Advertisment

അതിക്രൂരം ഇത്. വൃദ്ധപിതാവിനെയും മകളെയും മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച് ഒരു സമ്പന്നനും അയാളുടെ ഗുണ്ടകളും നടത്തിയ നരനായാട്ട് !

New Update

രുപത്തൊന്നാം നൂറ്റാണ്ടിൽ ശാസ്ത്രപുരോഗതിയുടെ മികവിൽ , ആധുനികതയുടെ മടിത്തട്ടിൽ ജീവിക്കുന്ന നമുക്ക് ഈ ദൃശ്യങ്ങൾ അലോസരമുണ്ടാക്കിയേക്കാം.

Advertisment

publive-image

ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും സാമ്പത്തികമായും -സാമൂഹ്യപരമായുമുള്ള വേർതിരിവുകളും, മത വർഗീയ ചേരിതിരിവുകളും അതിന്റെ പേരിലുള്ള സംഘർഷങ്ങളും ഊരുവിലക്കുകളും ഇന്നും പുതുമയുള്ള വിഷയമല്ല. സമ്പന്നന്റെ കൈക്കരുത്തുകൾക്കും അതിക്രമങ്ങൾക്കും രാഷ്ട്രീയക്കാരുടെ പിൻബലവും പോലീസിന്റെ സംരക്ഷണവുമുണ്ടാകുക സ്വാഭാവികം മാത്രം.

വിദ്യാഭ്യാസപരമായി ഇന്നും വളരെ പിന്നോക്കം നിൽക്കുന്ന വലിയൊരു ജനവിഭാഗം അവിടെയുണ്ട്. അന്ധവി ശ്വാസങ്ങളും അനാചാരങ്ങളും അവയുടെ പേരിലുള്ള മുതലെടുപ്പുകളും അതുകൊണ്ടുതന്നെ ഇന്നും സമൂഹത്തെ കാർന്നുതിന്നുന്ന ഘടകങ്ങളാണ്.

ചിത്രത്തിൽ കാണുന്നത് ഒരു പിതാവും മകളുമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ബീഹാറിലെ സമസ്തിപ്പൂർ ജില്ലയിലുള്ള വിഭൂതിപ്പൂർ പോലീസ് സ്റ്റേഷനതിർത്തിയിലെ ഭൂസ്വർ ഗ്രാമത്തിൽ ഒരു സമ്പന്നനും അയാളുടെ ഗുണ്ടകളും നടത്തിയ നരനായാട്ടിന്റെ ബാക്കിപത്രമാണിത്.

ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ റഹിം എന്ന ഈ വൃദ്ധന്റെ ഭൂമി കയ്യേറാൻ വന്ന ഗ്രാമത്തിലെത്തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ധനവാനും ഭൂമാഫിയയും ആയ നവാബ് മിയയെയും ഗുണ്ടകളെയും തടഞ്ഞ അദ്ദേഹത്തെ അവർ മരത്തിൽ കെട്ടിയിട്ട് പൊതിരെ തല്ലുകയായിരുന്നു. റഹീമിനെ രക്ഷിക്കാനോടിവന്ന മകൾ റുക്‌സാനയെയും അവർ ഇതേ രീതിയിൽ കൈകാര്യം ചെയ്തു. ഇരുവരെയും രക്ഷിക്കാൻ വന്ന റഹീമിന്റെ ഭാര്യയെ അവർ തല്ലിയോടിക്കുക യായിരുന്നു.

മൂവരുടെയും നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി പോലീസിനെ അറിയിച്ചെങ്കിലും അടുത്തുചെല്ലാനാരും ധൈര്യപ്പെട്ടില്ല. ഗുണ്ടകൾ പോയശേഷമാണ് അവരെ ബന്ധനത്തിൽനിന്നു മോചിതരാക്കിയത്. പോലീസ് അന്വേഷണം നടത്തുകയാണ്. പ്രധാനപ്രതിയായ നവാബ് മിയ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.

സ്വതന്ത്ര ഭാരതത്തിൽ ഇന്നും ഇങ്ങനെയൊക്കെ നടക്കുന്നുവെന്നാണ് നമുക്കത്ഭുതമുളവാക്കുന്ന വിഷയം തന്നെയാണ്. ഈ ചിത്രവും വാർത്തയും ഉത്തരേന്ത്യയിലെ മിക്ക മാദ്ധ്യമങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി.

 

Advertisment