പുഴയൊഴുകും വഴി.. പുഴ തഴുകും ഗ്രാമം

സമദ് കല്ലടിക്കോട്
Thursday, December 27, 2018

വിതയുടെ തുടക്കത്തിൽ സമർപ്പണത്തിൽ പ്രമോദ് ബാലകൃഷ്ണൻ ഇങ്ങനെ എഴുതിവച്ചു. മനസ്സിൽ ഈണവും താളവും നിറച്ച വേനൽ തുമ്പികൾക്ക്.. വീഴ്ചകളിലും വേദനകളിലും താങ്ങാകുന്ന ആത്മാർത്ഥ സൗഹൃദങ്ങൾക്ക്.. എഴുത്തിനെ, വായനയെ ദിനചര്യയാക്കാൻ കുഞ്ഞുനാളിലേ പഠിപ്പിച്ച അച്ഛൻ പുളിയപ്പറ്റ ഗോപാലൻ വൈദ്യർക്ക്..

”വിളറിയ ചുണ്ടുകളിൽ നിന്നും
വരണ്ട തൊണ്ടയിൽ നിന്നും
ഇനി വരാനുള്ളതൊരുവാക്കു മാത്രം”.

കവിതയുടെ ജീവിത വീക്ഷണവും ഭാവുകത്വ വികാസവും അറിവളവുകളും പുനരേകീകരിക്കുന്ന, സത്യസന്ദേശങ്ങളാണ് പട്ടാമ്പി പള്ളിപ്പുറം സ്വദേശി പ്രമോദ് ബാലകൃഷ്ണന്റെ ‘പുഴയൊഴുകും വഴി’ എന്ന കവിതാസമാഹാരം. അനുവാചകന്റെ കൺമുന്നിലേക്ക് മുദ്രാവാക്യ ചിത്രങ്ങളുടെ പ്രവാഹമായി കവിതയും പാട്ടും ചേർന്നൊരു പുസ്തകം.

മഴയോർമ്മകളും നൂപൂരധ്വനിയും കനൽപ്പൂക്കളുമായി 35 കവിതയുടെ പ്രഭവകേന്ദ്രം. ലക്ഷ്യമാണ് ഓരോ കവിതയെയും നിർണയിക്കുന്നത്.അതിന്റെ നിർവചനമോ സമൂഹം നിശ്ചയിച്ച മാനദണ്ഡമോ അല്ല. കവി ആയിരിക്കെ തന്നെ ഗ്രാമീണനും കലാകാരനും ശാസ്ത്ര പ്രചാരകനുമാണ് ഈ ചെറുപ്പക്കാരൻ.

പട്ടാമ്പി പള്ളിപ്പുറത്തെ പുരാതന നേത്ര ചികിത്സകരായ പുളിയപ്പറ്റ കുടുംബാംഗം. എഴുത്തുകാരിയും ഗവണ്മെന്റ് മെഡിക്കൽ ഓഫീസറുമായ ഡോ.നിഖിലയാണ് ഭാര്യ.മകൾ തേജസ്വിനിബാല. കവിതകൾ പലതും പല സന്ദർഭങ്ങളിൽ പിറന്നവയാണ്.കവിതയുടെ നിമിത്തം തന്നെ കവി വെളിപ്പെടുത്തുന്നു.അങ്ങനെ കവിതയുടെ ജന്മ കാരണം നാമറിയുന്നു.സാധാരണ ജീവിതത്തിന്റെ കൈയൊപ്പിട്ട വിയർപ്പും കിതപ്പും കവിതയിൽ കയറിയും ഇറങ്ങിയും സഞ്ചരിച്ചിട്ടുണ്ട്.

കാരണം ഗ്രാമ്യജീവിതത്തിന്റെ വിശുദ്ധിയും തനിമയുമുള്ള പള്ളിപ്പുറം എന്ന പ്രദേശമാണ് ഈ സമാഹാരത്തിന്റെ പ്രതലം.സ്നേഹസ്പർശം, കളങ്കമില്ലാത്ത നാട്ടുമനുഷ്യരുടെ ചിരി, തെളിനീരൊഴുകുന്ന പുഴ, റെയിലിനോട് ചേർന്നും അല്ലാതെയും കിടക്കുന്ന വെട്ടിവെളുപ്പിക്കാത്ത ഭൂമി ഇതെല്ലാം ഇന്നും പള്ളിപ്പുറത്തുണ്ട്. കവിത പ്രമോദിന് ജീവിതത്തിന്റെ കൈയൊപ്പാണ്,ആരുടെ നെഞ്ചിലും കോറലാവാതെ സൂക്ഷിക്കുന്ന, പൂത്തുതളിർക്കുന്ന വിത്താണ്.

വ്യക്തികൾ കവിതയിൽ കടന്നിരിക്കാറുണ്ടെങ്കിലും സാമൂഹ്യാനുഭവമായി മാറുകയാണ് പതിവ്. ജീവിച്ചിരുന്നതിന്റെ പാടുകളല്ലാതെ മറ്റെന്താണ് ഓരോ എഴുത്തും. പക്ഷേ ഈ കവിതകൾ വള്ളുവനാടൻ ഗ്രാമ ഭംഗിയെ എടുത്ത് കാട്ടുന്നുണ്ട്.

