Advertisment

പാലാരിവട്ടത്തെ പഞ്ചവടിപ്പാലം ..

author-image
admin
New Update

- മുഹമ്മദ്‌ അഷ്‌റഫ്‌

സീനിയര്‍ സ്ട്രക്ചറല്‍ എഞ്ചിനീയര്‍, ഗള്‍ഫ് കണ്‍സള്‍ട്ട് കുവൈറ്റ്

Advertisment

publive-image

രു പാലം പണിയിലാണ് ഞാനും. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ അഞ്ചാമത്തെ പാലം. അവസാനത്തെ പാലത്തിന്റെ നീളം 140 മീറ്റർ. ഇതുവരെ കഴിഞ്ഞ നാലെണ്ണത്തിൽ ഏറ്റവും കുറഞ്ഞ നീളം 48 മീറ്ററും, വീതി ഏതാണ്ട് 42 മീറ്ററും.

ഇതെല്ലാം ഒരു 3 കിലോമീറ്റർ റോഡ് പണിയുടെ ഭാഗമാണ്. നഗര മധ്യത്തിൽ കൂടെ പോകുന്ന ഒരു 6 വരിപ്പാതയുടെ ഭാഗമായത് കൊണ്ടാണ് ഇത്രയും പാലങ്ങൾ ഇത്രയും ചെറിയ ദൂരത്തിൽ.

പാലാരിവട്ടത്തെ പഞ്ചവടിപ്പാലംപണിയുടെ കഥകേട്ടപ്പോൾ തോന്നി ഇതെഴുതണമെന്നു. എങ്ങനെയാണു ലോക നിലവാരത്തിൽ ഒരു പാലം പണിയുന്നത്; അല്ലെങ്കിൽ റോഡ് പണിയുന്നത് എന്ന് അറിയുന്ന രീതിയിൽ ഒന്ന് പങ്കു വെക്കണമെന്ന്.

വായിക്കുമ്പോൾ ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ എന്ന് തോന്നും. ഇതിനൊക്കെ ചിലവെത്ര വരും എന്ന് തോന്നും. ഇതിനൊക്കെയുള്ള സാങ്കേതിക പരിജ്ഞാനം നമുക്കുണ്ടോ എന്നുതോന്നും. മറുപടി നല്ലൊരു ശതമാനം നടക്കുമെന്നാണ് .കാരണം ഗ്ലോബലൈസേഷന് ശേഷം നിർമാണ വസ്തുക്കളുടെ വിലയിൽ വലിയ വ്യത്യാസമില്ല. സാങ്കേതിക വിദ്യയിൽ നാം ഏറെയാണ് .

മറ്റൊന്ന് കടലിനിക്കരെ ഇതൊക്കെ ചെയ്യുന്നത് നാമാണ് നമ്മുടെ നാട്ടുകാരാണ് എന്നതാണ് സത്യം.

ഞങ്ങളുടെ പാലത്തിന്റെ യും റോഡിന്റെയും ഡിസൈൻ ഒരു പത്തുകൊല്ലം മുന്പുണ്ടാക്കിയതാണ്.. റോഡിനു ഡിസൈനോ?.. മൂക്കത്തു കൈവച്ചേക്കാം.. റോഡ് സ്ഥലം കിട്ടുന്നതിലൂടെ വെട്ടാനുള്ളതല്ലേ എന്നായിരിക്കും ചിന്ത !!!.അല്ല റോഡിനു കൃത്യമായ പ്ലാനും,ഡ്രോ യിങ്ങും ഉണ്ടാകും. അതിന്റെ വളവും തിരിവും അതിന്റെ ആരവും ( radius) ഓരോ ഭാഗത്തെയും ലെവലും എല്ലാം അവിടങ്ങളിലെ സ്പീഡും, എവിടുന്നു എല്ലാം ആ റോഡിൽ നിന്നും വാഹനങ്ങൾ കയറും ,ഇറങ്ങും എന്നെല്ലാം പ്ലാനിൽ കാണും..

