Advertisment

അവസ്ഥാന്തരങ്ങൾ

author-image
admin
New Update

- ഹരിഹരൻ പങ്ങാരപ്പിള്ളി

Advertisment

publive-image

കുംഭമാസ മഴ തകർത്ത് പെയ്തു പോയിരിക്കുന്നു . അന്ത്യാളനേയും ചാമിയെയും പണിക്കുവിളിക്കാൻ വേലുനായരുടെ ആളുകൾ വന്നു. വേലുവിന്റെ പറമ്പിൽ കരിയിലകരിഞ്ഞുള്ള പുക ഉയർന്നു . കുറ്റിച്ചെടികൾ എല്ലാം വെട്ടി പറമ്പിലെ ഒരു വശത്തിട്ട് കൂനയാക്കി . ഉള്ള സ്ഥലങ്ങളിൽ കപ്പ , വാഴ , ചേമ്പ് , ചേന കൂടാതെ കാച്ചിൽ തുടങ്ങിയവ നടാൻ തിരക്കിലായിരിക്കുന്നു.

വിദേശത്തുള്ള മക്കളുടെ വരവ് വേലു നേരത്തെ അറിഞ്ഞിരിക്കുന്നു . പ്ലാവിലെ മൂത്ത ചക്ക വാട്ടിവേവിച്ച് ഉണക്കി സ്വരുക്കൂട്ടാൻ പണിക്കാരി രാധയും വന്നു . മിറ്റമെല്ലാം കപ്പയും , ചക്കയും ഉണക്കാൻ ഇട്ടിരിക്കുന്നു . മാങ്ങയെല്ലാം പറിച്ച് ഭരണിയിൽ ഉപ്പിട്ട് വെച്ചു. ഉള്ള നെല്ല് എല്ലാം ഉണക്കി പുഴുങ്ങി അരിയാക്കാൻ പണിക്കാർക്ക് നിർദ്ദേശം നൽകി .

ബാങ്കിൽ കിടക്കുന്ന പണത്തിന്റ കണക്ക് പോയി പരിശോധിച്ചു . മക്കളെല്ലാം വരുമ്പോൾ ചിലവേറും . അമേരിക്കയിലുള്ള വിഘ്‌നേഷും ഭാര്യയും കൂടാതെ അവരുടെ രണ്ട് ആണ്മക്കളും കാനഡയിൽ ഉള്ള ഋഷിയും ഭാര്യയും അവരുടെ പെൺമക്കളും .

വീടൊക്കെ വെച്ചു മാറിയെങ്കിലും തറവാട്ടിൽ നിൽക്കണം എന്നാഗ്രഹം പറഞ്ഞപ്പോൾ വേലുവിന് ഒന്നും പറയാൻ തോന്നിയില്ല .

എന്നാലും എന്താണാവോ ? ഇത്ര പെട്ടെന്നോന്നൊരു സ്നേഹം നാടിനോട് എന്ന് എത്ര ആലോചിച്ചിട്ടും വേലുവിന് പിടിത്തം കിട്ടിയില്ല .

publive-image

ഫോൺ ചെയ്യുമ്പോൾ പേരക്കുട്ടികൾ : 'അച്ഛച്ച ബർഗറും ഷവര്മയും ഒക്കെ അവിടെ കിട്ടോ ? '

അച്ഛച്ചൻ: 'മക്കൾ ഇങ്ങോട്ട് വാ, അച്ഛച്ചൻ എല്ലാം വാങ്ങിച്ചു തരാം'. പറയുമ്പോൾ അപ്പുറത്ത് പാതി മലയാളത്തിൽ എന്തൊക്കെ പറഞ്ഞു ചിരിക്കുന്ന പേരകുട്ടികളെ കുറിച്ച് ഇടയ്ക്ക് വേവലാതിയാണ് .

ഋഷിയും, വൈശാഖനും വന്ന വഴി മറന്നിരിക്കുന്നു എന്ന് ശകുന്തള ഓർമ്മിപ്പിക്കുമ്പോഴും

' ഇല്ല ശകൂ നമ്മടെ കുട്ടികൾ അങ്ങനെ മറക്കില്ല' എന്ന് പറഞ്ഞ് ഉള്ളിലെ വേദന തള്ളിക്കളഞ്ഞു . ശകുന്തളയുടെ അസുഖം വെറുതെ കൂട്ടണ്ട എന്ന് കരുതി വേലു അതൊന്നും കാര്യമാക്കാതെ ഒരു ഭാവ വ്യത്യാസവുമില്ലാതെ അഭിനയിച്ചു .

നാട്ടിലെ ഒരു കൊച്ചു ബാർബർഷോപ്പിലെ വരുമാനം കൊണ്ടാണ് വേലുവിന്റെ അച്ഛൻ മക്കളെ നോക്കിയിരുന്നത് . ഒരു കുറവും ആർക്കും വരുത്തിയിരുന്നില്ല . മക്കളെ നാട് വിട്ടുപോകാൻ അനുവദിച്ചിരുന്നില്ല . പറമ്പും, കടയുമായി നടക്കുമ്പോൾ മിക്കപ്പോഴും രണ്ടറ്റം മുട്ടിക്കാൻ അച്ഛൻ പെടുന്നപാട് വേലു നന്നായി മനസ്സിലാക്കിയിരുന്നു .

