ശ്രീകൃഷ്ണപുരം (ദേശ വിശേഷം)

Tuesday, October 9, 2018

– ദിലീപ് വാരിയർ പാഞ്ചജന്യം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ്‌ ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

ശ്രീകൃഷ്ണപുരം നാലു അംശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്‌‍. ഈ നാലു അംശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.

ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിന്റെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു. നഴ്സറി തലം മുതൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ടി.ടി .സി ., ബി.എഡ് കോളേജുകൾ, സ്വശ്രയ, സർക്കാർ എഞ്ചിനീയറിംങ്ങ് കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി ഗ്രാമീണ, ദേശസാൽകൃത ബാങ്കുകളും, ട്രഷറി, പോലീസ് സ്റ്റേഷൻ, സർക്കാർ ആയുർവേദ, ഹോമിയോ, മൃഗ, അലോപ്പതി ആശുപത്രികൾ, സ്വകാര്യ ക്ലിനിക്കുകൾ, വസ്‌ത്രാലയങ്ങൾ, സൂപ്പർ മാർക്കറ്റുകൾ ഇവയെല്ലാം ശ്രീകൃഷ്ണപുരത്തിനു സ്വന്തം.

ചന്തപ്പുരയിലെ ബസ് സ്റ്റാൻഡ്പഞ്ചായത്ത് കളിസ്ഥലം, കല്യാണ മണ്ഡപം, രണ്ട് സ്വകാര്യ കല്യാണമണ്ഡപം, നൂറ്റാണ്ടോളം പഴക്കമുള്ള ടി.കെ. ഡി. സ്മാരക വായന ശാല, നിരവധി ക്ലബ്ബുകൾ, കേരളസർക്കാർ ബീവറേജ് കോർപ്പറേഷന്റെ വിദേശ മദ്യശാല, കേരള സർക്കാർ ടൂറിസം വകുപ്പിന്റെ ബിയർ പാർലർ എന്നിവയെല്ലാം ഈ നാട്ടിലുണ്ട്. വാണിജ്യത്തിനു പ്രശസ്തിയാർജ്ജിച്ച പെരുമാങ്ങോട് ചന്ത ഇന്നും മുടങ്ങാതെ ചൊവ്വാഴ്ചകളിൽ നടക്കുന്നു.
നാടൻ കൃഷി ഉല്പന്നങ്ങളുടെ വിപണനം ഇതിന്റെ പ്രത്യേകതയാണ്.

പ്രധാന ആകർഷണങ്ങൾ
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉല്ലസിക്കാൻ പറ്റുന്ന കേരള ടൂറിസത്തിന്റെ മാപ്പിൽ ഇടം പിടിച്ച ബാപ്പുജി പാർക്ക് ഷെഡ്ഡുംകുന്നിലാണ്. പുഞ്ചിരിക്കുന്ന കരിങ്കല്ലിൽ തീർത്ത ഗാന്ധീ ശില്പം ഇതിന്റെ പ്രത്യേക ആകർഷണീയതയാണ്. നിരാലംബർക്കും അശരണർക്കും ഒരു പാട് പുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ശരവണഭവമഠം വില്ലേജ് ഓഫീസിനു പിൻഭാഗത്താണ്. ജനങ്ങളുടെ എല്ലാ വിധ സുഖദുഃഖങ്ങളിലും പങ്ക ചേരുന്ന ഗ്രാമപഞ്ചായത്ത് – ബേ്ളോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ഞങ്ങളുടെ നാടിന് അഭിമാനം.

ഒരു വ്യാഴവട്ടത്തിലധികം തുടർച്ചയായി ഏറ്റവും നല്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതിനുള്ള ചെറിയ ഒരു ഉദാഹരണം മാത്രം. കലകളെ പ്രോത്സാഹിപ്പിക്കാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “സംസ്കാര” എന്ന പേരിൽ ഒരു സംഘടന പ്രവർത്തിക്കുന്നു. പുരോഗമന കലാ സാഹിത്യ വേദിയും ഇതിനായി പ്രവർത്തിക്കുന്നു.

