Advertisment

റെയിൽവേ ട്രാക്ക്

author-image
admin
New Update

- ജാലിഷ ഉസ്മാൻ

Advertisment

publive-image

ധാന്യമണികളിലൊന്നിലും

അവരുടെ പേര്

എഴുതപ്പെട്ടിട്ടില്ലാത്തതിനാലാവണം

മരിച്ചവരുടെ ഭക്ഷണപൊതികൾ

റയിൽവേ ട്രാക്കിൽ

ചിതറിക്കിടന്നത്..!

ഉണങ്ങിപോവാതിരിക്കാൻ

തുണിക്കെട്ടിനുളിൽ തിരുകിവച്ച

നാല് ചപ്പാത്തികൾ,

കൂറ്റൻ ചരക്കുതീവണ്ടിക്ക് പോലും

പൊട്ടിക്കാനാവാതെ പോയ,

റബ്ബർബാന്റ് ചുറ്റി

സുരക്ഷിതമാക്കിയ

ഒരു കവർ മഞ്ഞ ദ്രാവകം,

publive-image

മരിച്ചവരുടെ

നാളെയെക്കുറിച്ചുള്ള കരുതൽ

ചെളിയും,

തീട്ടവും പുരണ്ട്,

ചതഞ്ഞരഞ്ഞു,

ചത്തവരുടെ ചോരയും,

ഇറച്ചിയും പറ്റി,

ശവംതീനി ഉറുമ്പുകളുടെ വരവും കാത്ത്

ഇനിയും

ആ ട്രാക്കിൽ കിടക്കുന്നുണ്ട്.

അവരൊക്കെയും

അത്താഴത്തിന്

പകുതി വിശപ്പ് തിന്നിട്ടുണ്ടാവും.

വെന്തു പൊള്ളിയ കാൽവെള്ളയിൽകൂടി

ഒരിറ്റു വെള്ളം കാട്ടാതെ പകുതി

നാളത്തേയ്ക്ക് പൊതിഞ്ഞുവച്ചിട്ടുണ്ടാവും.

നിറഞ്ഞിട്ടില്ലാത്ത

വയറുകളുടെ കൊതിയാവണം,

എത്ര വടിച്ചു വാരിയിട്ടും

കുടൽമാലകൾ

കൈക്കോട്ടുകൾക്ക് പിടികൊടുക്കാതെ,

വഴുതി ട്രാക്കിലേക്ക് തന്നെ

വീണുകൊണ്ടിരുന്നത്.

മരിച്ചു പോയവരുടെ രാജ്യം

സമ്പന്നമാണ്,

ഡിജിറ്റലാണ്,

മൂവായിരം കോടിയുടെ പ്രതിമയുള്ളതാണ്,

ഒരുകാലത്തും ദരിദ്രർ

അവിടെ ജീവിച്ചിട്ടില്ലാത്തതാണ്.

അത്കൊണ്ട് തന്നെ

മരിച്ചവരാരും ആ രാജ്യത്ത്

എവിടെയും,

ഒരിക്കലും,

ജീവിച്ചിരുന്നവരായിരുന്നില്ല..!

മരിച്ചവരുടെ നേതാക്കൾ

'പ്രബുദ്ധരാണ്'

'യുഗ പുരുഷരാണ്'

ഒറ്റ രാത്രികൊണ്ട് സർവ്വം മാറ്റുന്ന

ഇന്ദ്രജാലം കാട്ടുന്നവരാണ്.

അത്കൊണ്ട് തന്നെ,

മരിച്ചവരൊക്കെ

ജോലി നഷ്ടപ്പെട്ടവരാണെന്നോ,

നടന്നു തളർന്നവരാണെന്നോ,

പട്ടിണി വലച്ചവരാണെന്നോ

ആരും തന്നെ

വിശ്വസിക്കാൻ പോകുന്നില്ല..!

ചിതറിത്തെറിച്ച

അവരുടെ

ഇറച്ചി തുണ്ടുകൾക്കിടയിൽ

എവിടെയും

ഒറ്റ അടയാളങ്ങൾ നിങ്ങൾ കാണില്ല..!

എത്ര കൈക്കോട്ടുകൾ മാന്തിയാലും,

എത്ര ഇരുമ്പുദണ്ഡുകൾ ചികഞ്ഞാലും,

ആ എല്ലിൻ കഷണങ്ങൾക്കിടയിൽനിന്നോ,

അരഞ്ഞ തലച്ചോറിനിടയിൽ നിന്നോ,

ഒരാധാരവും,

ഒരാധാറും,

നിങ്ങൾക്ക് കിട്ടാൻ പോവുന്നില്ല..!

ഒരുപക്ഷേ,

തലേന്നത്തെ തീയതിയിട്ട,

ഭക്ഷണത്തിന്റെ ഒരു ബില്ല്

നിങ്ങൾക്ക് കിട്ടിയേക്കാം,

അതിലെ താഴത്തെ വരി

മരിച്ചവരുടെ

അവസാന അന്നത്തിന്റെ

നിർബന്ധിത നികുതിയായിരിക്കാം..!

നിങ്ങളവരുടെ

നേതാക്കളെ അറിയുമെങ്കിൽ

അവരോട് പറയൂ

ഇരുനൂറോളം മൈലുകൾ താണ്ടേണ്ടിയിരുന്ന,

തേഞ്ഞു തീരാറായ ഒരു ചെരുപ്പ്‌,

ആ ട്രാക്കിൽ ഇപ്പോഴും

അനാഥമായി കിടക്കുന്നുണ്ടെന്ന്..!

നിങ്ങളവരോട് പറയൂ

മരിച്ചു പോയവരുടെ

പഴന്തുണികൾക്കും,

ഭാണ്ഡക്കെട്ടുകൾക്കും,

ഇനിയും അവകാശികൾ എത്തിയിട്ടില്ലെന്ന്..!

മരിച്ചു പോയവരുടെ

ഭക്ഷണം തിന്നു കൊഴുത്തവർ

വരാതിരിക്കില്ല,

മരിച്ചുപോയവന്റെ അവസാന ഭക്ഷണം

ചോരയും,

ഇറച്ചിയും പറ്റി

ഇനിയും ആ ട്രാക്കിൽ

കിടക്കുന്നുണ്ടല്ലോ..!!!

Advertisment