ആഗ്രഹങ്ങളും മോഹങ്ങളും വേലുവിന്റെ അച്ഛൻ ആ ഗ്രാമത്തെ ചുറ്റി പറ്റി തന്നെ ആക്കി കടന്നുപോയപ്പോൾ ഒരിക്കൽ വേലു നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ഉച്ചക്കുള്ള ചോറാവാതെ രാവിലെ വാട്ടകപ്പ കഴിച്ചു ക്ലാസ്സിലേക്ക് പോയി .

ക്ലാസ്സിൽ എല്ലാവരും ഉച്ചയ്ക്ക് ഊണുകഴിക്കാൻ ചോറ്റുപാത്രം തുറക്കുന്ന നേരം സ്കൂളിലെ കിണറ്റുകരയിലെ ബക്കറ്റിൽ വെള്ളം കോരി കുടിച്ച് തിരിയുമ്പോൾ ചോറ്റു പാത്രവുമായി വേലുവിന്റെ അച്ഛൻ . പോയി കഴിക്കെന്ന് പറഞ്ഞു പാത്രം തന്ന് പോയി .

വിശപ്പ് കൊണ്ട് ക്ലാസ്സിലെ മുക്കിലെ ഡെസ്കിൽ പോയി പാത്രം തുറന്നതും , ഒട്ടിപ്പിടിച്ച ചുമന്ന അപ്പം പോലെ പതിര് ഉണക്കി കിട്ടിയ അരികൊണ്ടുണ്ടാക്കിയ കഞ്ഞിയും ഒരു വശത്തുള്ള ഉള്ളിയും വത്തലുമുളകും കൊണ്ടുള്ള ഇടിച്ച ചമ്മന്തിയും . വിശപ്പിന്റെ വിളിയിൽ നിമിഷനേരം കൊണ്ടകത്താക്കി .

കാലത്തിന്റെ കുത്തൊഴുക്കിൽ വിദേശത്തെത്തിയ പേരക്കുട്ടികൾ ബർഗറും പിസ്സയും കഴിച്ച് ജീവിതം കൊണ്ടുപോകുന്ന വിവരം ഫോണിലൂടെ അറിയുമ്പോൾ പലപ്പോഴും ഋഷിയെയും , വൈശാഖിനെയും വിളിച്ച് ഉപദേശിക്കും .

കഴിഞ്ഞദിവസം വന്ന വിളിയിൽ നാട്ടിലേക്ക് ചേക്കേറുയാകയാണെന്ന മക്കളുടെ ആഗ്രഹം വേലുവിനെ കുറച്ചൊന്നുമല്ല ഉണർവ്വേകിയത് .

കാലങ്ങൾ കുറെ ആയി നാട്ടിൽ കൂടണം കൂടണം എന്ന് പറഞ്ഞിട്ടും കേൾക്കാതെ നാലഞ്ച് വർഷമായിട്ട് അച്ഛനെയും അമ്മയെയും കാണാൻ പോലും വരാതെ ചിലവിനായുള്ള പണം മാത്രം അയച്ചു തന്നുകൊണ്ടിരുന്നപ്പോൾ വീടിനോട് ചേർന്നുള്ള പറമ്പൊ ഒന്നും നോക്കാൻ കഴിഞ്ഞിരുന്നില്ല .

വേലൂന്റെ അച്ഛൻ മരിച്ചപ്പോൾ കടയേറ്റെടുത്ത് ജീവിതം മുന്നോട്ട് പോകുമ്പോൾ പറമ്പിലെല്ലാം നല്ല ആദായമായിരുന്നു . ഋഷിയെയും , വൈശാഖിനെയും പഠിപ്പിച്ചതും ഒരു നിലയിൽ എത്തിച്ചതും എല്ലാം നാട്ടിലെ കൊച്ചു വരുമാനത്തിന്നായിരുന്നു .

കാലങ്ങൾ കടന്നപ്പോൾ മക്കൾ എല്ലാം മറന്നുവെന്ന് മനസ്സിലായപ്പോൾ നാട്ടിലുള്ള കടയും വിറ്റ് സ്വസ്ഥമായി വീട്ടിൽ കൂടിയതാണ് . അസുഖബാധിതയായ ശകുന്തളയുടെ കാര്യങ്ങൾക്കിടയിൽ പറമ്പൊന്നും നോക്കാൻ ഉള്ള ആരോഗ്യം വേലുവിനെ സമ്മതിച്ചതുമില്ല .

ഇപ്രാവശ്യത്തെ രണ്ടുപേരുടെ വിളിയിലും വേലൂവിനോടുള്ള ആവശ്യം ഒന്നായതിൽ വലിയൊരാനന്ദം ഉള്ളിൽ തോന്നാതിരുന്നില്ല . കാടുപിടിച്ച് കിടന്ന പറമ്പിനെ വെട്ടിത്തെളിച്ച് കൃഷിയൊക്കെ ഇറക്കി ആദായമുള്ളതാക്കാനുള്ള പരിശ്രമങ്ങൾ മക്കളുടെ ആവശ്യപ്രകാരം നടത്തി അവരുടെ വരവിനായ് വേലുവും ശകുന്തളയും കാത്തിരുന്നു .

Advertisment