തോട്ടര കത്തി, അടക്കാപുത്തൂർ കണ്ണാടി, കരിമ്പുഴ കൈത്തറി, മംഗലാംകുന്ന് പൊരി-മുറുക്ക്, ആറ്റാശ്ശേരി മടവാൾ, തിരുവാഴിയോടൻ വെറ്റില, മുതലമൂർഖൻ കടവ് തൂക്ക് പാലം, പാലക്കാട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുറിയങ്കണ്ണി പാലം, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ അക്വഡേറ്റ്, നിരവധി വയലേലകർ, പ്രത്യേകിച്ചും കറുവട്ടൂർ, കുറ്റാനശ്ശേരി മേഖലകൾ അങ്ങനെ നിരവധി ഗ്രാമവിശേഷം.

ഇത്തവണത്തെ ഉത്രത്തിൽ കാവിലെ ഭരണി വേലക്ക് നിറപുത്തരിക്ക് നെൽക്കതിർ ലഭിച്ചത് ഈ മേഖലയിൽ നിന്നാണ്.
ഇത്തരം കാർഷിക സംസ്കൃതി ഗ്രാമങ്ങൾ എന്നിവയെല്ലാം ഞങ്ങൾ ശ്രീകൃഷ്ണപുരത്തുകാരുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ചിലതു മാത്രം.

സാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനംപറ്റ ക്ഷേത്രവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്.

മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സിൽ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ആനത്തറവാടിനു അടുത്തു തന്നെ ശ്രീകൃഷ്ണപുരം ഹൈസ്കൂളിലെ മുൻ ചിത്രകലാ അധ്യാപകൻ എ.പി.മാധവൻ നായർ മാസ്റ്ററുടെ ശില്പചാരുതയാൽ തീർത്ത ഒരു വലിയ ആന ശില്പവും ഉണ്ട്.

പരിയാനം പറ്റ ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലെ ആ ഗജശില്പം ജീവൻ തുടിക്കുന്നതായി തോന്നും. ഉയരമുള്ള പതിനെട്ടോളം ശില്പങ്ങൾ ഈ അദ്ധ്യാപകനിൽ നിന്നും ഉണ്ടായിട്ടുണ്ട്. രാമകൃഷ്ണൻ സാറിന്റെയും പാറുക്കുട്ടി ടീച്ചറുടെയും ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണപുരത്തിന്റെ സ്വന്തം കുട്ടിക്കുറുമ്പൻ വിജയ് എന്ന ഗജവീരനും ഞങ്ങളുടെ സ്വന്തം.

ശ്രീകൃഷ്ണപുരത്തിന്റെ മറ്റൊരു പ്രധാന ആകർഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.

ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്‌‍. പ്രശസ്തരായ കഥകളിപ്രവർത്തകരായിരുന്ന അന്തരിച്ച കീഴ്പ്പടം കുമാരൻ നായർ, കല, കലാമണ്ഡലം രാമൻ കുട്ടി നായർ, തിരൂർ നമ്പീശൻ എന്നിവരും,നെടുമ്പള്ളി നാരായണൻ മാഷും ആധുനിക സാഹിത്യകാരന്മാരായ ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി മാസ്റ്റർ, ശ്രീകൃഷ്ണപുരം വേണുഗോപാൽ മാസ്റ്റർ, ശ്രീകൃഷ്ണപുരം മോഹൻദാസ് എന്നിവരും ഈ നാടിന്റെ യശസ്സുയർത്തുന്നു.

ഇക്കാലത്തെ കഥകളി സംഗീതഞ്ജരായ കലാമണ്ഡലം അനന്തനാരായണൻ, നെടുമ്പള്ളി രാം മോഹൻ, അത്തിപ്പറ്റ രവി മാസ്റ്റർ, സിനിമാ സീരിയൽ നടൻ ശ്രീഹരി പിറന്നതും ഈ മണ്ണിൽ തന്നെ.കരിമ്പുഴ പുഴയും ശ്രീരാമസ്വാമി ക്ഷേത്രവും ഈ നാട്ടിലാണ്.

