പ്രണയ പ്രയാണം

Monday, July 15, 2019

– ശാന്തി പാട്ടത്തിൽ

ഭൂമിയിലെ പ്രണയങ്ങളൊക്കെ
വായിച്ചു കഴിഞ്ഞു
കണ്ടു കഴിഞ്ഞു
അനുഭവിച്ചും കഴിഞ്ഞു.

ഇനിയും ഒരു പ്രണയമുണ്ടെങ്കിൽ
അത് ആവർത്തനമാകരുത് —
പേര് പോലും പ്രണയമെന്നാകരുത്
അത് എങ്ങനെയുള്ളതായിരിക്കാം?
എങ്ങനെയുളളതല്ലാതിരിക്കാം?

അകന്നു മാറി നിൽക്കുന്ന
തണുത്ത പച്ചച്ച
സർപ്പക്കാവു പോലെയോ
ഹിമം തിളങ്ങുന്ന
ശൈവാലികം പോലെയോ
തെളിഞ്ഞ ആകാശത്തിനു നടുവിൽ
അറിയാതെ വന്നു പെട്ട
കുഞ്ഞുകാർമേഘം പോലെയോ
അപൂർവ്വമാകുമോ അത്?.

ശരീരം തളിർക്കുന്ന
ആത്മാവ് പൂക്കുന്ന
ആന്തരികം കോരിത്തരിക്കുന്ന
പ്രയാണം അഥവാ തിരിച്ചിട്ട പ്രണയം.

×