ആതുരാലയം …

Wednesday, December 5, 2018

– റെമീന സജീവ്

രുന്നുകൾ മനംമടുപ്പിക്കുമെങ്കിലും
അണുനാശിനികളുടെ രൂക്ഷ ഗന്ധം പേറുമീ
കരുണ തൻ കരങ്ങൾ തലോടലായി എത്തുന്ന
ഏകാന്തമാം ഒരു അഭയ സ്ഥാനം.

വേദന കൊണ്ടു പിടയുന്ന ഒരു നൂറു ജന്മങ്ങൾ
സാന്ത്വനത്തിനായി കൊതിക്കുന്ന നിമിഷങ്ങൾ
എവിടേയും നെടുവീർപ്പുകൾ ,തേങ്ങലുകൾ
ദൈവവുമായി അകലം കുറയുന്ന വേളകൾ.

അകന്നു പോകുന്ന ബന്ധങ്ങൾ സൗഹ്യദങ്ങൾ
രാത്രിയുടെ അന്ത്യയാമങ്ങളിൽ ജനൽ പാളികളുടെ
ഇടയിലൂടെ വീശുന്ന തണുത്ത കാറ്റ്
മനസ്സിന്റെ കനലുകൾ ശാന്തം ആക്കുമെങ്കിലും
വീണ്ടും മനതാരിൽ നൊമ്പരങ്ങൾ നിറയുന്നു.

കെട്ടിപ്പടുത്തവയെല്ലാം കളിമണ്ണായി മാറുന്ന നിമിഷങ്ങൾ
ജീവിതം വെറുമൊരു നീർപ്പോള മാത്രം എന്നറിയുന്ന നേരം
അവിടെ പ്രതീക്ഷതൻ പുഞ്ചിരിയുമായി എത്തുന്ന മാലാഖമാർ
പൊട്ടിചിരിപ്പിക്കും ജനനത്തിനും പൊട്ടിക്കരയിപ്പിക്കും മരണത്തിനും
മുഖസാക്ഷി ആകുമി ആതുരാലയം ….

×