ഒരു ഗ്രാമപഞ്ചായത്തിന്റെ താലിബാനിസം. ഭാര്യയെ കെട്ടിയിട്ട് പരസ്യമായി 101 തവണ തല്ലാന്‍ ഉത്തരവ് നല്‍കി. മലയാളിയായ കളക്ടര്‍ നിരന്തരം ബോധവല്‍ക്കരണവുമായി രംഗത്ത്..

പ്രകാശ് നായര്‍ മേലില
Saturday, March 24, 2018

ഭര്‍ത്താവുമായി പിണങ്ങി സ്നേഹിതയുടെ വീട്ടി ല്‍പ്പോയി ഒരാഴ്ച താമസിച്ചു മടങ്ങിവന്ന ഭാര്യയെ അന്യപുരുഷബന്ധമാരോപിച്ചുള്ള ഭര്‍ത്താവിന്റെ പരാതിയില്‍ പരസ്യമായി മരത്തില്‍ കെട്ടിയിട്ട് 101 തവണ അടിക്കാന്‍ ഉത്തരവ് നല്‍കിയ പഞ്ചായത്ത് അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള പലരും ഇപ്പോള്‍ പോലീസിനെ ഭയന്ന് ഒളിവിലാണ്.

ഭര്‍ത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഗ്രാമമുഖ്യന്‍ പഞ്ചായത്ത് വിളിച്ചുകൂട്ടിയതും ഉത്തരവ്പുറപ്പെടുവിച്ചതും. ഭാര്യയെ അയാള്‍ വലിച്ചിഴച്ചാണ് അവിടേക്ക് കൊണ്ടുവന്നത്. ഭാര്യയുടെ അഭിപ്രായം കേള്‍ക്കാതെയായിരുന്നു ശിക്ഷാവിധി പ്രഖ്യാപനം.

ഉത്തര്‍പ്രദേശി ലെ ബുലന്ദ് ഷെഹറി നടുത്തുള്ള ലവങ്ങ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ മാര്‍ച്ചു 10 നാണ് ഈ ഹീനകൃത്യം അരങ്ങേറിയത്. ബെല്‍റ്റും,വടിയും കൊണ്ട് ക്രൂരമായ അടിയേറ്റു പുളയുന്ന യുവതി യുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇരുനൂറോളം പേര്‍ ഈ അമാനവീയ കൃത്യം നിശബ്ധരായി കണ്ടുനിന്നാസ്വദിച്ചു എന്നതാണ് വിചിത്രം. യുവതിയുടെ ബോധം നശിച്ചിട്ടും അടി നിര്‍ബാധം തുടരുകയായിരുന്നു.

ഭര്‍ത്താവിനെയും രണ്ടു കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറ്റവാളികളായ പഞ്ചായത്ത് പ്രമുഖന്‍ ഉള്‍പ്പെടെ 7 പേര്‍ ഇപ്പോഴും ഒളിവിലാണ്. പോലീസിനോട് ഗ്രാമവാസികള്‍ സഹകരിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം.

പോലീസിനു പഞ്ചായത്ത് വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ല , പഞ്ചായത്ത് എടുത്ത നിലപാടുകള്‍ പൂര്‍ണ്ണമായും ശരിയാണ് എന്ന അഭിപ്രായമാണ് ഇപ്പോഴും ഗ്രാമാവാസികള്‍ക്കുള്ളത്. പഞ്ചായത്ത് മുഖ്യനെ അറസ്റ്റ് ചെയ്‌താല്‍ യുവതിയുടെ ജീവന് വരെ അത് ഭീഷണിയാകാം എന്നും അധികൃതര്‍ കരുതുന്നു.

ബുലന്ദ് ഷെഹര്‍ ജില്ലാ കളക്ടറും മലയാളിയുമായ റോഷന്‍ ജേക്കബ് പോലീസ് സൂപ്രണ്ട് പ്രവീണ്‍ രഞ്ജനൊപ്പം ഗ്രാമത്തിലെത്തി ഗ്രാമീണര്‍ക്ക് വേണ്ട ബോധവല്‍ക്കരണം നല്‍കുകയാണ് ഇപ്പോള്‍. അത് തുടരെ നടന്നുവരുന്നു..

2016 ലെ National Crime ബ്യൂറോ റിക്കാര്‍ഡുകള്‍ പ്രകാരം വനിതകള്‍ക്കെതിരെയുള്ള ഭര്‍ത്താക്കന്മാരുടെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത് ഉത്തര്‍ പ്രദേശിലാണ്. 11666 കേസുകളാണ് ഭര്‍തൃ പീഡനവുമായി ബന്ധപ്പെട്ട് ആ കാലയളവില്‍ അവിടെ രെജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

[കലക്ടര്‍ റോഷന്‍ ജേക്കബ് പോലീസ് സൂപ്രണ്ടുമൊത്തു ഗ്രാമത്തില്‍]

×