിവകുപ്പു കണ്ടെത്തിയിട്ടുണ്ട്. 564.90 ഹെക്ടറിലെ ഞാറ്റടി നശിച്ചതു മൂലമുള്ള നഷ്ടം 8.47 കോടി. 3564.50 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചു.

അരിക്കായി കേരളം ഇനി മറ്റു സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരും. സംസ്ഥാനത്തിന് വർഷം 40 ലക്ഷം ടൺ അരി വേണം. നെൽകൃഷി വ്യാപനത്തിനു സർക്കാർ പദ്ധതികൾ നടപ്പാക്കി വരുന്നതിനിടെയാണു പ്രളയമുണ്ടായത്.

തരിശുകിടന്ന 50,000 ഏക്കറിലേറെ സ്ഥലത്ത് ഇക്കുറി നെൽകൃഷിയിറക്കി. ഇതിൽ ആലപ്പുഴയിലെ റാണി കായൽ, പത്തനംതിട്ടയിലെ ആറന്മുള പാടശേഖരം, കോട്ടയത്തെ മെത്രാൻ കായൽ, പാലക്കാട്ടെ നെന്മാറ പാടശേഖരം എന്നിവിടങ്ങളിലെ നെൽകൃഷി നശിച്ചു.

×