അതുപോലെ സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന പി.സി. നാരായണൻ നമ്പൂതിരിപ്പാട്;കാറൽമണ്ണ സുകുമാരൻ തുടങ്ങിയവരും, സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന കൃഷ്ണൻ നായരും, എം.കെ.യെസ്. രാമനും ശ്രീകൃഷ്ണപുരത്തിന്റെ അഭിമാനങ്ങളാണ്.വള്ളുവനാടൻ ഭംഗി കണ്ട് ഒരു പാട് ചലച്ചിത്രങ്ങളും ഇവിടെ നിന്നും പിറവിയെടുത്തിട്ടുണ്ട്.

മലയാള ചലചിത്ര രംഗത്തെ എന്നെന്നും ഓർക്കുന്ന സിനിമകളായ തനിയാവർത്തനം, അഥർവ്വം, ആമിനാ ടൈലേഴ്സ്, ചക്കരമുത്ത്, വാനപ്രസ്ഥം, ദേവാസുരം, വിഷ്ണു ലോകം, തന്മാത്ര, പുതിയ സിനിമയായ പ്രദീപ് മുല്ലനേഴിയുടെ നമുക്കൊരേ ആകാശം തുടങ്ങിയവയും സീരിയലുകളായ ഇല്ലം, ഗ്രാമം എന്നിവയും ഈ മണ്ണിൽ പിറവിയെടുത്ത കലാസൃഷ്ടികളിൽ ചിലതു മാത്രം.

40 വർഷത്തിലധികമായി സർവീസ് നടത്തുന്ന വിനോദ്, എസ്.എസ്.കുമാർ, ഉദയ ബസ്, സർവ്വീസുകൾ രാത്രി വളരെ വൈകിയാലും ഓട്ടോ ലഭിക്കുന്ന തിരുവാഴിയോട് ജംഗ്ഷൻ, പുലർച്ചെ 2 മണിക്ക് പാലക്കാട്ടേക്ക് ബസ് ‘ കിട്ടുന്ന തിരുവാഴിയോട് ജംഗ്ഷൻ, പുലർച്ചെ 5 മണിക്ക് ഒറ്റപ്പാലത്തേക്ക് ബസ് ‘ കിട്ടുന്ന മംഗലാംകുന്ന് ജംഗ്ഷൻ ഇതെല്ലാം ഈ ഉൾനാടൻ ഗ്രാമത്തിലുണ്ട്.സന്നദ്ധ പ്രവർത്തനങ്ങൾ സദാസമയവും ചെയ്യുന്ന റോട്ടറി ക്ലബ് ലയൺസ് ക്ലബ്‌ എന്നിവയെല്ലാം ഈ ഗ്രാമത്തിന്റെ ഐശ്വര്യം വർധിപ്പിക്കുന്നു .

ശ്രീകൃഷ്ണപുരത്തിന്റെ പ്രഥമ സരസ്വതീ ക്ഷേത്രമായ ശ്രീകൃഷ്ണപുരം ഹൈസ്‌കൂളിലെ മനോഹരമായ സിന്തെറ്റിക് ട്രാക്ക് നമ്മുടെ ജില്ലയിലെ തന്നെ കായിക പ്രേമികൾക്ക് ഒരു മുതൽക്കൂട്ടാണ്. ജില്ലയിലെ ഒരുവിധം എല്ലാ കായികമത്സരങ്ങളുടെയും വേദിയാണ് ഇപ്പോൾ ഈ മൈതാനം.

പെരുമ വിളിച്ചോതുന്ന പെരുമാങ്ങോട്ടെ വലിയ ക്ഷേത്രക്കുളവും ഈ നാട്ടിൻപുറത്തിന്റെ നന്മയുടെ പ്രതീകമാണ് മറ്റേതൊരു കേരളീയ ഗ്രാമം പോലെത്തന്നെയാണ് ശ്രീകൃഷ്ണപുരവും. മഹാന്മാരോ പ്രസിദ്ധരോ ആയ വ്യക്‌തികൾ കുറവാണെങ്കിലും സാധാരണ ജനങ്ങളാണ് ഈ ഗ്രാമത്തിന്റെ സമ്പത്തും അഭിമാനവും. അവരെപ്പറ്റി ഒന്ന് പരാമരർശിച്ചാൽ അധികപ്പറ്റാവില്ലെന്ന് വിശ്വസിക്കുന്നു.

