ജനാധിപത്യത്തിന്റെ ദുരവസ്ഥ ! ജനങ്ങളോടും ജാനാധിപത്യ സംവിധാനത്തോടും കുറേക്കൂടി നീതിപുലർത്താൻ ഇക്കൂട്ടർ ഇനിയെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ?

പ്രകാശ് നായര്‍ മേലില
Friday, October 12, 2018

മ്മുടെ സംസ്ഥാനങ്ങളിലെ നിയമനിർമ്മാണസഭകളും ,പാർലമെന്റിന്റെ ഇരുസഭകളും ജനാധിപത്യത്തിന്റെ ശ്രീകോവിലുകളെന്നാണ് അറിയപ്പെടുന്നത്. ഈ സഭകളിലേക്ക് ജനങ്ങൾ തെരഞ്ഞെടുത്തുവിടുന്നതു കൂടാതെ നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങൾക്കും അവിടെ തുല്യാവകാശമാണുള്ളത് .നിയമസഭകളിൽ പ്രാതിനിധ്യമില്ലാത്ത ന്യൂനപക്ഷ സമുദായപ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്നതും പതിവാണ്.

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നവർ 12 പേരായിരിക്കും.ആറു വർഷമാണ് കാലാവധി. കലാ,ശാസ്ത്ര ,സാസ്കാരിക, സാമൂഹ്യരംഗങ്ങളിൽ സമഗ്രമായ സംഭാവന നടത്തിയ വ്യക്തികളായിരിക്കും ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുക. ഇപ്പോൾ ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി,രൂപാ ഗാംഗുലി,സ്പോർട്ട്സ് താരം മേരി കോം, പ്രശസ്ത വക്കീലായ KTS തുളസി എന്നിവരടങ്ങുന്ന 12 പേരാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഇങ്ങനെ നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങളിൽ പലരും അവിടെ ചർച്ചകളിൽ പങ്കെടുക്കു കയോ ,രാഷ്ട്രീയമോ,സാമൂഹ്യമോ ആയ പ്രശ്നങ്ങൾ അവതരിപ്പിക്കുകയോ ചെയ്യാറില്ല എന്നതൊരു വസ്തുതയാണ്. വർഷങ്ങളായി കണ്ടുവരുന്ന അല്ലെങ്കിൽ അവലംബിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഇവർക്കുവേണ്ടതായ ദിശാ നിർദ്ദേശങ്ങൾ നൽകാൻ ഇവിടുത്തെ സർക്കാരുകളും ഇന്നുവരെ താൽപ്പര്യം കാണിച്ചിട്ടുമില്ല. ഫലമോ ജനങ്ങളുടെ നികുതിപ്പണം വൃഥാവിൽ ഇവരുടെ കൈകളിൽപ്പോകുന്നു. എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി. കേവലമൊരു അലങ്കാരപദവിയായി പലരും ഇതിനെ നോക്കിക്കാണുന്നു എന്നതാണ് ഖേദകരമായ വസ്തുത. ഇത് ജനാധിപത്യത്തിന്റെ ദുരവസ്ഥയല്ലെങ്കിൽ പിന്നെന്താണ് ?

രാജ്യസഭയിലെ അനുവദനീയമായ അംഗസംഖ്യ 250 ആണ്. നോമിനേറ്റല്ലാത്തവരെ ജനങ്ങൾ നേരിട്ടല്ലാതെ സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാസാമാജികരാണ് തെരഞ്ഞെടുത്തുവിടുന്നത്.

പ്രശസ്ത്ര ബോളിവുഡ് താരമായ രേഖ ( തമിഴ് നടനായിരുന്നു ജെമിനി ഗണേശന്റെ മകൾ) ഏപ്രിൽ 2012 മുതൽ മാർച്ചു 2018 വരെ ആറു വർഷക്കാലം നോമിനേറ്റ് ചെയ്യപ്പെട്ട രാജ്യസഭാ എം.പി യായിരുന്നു. ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കറും ഇതേ കലയാളിവിൽ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

ഈ ആറുവർഷക്കാലത്തിനിടെ രേഖയുടെ മൊത്തം ഹാജർ കേവലം 5 ശതമാനമായിരുന്നു. സച്ചിന്റെ അവസ്ഥയും അത്ര മെച്ചമായിരുന്നില്ല. രാജ്യസഭയിലെ ഒരംഗം തുടർച്ചയായി 60 പ്രവർത്തിദിവസങ്ങളിൽ ഹാജരായില്ലെങ്കിൽ അവരുടെ അംഗത്വം സ്വാഭാവികമായും റദ്ദാകും. അതൊഴിവാക്കാനായി രേഖ, കൃത്യമായ കണക്കുകൂട്ടലുകളിലൂടെ അവരുടെ 6 വർഷ കാലാവധി സമയത്ത് സഭകൂടിയ 18 സെഷനുകളിലും അവർ ഓരോ ദിവസം പങ്കെടുക്കുകയുണ്ടായി.