നടന്നുവന്ന വഴികൾ, കേട്ടറിഞ്ഞ ഭൂതകാലത്തഴപ്പുകൾ, കണ്ട് കേട്ട് മറഞ്ഞുപോയവ, മറക്കാൻ കഴിയാത്ത മുറിവുകൾ ഇതെല്ലാം എഴുത്തിന്റെ,പുഴയൊഴുകും വഴിയിലെ പുൽപടർപ്പാണ്. വായനയും എഴുത്തും പാട്ടും കവിതയും ഇണയായും തുണയായും ഒന്നിച്ചുണ്ട്. ഒാരോ വരികളും തരുന്നത് വേറിട്ട അനുഭവങ്ങൾ. വിപുലവും ആഴമേറിയതുമായ ചിലത് അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ് കവി.

പുഴയൊഴുകും വഴിയിലൂടെ നമ്മൾ എത്തുന്നത് പുഴ തഴുകും ഗ്രാമത്തിലേക്കാണ്.പള്ളിപ്പുറത്തുകാർക്ക് താരാട്ട് തീവണ്ടിയുടെ ചൂളംവിളിയാണ്.പള്ളിപ്പുറം ഗ്രാമത്തിന്റെ ഒരു കരയിലൂടെ തൂതപ്പുഴയും മറുകരയിലൂടെ ഭാരതപ്പുഴയും കടന്നുപോകുന്നു.ഈ രണ്ട് പുഴകളും സംഗമിക്കുന്ന സ്ഥലമാണ് കൂടല്ലൂർ കടവ്. ഈ കടവ് മലയാളികൾക്ക് സുപരിചിതമാണ്.പ്രശസ്ത സാഹിത്യകാരൻ എം.ടി യുടെ രചനകളിലൂടെ.

കാലത്തിന്റെ ഓർമകളായി ഉറച്ചുനിന്നതിലല്ല ചലിച്ചുനിന്നതിലാണ് ഈ കവിതകൾ വ്യത്യാസപ്പെടുക. സഹൃദയ സമക്ഷം പ്രകൃതിയെയും സമൂഹത്തെയും തൊട്ടറിഞ്ഞ ഉഗ്രൻ പ്രസ്താവ്യങ്ങളാണ് ഇതിലെ രണ്ടു അവതാരികയും. ‘പുഴയൊഴുകും വഴിയിലെ കവിത’എന്ന പേരിൽ സന്തോഷ് ചിറ്റിലേടത്തും ‘മഴമാപിനികൾ പറയാത്ത മഴ’എന്ന പേരിൽ ഡോ.എൻ.പി.ചന്ദ്രശേഖരനും എഴുതിയ അവതാരിക വേറിട്ടുനിൽക്കുന്നു.

“എന്റെ പാഠങ്ങൾക്കപ്പുറം
എത്രയോ പാഠങ്ങൾ ഇനിയുമുണ്ട്
പേനയുടെ പരിശുദ്ധിയെ
ബുദ്ധിയാൽ സംശയിക്കാൻ പാടുണ്ടോ?”

ജീവിതത്തെ നോക്കി കാണാൻ കവിതപോലെ മറ്റൊരു ബന്ധുവില്ല പ്രമോദിന്. ഒറ്റപ്പെട്ടുപോകുമായിരുന്ന പല ഘട്ടങ്ങളിലും കവിതയും പൊതു പ്രവർത്തനവും തന്ന ഊർജം മനോഹര ഈണമായി നിൽപ്പുണ്ട്.

സ്നേഹബന്ധവും രാഷ്ട്രീയബന്ധവും മഴക്കിനാവായി മാറ്റുന്ന രാസവിദ്യയായി കവിതയിലും കടന്നു വന്നിട്ടുണ്ട്, ചോരയിലെഴുതിയ കവിതയായി, ധീരരേ, ധീരരാം രക്ത നക്ഷത്രങ്ങളായി, തെളിമ നിറഞ്ഞ നാട്ടു വഴിയിൽ കൗതുകവും കൂട്ടുമായി.

മേടമാസവും മഴക്കിനാവും നനുത്ത നാടൻ ശീലും പള്ളിപ്പുറം എന്ന ശാലീന ഗ്രാമത്തെയും ‘പുഴയൊഴുകും വഴി’യെയും ചലിപ്പിച്ചിരിക്കുന്നു. ഇതിലെ വരികൾ പൊരുതുന്ന മനുഷ്യരുടെ ചുണ്ടുകൾക്കു വേണ്ടി എഴുതപ്പെട്ടതാണ്. സംഘടനകളുടെ ശബ്ദമാകാൻ പിറന്നതാണ്. ഇതുകൊണ്ടൊക്കെയാവാം ഈ വർഷത്തെ ഇന്ദുലേഖ കവിതാപുരസ്‌ക്കാരത്തിന് ഈ സമാഹാരം അർഹമായതും.
പ്രസാധനം:ചിത്രരശ്മി ബുക്സ്.

×