നമിക്കുന്നു പെണ്ണേ നിന്നെ (അവളുടെ ഒരോദിനവും)

ലീന അനീഷ്‌
Friday, March 8, 2019

“കോഴികൂവുംമുൻപ് ഉണർന്നെണീക്കും
നാമജപത്തോടെ അടുക്കളയിലെത്തും
ഒരെന്ത്രംപോലെ ഒന്നൊന്നായ്
തുടങ്ങീടുംജോലികള്‍
പ്രാതലുണ്ടാക്കണം
ചായ വെക്കണം ചോറുംകറികളുമുണ്ടാക്കീടണം
മക്കളെ ഉണര്‍ത്തണം കുളിപ്പിച്ചൊരുക്കണം
നേരംതെറ്റാതെ വിദ്യാലയത്തിലെത്തിക്കണം
ഭർത്താവിനെ വിളിക്കണം,ചായകൊടുക്കണം
പുലരിയില്‍ തന്നെ ജോലികൾ പലതുണ്ട്
എങ്കിലും മുഷിഞ്ഞൊരു മുഖവുംകാട്ടാതെ,
സ്നേഹമായ് തന്നെ എല്ലാം
ചെയ്തീടുന്നവൾ
ഇടയിലവനൊരു ചോദ്യവുമുണ്ട് എന്‍റെ ഷർട്ട് l
ഇസ്തിരി ഇട്ടില്ലേ ?
ഒരു ചെറുചിരിയോടെ അവളു മൊഴിയും
എനിക്ക് കൈയ്യുകൾ രണ്ടല്ലേയുളളൂ
ഒന്നു ക്ഷമിക്കൂ ഇപ്പോള്‍ ശരിയാക്കാം.
നിമിഷങ്ങൾക്കുളളിൽ അവളതും ചെയ്യും.
മക്കളും പോയി ഭർത്താവും പോയി ഏകാന്തമായി
കഴിഞ്ഞനേരം, നെടുവീര്‍പ്പൊന്നിട്ട് വഴിക്കണ്ണുമായി നിന്നല്പനേരം
പിന്നെ പല്ലുതേച്ചിട്ടൊരിത്തിരി ചായയും മോന്തി,
പാവം പിന്നെയും തുടങ്ങും അടുത്ത ജോലികൾ
മുഷിഞ്ഞ വസ്ത്രങ്ങളൊക്കെയലക്കണം,
പാത്രം കഴുകണം, മുറ്റമടിക്കണം, വിറകു വെട്ടണം
അരുമയായ് നോക്കുന്ന ചെടികൾക്ക് ഒരല്പം വെളളവും കൊടുക്കണം,
ജോലിക്കിടയില്‍ വല്ലതും കഴിക്കാന്‍ പോലും മറന്ന് കാണും ഒറ്റയ്ക്കല്ലേയുളളൂ..
അപ്പോ ഒരു ചമ്മന്തി അരക്കും ഇത്തിരി ചോറു വാരി തിന്നും
പിന്നെയും തുടങ്ങും അടുത്തതൊരുക്കാൻ
വിശന്നു വരുന്ന മക്കൾക്കു കഴിക്കാന്‍ നല്ലതൊക്കെയും ഒരുക്കി വെക്കണം
ഒരുനേരം പോലും ഒരിടത്തിരിക്കാതെ,
ചറപറപറഞ്ഞും ഒറ്റക്ക് മിണ്ടിയും
രാവണയും വരെ കെട്ട്യോനും കുട്ട്യോളും കൂടും കുടുംബവും മനസ്സിലിട്ട് ഒരു ജീവിതം.
ആരുംകാണാതെ പോകുന്ന ഒന്ന്
വീട്ടിലൊരു മാറാല കെട്ടുന്നത് പോലും
കാണുന്നതാ കണ്ണു മാത്രമാകും
നമിക്കുന്നു നിന്നെ ഈ കരുതലുകള്‍ക്കൊക്കെയും.
വർണ്ണിച്ചിടാൻ കഴിയാത്ത നിന്‍റെ മനസ്സിനെ ഒറ്റവാക്കില്‍ ഇങ്ങനെ പറയാം
അമ്മയും, ഭാര്യയും ആകുന്ന പെണ്ണ് തന്നെയാണ്
ഭൂമിയിലെ സ്നേഹത്തിൻ തേൻനിലാവ്…..!

×