ഏതാണ് ഏറ്റവും നല്ല പ്രഭാത ഭക്ഷണം ? ഭാരം നിയന്ത്രിക്കാനും ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായിരിക്കാനും ഇത് കഴിക്കാം ..

ഹെല്‍ത്ത് ഡസ്ക്
Saturday, June 1, 2019

പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. അതിനാല്‍ തന്നെ ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും പകരുന്ന ഭക്ഷനമാകണം തെരഞ്ഞെടുക്കാന്‍. ഇത്തരത്തില്‍ കഴിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ഒന്നാണ് മുട്ട.

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ എത്തിക്കാന്‍ വലിയ രീതിയില്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം രാവിലെ കഴിക്കുന്നത് ശരീരവണ്ണത്തെ നിയന്ത്രിക്കാനുള്ള ഒരെളുപ്പ മാര്‍ഗമാണ്. അതിനാല്‍ തന്നെ പ്രഭാതഭക്ഷണമായി മുട്ട തെരഞ്ഞെടുക്കുമ്പോള്‍ ശരീരത്തിന് ആരോഗ്യം പകരുകയും ഒപ്പം വണ്ണം നിയന്ത്രിക്കുകയുമാവാം.

നമുക്ക് ഊര്‍ജ്ജം പകര്‍ന്നുതരാന്‍ ഏറ്റവുമധികം കഴിവുള്ള ഒരു ഭക്ഷണമാണ് മുട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെയാണ് ഇത് ഊര്‍ജ്ജത്തെ നിദാനം ചെയ്യുന്നത്. അതിനാല്‍ രാവിലെ മുട്ട കഴിക്കുന്നതോടെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ ശരീരം സന്നദ്ധമാകുന്നു.

മുട്ടയിലടങ്ങിയിരിക്കുന്ന കോളിന്‍, വിറ്റാമിന്‍- ബി, മോണോ- പോളി അണ്‍ സാച്വറേറ്റഡ് ഫാറ്റ്- എന്നിവയെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ മെച്ചപ്പെടുത്തും. നാഡീവ്യവസ്ഥയെയും ഇവ നല്ലരീതിയില്‍ സ്വാധീനിക്കുന്നു.

ഹൃദയത്തെയും ചര്‍മ്മത്തെയും ആകെ ആരോഗ്യത്തെയും കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന ‘ആന്റി ഓക്‌സിഡന്റുകള്‍’ മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണമെന്ന നിലയില്‍ ശരീരം ഇതിനെ പരിപൂര്‍ണ്ണമായും സ്വീകരിക്കുന്നു. സാധാരണ മറ്റ് സമയങ്ങളില്‍ കഴിക്കുന്നതിനേക്കാള്‍ ഇതിന്റെ ഗുണം ഇരട്ടിയാക്കുന്നു.

എല്ലുകളെ ശക്തിപ്പെടുത്തുന്ന ഭക്ഷണമെന്ന നിലയിലും മുട്ട രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമമാണ്. വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവരാണെങ്കില്‍ പ്രത്യേകിച്ചും പ്രഭാതഭക്ഷണമായി മുട്ട തെരഞ്ഞെടുക്കാവുന്നതാണ്. മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- ഡി, ഫോസ്ഫറസ് എന്നിവയാണ് എല്ലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കുന്നത്.

×