ഈ ആറുവർഷക്കാലയളവിൽ അവർ രാജ്യസഭയിൽ ചോദ്യം ചോദിക്കുകയോ, പ്രമേയം അവതരിപ്പിക്കുകയോ, പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. കണക്കുകൾ പ്രകാരം ആറുവർഷം കൊണ്ട് അവർക്കു ലഭിച്ച ശമ്പളവും അലവൻസും കൂടി 99.59 ലക്ഷം രൂപയാണ്.

ഇത് ഒരുദാഹരണം മാത്രമാണ്. മറ്റുള്ള പലരുടെയും അവസ്ഥയും ഇതിൽനിന്നു ഭിന്നമല്ല.

പല സെലിബ്രിറ്റികളും രാജ്യസഭാംഗത്വം അവരുടെ പ്രൗഢി തെളിയിക്കാനുള്ള അവസരമായിട്ടാണു പയോഗിക്കുന്നത്. പൊതുജനപിന്തുണയോടെ താരപദവിയിലെത്തുന്നവർ ജനങ്ങൾക്ക് ഒരു നന്മയും ചെയ്യാതെ അവരുടെ നികുതിപ്പണമാണ് ഇങ്ങനെ ധൂർത്തടിക്കുന്നതെന്ന് ഒരിക്കൽ പോലും ഓർക്കാറില്ല.

ഇതിൽ നിന്ന് അവർ ഈ രാജ്യത്തെ ജനാധിപത്യത്തെ ബഹുമാനിക്കുന്നു എന്നൊരിക്കലും കരുതാനാകില്ല മറിച് അതിന്റെ ന്യൂനതകൾ മുതലെടുത്ത് സമ്പന്നരായിട്ടും പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്ന് അനർഹമായ എല്ലാ സുഖസൗകര്യങ്ങളും കരസ്ഥമാക്കാമെന്നും അതുവഴി സുഖജീവിതം നയിക്കാമെന്നും കരുതിയെന്നതാണ് വാസ്തവം. രാജ്യസഭാസീറ്റ് പേയ്‌മെന്റ് സീറ്റാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതല്ലേ ഇവരുടെയൊക്കെ നോമിനേഷനുകൾ എന്ന് തോന്നിപ്പോകുന്നു ?

ഒരു രാജ്യസഭാ എം.പി ക്കു കിട്ടുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നമുക്കൊന്ന് പരിശോധിക്കാം :-

പുതിയ നിയമഭേദഗതി അനുസരിച്ചു് ഒരു രാജ്യസഭാ എം.പി യുടെ പ്രതിമാസശമ്പളം ഒരു ലക്ഷം രൂപയാണ്.

ദിവസം 2000 രൂപ വീതം സമ്മേളനകാലയളവിൽ രാജ്യസഭയിൽ പങ്കെടുത്താൽ അലവൻസായിലഭിക്കും.

കോൺസ്റ്റിറ്റുവെൻസി അലവൻസ് പ്രതിമാസം 70000 രൂപയാണ്.

ഓഫിസ് അലവൻസായി 60000 രൂപ ലഭിക്കുന്നു.ഇതിൽ 20000 രൂപ സ്റ്റേഷനറി ,പോസ്റ്റേജ് എന്നീ വകയിലും 40000 രൂപ സെക്രട്ടേറിയൽ അസ്സിസ്റ്റന്റിനുമാണ്.

സമ്മേളനസമയത്ത് പോയിവരാനുള്ള എയർ ടിക്കറ്റ് ഫ്രീയാണ്. ഒരു വർഷം 34 എയർ ടിക്കറ്റ് ഫ്രീയായി ലഭിക്കുന്നു. സൗജന്യ യാത്രയ്ക്ക് റെയിൽവേയുടെ പാസും ലഭ്യമാണ്. റോഡുമാർഗ്ഗമുള്ള യാത്രയ്ക്ക് ഒരു കിലോമീറ്ററിന് 16 രൂപാ നിരക്കിൽ യാത്രാ അലവൻസ് ലഭിക്കും.

സൗജന്യതാമസം , ഫർണിച്ചർ, വീടിന്റെ ഡെക്കറേഷൻ, കർട്ടനുകൾ ,സോഫാ കവറുകൾ ,ഇവയുടെയൊക്കെ വാഷിങ്, മെയിന്റനൻസ് ഒക്കെ സൗജന്യമാണ്.

കേന്ദ്ര സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും , ക്ലാസ് 1 ഓഫിസർമാർക്കും ലഭിക്കുന്ന എല്ലാ ചികിത്സാ ആനുകൂല്യങ്ങളും രാജ്യസഭാ എം.പി ക്കും സൗജന്യമായി ലഭിക്കുന്നു.

വർഷം 4000 കിലോലിറ്റർ വെള്ളവും 50000 യൂണിറ്റ് വൈദ്യുതിയും സൗജന്യമാണ്.

ഇതാണാവസ്ഥയെന്നിരിക്കെ ജനങ്ങളോടും ജാനാധിപത്യ സംവിധാനത്തോടും കുറേക്കൂടി നീതിപുലർത്താൻ ഇക്കൂട്ടർ ഇനിയെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ?

×