Advertisment

നഴ്സസ് ദിനം ഇത്തവണ സമർപ്പണത്തിൻറേത് കൂടിയാണ്. കർത്തവ്യം മറക്കാതെയുള്ള പ്രവർത്തനം തന്നെയാണ് ഇത്തവണത്തെ നഴ്സസ് ദിനാഘോഷവും

author-image
admin
New Update

- ഷെറിൻ മാത്യു

പ്രസിഡൻറ്, കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈത്ത്

Advertisment

publive-image

ലോകം ഇന്ന് നഴ്സസ് ദിനം ആഘോഷിക്കുകയാണ്. ആധുനിക നഴ്സിങിൻറെ അമ്മയെന്ന് വിശേഷിപ്പിക്കാവുന്ന ഫ്ലോറൻസ് നൈറ്റിൻഗേലിൻറെ ജന്മദിനമാണ് നഴ്സസ് ദിനം. 1965 തൊട്ടാണ് ലോക നഴ്സിങ് സമിതി ഈ ദിവസം നഴ്സസ് ദിനമായി ആഘോഷിക്കുന്നത്.

മറ്റ് പല ആഘോഷങ്ങൾ പോലെ ഇത്തവണ നഴ്സസ് ദിനവും ആഘോഷത്തിൻറേത് അല്ല. അതേസമയം മറ്റു ആഘോഷങ്ങളിൽനിന്ന് വ്യത്യസ്തമായി നഴ്സസ് ദിനം ഇത്തവണ സമർപ്പണത്തിൻറേത് കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.

ആശ്വാസത്തിൻറെ തെളിനീരുമായി വരുന്ന മാലാഖമാർ എന്നൊക്കെയുള്ള വിശേഷണം നഴ്സുമാർക്കുണ്ട്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ വിശേഷണം. തൊഴിൽ എന്നതിലുപരി മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ മാനസികമായ വല്ലാത്തൊരു അടുപ്പമുള്ള പ്രവൃത്തിയാണ് നഴ്സ് ജോലി. ശുശ്രൂഷയും പരിചരണവും എന്നത് ജീവിതത്തിൽ അനുഭവവേദ്യമാക്കുമ്പോഴാണ് നഴ്സ് സമ്പൂർണമാകുന്നത്.

എല്ലാ തൊഴിലും മഹത്തരമാണെങ്കിലും മനുഷ്യരുമായി അവരുടെ പ്രയാസങ്ങളിൽ ഇത്രയേറെ കൈത്താങ്ങ് നൽകേണ്ടുന്ന ജോലി വേറെയുണ്ടോ എന്നകാര്യം സംശയമാണ്. ഒരു നഴ്സ് എന്ന നിലയിൽ വളരെ അഭിമാനത്തോടെ പറയട്ടെ, ജോലിയിൽനിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തിയും ആ പ്രവർത്തനം തന്നെയാണ്.

ആദ്യം സൂചിപ്പിച്ചതുപോലെ ഇത്തവണത്തെ നഴ്സസ് ദിനം ആഘോഷത്തിനുപകരം കൂടുതൽ സമർപ്പണത്തിൻറേതാകുന്നത് ലോകം നേരിടുന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണ്. ഇനിയും മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയായി തുടരുകയാണ് കോവിഡ് 19. രോഗശാന്തി എന്നുണ്ടാകുമെന്ന് ആഗോളതലത്തിൽ തന്നെ ഒരു സൂചനയുമില്ല. രോഗം ഇല്ലാത്ത രാജ്യങ്ങളും ഇല്ല എന്നതാണ് സ്ഥിതി.

ലോകത്ത് എല്ലാ രാജ്യങ്ങളിലുമായി പതിനായിരക്കണക്കിൻ നഴ്സുമാർ ഇപ്പോൾ കോവിഡ് രോഗികൾ കിടക്കുന്ന ഐസിയു വാർഡുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. സ്വന്ത൦ ജീവൻ പോലും പണയംവച്ചുള്ള അവസ്ഥയാണ് അത്.

വീട്ടുകാരുമായുള്ള സമ്പർക്കംപോലും ഒഴിവാക്കി ആശുപത്രികളുമായി ബന്ധപ്പെട്ട ഇടങ്ങൾ താവളമാക്കേണ്ടിവരുന്ന സ്ഥിതിവരെയുണ്ട്. അതൊന്നും ഞങ്ങൾ നഴ്സുമാരെ സംബന്ധിച്ചെടുത്തോളം പ്രതിബന്ധമായി തോന്നാറേയില്ല എന്നതാണ് സത്യം. കാരണം ഞങ്ങൾ പഠിച്ച നഴ്സിങ് പാഠം അതാണ്.

അപരന് ആശ്വാസം പകരാനായില്ലെങ്കിൽ നഴ്സിങിൻറെ അർഥം പൂർണമാകില്ല എന്ന് ഞങ്ങൾ മനസിലാക്കുന്നു. ഞങ്ങൾക്ക് മുൻപിലെ ഓരോ ജീവനും വിലപ്പെട്ടതാണ്, അതും ഞങ്ങളുടേതിനേക്കാൾ എന്നതാകും മനസിൽ.

മഹാമാരിയുടെ പശ്ചാത്തലത്തിൽ സേവനനിരതരായ ലക്ഷക്കണക്കിന് സഹപ്രവർത്തകർക്കായി കുറിപ്പ് സമർപ്പിക്കുന്നു. കർത്തവ്യം മറക്കാതെയുള്ള പ്രവർത്തനം തന്നെയാണ് ഇത്തവണത്തെ നഴ്സസ് ദിനാഘോഷവും.

Advertisment