ശ്രീകൃഷ്ണപുരം നിവാസികൾ
നന്മ നിറഞ്ഞവർ
സംസ്കാരമുള്ളവർ, സത്യസന്ധർ
ശുചിത്വമുള്ളവർ
ആത്മാർത്ഥത ഉള്ളവർ
വിശ്വസിക്കാവുന്നവർ
നിഷ്കളങ്കർ
സഹായിക്കുന്നവർ
ഭാഷാശുദ്ധിയുള്ളവർ
തനതായ വ്യക്തിത്വമുള്ളവർ
സൗന്ദര്യമുള്ളവർ
അന്തസ്സുള്ളവർ
കുലീനത്വമുള്ളവർ
തറവാടികൾ
സ്നേഹമുള്ളവർ
അഭിമാനികൾ
കലോപാസകർ
സാധുക്കളായവർ
ആനയിലും ചെണ്ടയിലും കഥകളിയിലും എല്ലാ കേരളീയ കലകളിലും കമ്പമുള്ളവർ.

മത സൗഹാർദ്ദത്തിന്റെ പ്രതീകമായ കൃസ്ത്യൻ പള്ളിയും, മുസ്ലീം സഹോദരങ്ങളുടെ ആരാധനാ കേന്ദ്രമായ ജുമാ മസ്ജിദും മുഖത്തോടു മുഖം നോക്കി ചന്തപുരയിൽ സ്ഥിതി ചെയ്യുന്നു. ആഘോഷങ്ങൾക്ക് എപ്പോഴും സദാ സന്നദ്ധരായ സദ്യ വിളമ്പൽ കലയാക്കി മാറ്റിയ ശ്രീകൃഷ്ണപുരം ശ്രമ സംഘം ഞങ്ങളുടെ മറ്റൊരു സ്വകാര്യ അഭിമാനം. ആവശ്യപ്പെട്ടാൽ കേരളത്തിനകത്തും പുറത്തും അവർ സേവനം ചെയ്യുന്നു എന്നതും ഈ ടീമിന്റെ പ്രത്യേകതയാണ്.

പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം
ജില്ലാ ആസ്ഥാനം – 38 കി.മി.
അടുത്തുള്ള വിമാനത്താവളം (കരിപ്പൂർ-കോഴിക്കോട്) – 80 കി.മി.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (ഒറ്റപ്പാലം) – 21 കി.മി.
അടുത്തുള്ള പ്രധാനബസ് സ്റ്റേഷൻ (ചെർപ്പുളശ്ശേരി) – 12 കി.മി.
അടുത്തുള്ള പ്രധാന ടൗൺ (മണ്ണാർക്കാട്) – 16 കി.മീ.
കോയമ്പത്തൂർ വിമാനത്താവളം – 89 കി.മീ
നെടുമ്പാശ്ശേരി വിമാനത്താവളം – 110 കി.മീ
പാലക്കാട് ജംഗ്ഷൻ റെയിൽ സ്റ്റേഷൻ-ഒലവക്കോട് 33 കി.മീ.

പ്രധാന പ്രാദേശിക ആഘോഷങ്ങൾ

പരിയാനമ്പറ്റ പൂരം
ഉത്രത്തിൽകാവ് ഭരണി വേല.
എത്ര പറഞ്ഞാലും തീരാത്തത്ര വിശേഷമുണ്ട് ശ്രീകൃഷ്ണപുരത്തിന്. വിട്ടു പോയതിലധികം കൂട്ടിച്ചേർക്കാൻ ഉണ്ടാവും. തീരാത്ത വിശേഷങ്ങളുടെയും കഥകളുടെയും നാടു കൂടിയാണ് ശ്രീകൃഷ്ണപുരം.

×