Advertisment

പറന്നുയരാന്‍

author-image
admin
Updated On
New Update

- തുളസി കേരളശ്ശേരി

Advertisment

publive-image

നേരമായില്ലപോലുമീ ശാരിക-

പ്പൈതലിന്‍ വേഷമൊന്നഴിച്ചീടുവാന്‍..!

രേഖയിട്ടു വളച്ചുവച്ചുള്ളൊരീ

വേലി കെട്ടഴിച്ചീടുവാന്‍, പാടുവാന്‍!

കാലമേറെപ്പുതുമകള്‍ ചൂടിയി-

ട്ടാഴി,വാനവും, ശൂന്യമാമാകാശ

വീഥികള്‍പോലും വിസ്മയിപ്പിച്ചുകൊ-

ണ്ടാരവങ്ങളുയരുന്ന കേട്ടുവോ?

ഒറ്റനക്ഷത്രമെന്നപോല്‍ നീയിതാ

ഉള്‍ത്തുടിപ്പിന്‍റെ ഉണ്‍മയെ കാണാതെ

മൂകവാനിന്‍റെ കൂരിരുള്‍ തീരത്ത്

ശോകസംഗീതമാലപിച്ചീടുന്നു..!

ഏതു ഗന്ധര്‍വ്വപാദമേറ്റിന്നു നിന്‍

ശാപജന്മം സ്വതന്ത്രമായ് തീര്‍ന്നിടാന്‍

ഏതു ഗാണ്ഢീവ ഞാണൊലിക്കായി നിന്‍

തപ്തമാനസം കാത്തിരിക്കുന്നെടോ..!

ഇല്ല, മൂകദിവാസ്വപ്നവീഥിയില്‍

വന്നണയുവാനാരുമില്ലോര്‍ക്ക നീ

ഇല്ല,

നിന്നിലെ ശക്തിദുർഗ്ഗങ്ങളെ

തൊട്ടുണർത്താനുമാരുമില്ലോർക്ക നീ

കേട്ടതില്ലയോ സ്നേഹിതേ നീ മന-

ക്കാവിലെ കേളിക്കൊട്ടും കുരവയും

കത്തിവേഷത്തിന്‍ ചുട്ടികുത്തിക്കൊണ്ട്

കെട്ടകാലത്തെ വെല്ലുവിളിച്ചിടൂ

ഉള്ളിലെ കെട്ടുപൊട്ടുന്ന മാത്രയില്‍

ചങ്കുറപ്പിന്‍റെ ചെമ്പനീര്‍പൂവൊന്ന്

നിന്നില്‍ സ്വാതന്ത്ര്യഗന്ധം പൊഴിച്ചിടും

മുന്നിലാകാശവീഥി തെളിഞ്ഞിടും.

Advertisment