അതിനു അടിയിലൂടെ പോകുന്ന മഴവെള്ളത്തിന്റെ പൈപ്പും, ഡ്രൈനേജ് പൈപ്പും, ഇലക്ട്രിക് ലൈനും ഒപ്പം എവിടെയൊക്കെ ട്രാഫിക് സിഗ്നലുകൾ, മാർക്കുകകൾ എവിടെയൊക്കെ ബോർഡുകൾ, ഇലക്ട്രിക്ക് ലൈറ്റുകൾ ഇവക്കെല്ലാം കൃത്യമായ ഡ്രോയിങ്ങുകൾ കാണും.അതനുസരിച്ചേ ഉണ്ടാക്കൂ..അതിനു അനിസരിച്ചേ പണി നടക്കൂ..

ഇനി സംശയം പത്തു കൊല്ലം മുൻപേ ഉണ്ടാക്കിയ പ്ലാൻ പ്രകാരം ഒരു നഗര മധ്യത്തിലൂടെ ഒരു റോഡ് ഉണ്ടാക്കിയപ്പോൾ എത്ര വൻകിട കെട്ടിടങ്ങൾ പൊളിച്ചു കാണുമെന്നല്ലേ?.. എത്ര തർക്കങ്ങൾ ഉണ്ടായിക്കാനും എന്നല്ലേ?. വട്ടപ്പൂജ്യം എന്നതാണ് മറുപടി. അതായതു ഈ റോഡിന്റെ പ്ലാൻ അംഗീകരിച്ചതിനു ശേഷം വന്ന കെട്ടിടങ്ങൾ എല്ലാം പാതയെ ബാധിക്കാത്ത രീതിയിൽ ആണ്. അങ്ങനെയേ നിർമാണത്തിന് അനുമതി കൊടുത്തിരുന്നുള്ളൂ..

പക്ഷെ ഞങ്ങൾ ഒരു കെട്ടിടം പൊളിച്ചു.. എന്തെന്നറിയണ്ടേ?.. ഒരു പള്ളി. അതും ചരിത്ര പ്രാധാന്യമുള്ള ഒരു പഴയ പള്ളി. അത് റോഡിന്റെ ഏതാണ്ട് നടുവിലായിരുന്നു. പടച്ചോനെ പള്ളി പൊളിക്കാനോ.?.. എന്തൊക്കെ പുകിലായികാണും ?...

ഒന്നുമുണ്ടായില്ല.. ആദ്യമേ ആ പള്ളിയുടെ ഫോട്ടോകൾ മുഴുവൻ എടുത്തു വച്ച്. ഒരു ആർക്കിടെക്റ്റു പള്ളിയുടെ അളവെടുത്തു. അതിൽ ഉപയോഗിച്ച വസ്തുക്കളെ പറ്റി പഠിച്ചു. എന്നിട്ടു അതെ പോലെ വേറെ ഒരു പള്ളി ആ റോഡിൽ നിന്നും മാറ്റി ഉണ്ടാക്കി. ജനലും വാതിലുകളും, ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ എല്ലാം പഴയതു ഉപയോഗിച്ച്.

മാത്രമല്ല ആ പഴയപള്ളി ഉണ്ടായിരുന്ന സ്ഥലത്തു കൂടെ ഭൂമി നിരപ്പിൽ നിന്നും താഴെയായിപ്പോകുന്ന റോഡിന്റെ സൈഡിലെ കോൺക്രീറ്റ് ചുമരിൽ ആപള്ളിയുടെ ചിത്രം ആലേഖനം ചെയ്തു. എന്നിട്ടു ഇവിടെ പഴയ പള്ളിയുടെ ചരിത്രവും അത് മാറ്റിയതും എഴുതിവെച്ചു !!

നാല് പാലത്തിന്റെ പണി കഴിഞ്ഞു എന്ന് പറഞ്ഞില്ലേ.. അതിൽ കൂടെയെല്ലാം വാഹനങ്ങൾ ഓടുന്നു.. അപ്പൊ ഉത്ഘാടനം ആര് നടത്തി..?. ആരുടെയൊക്കെ പേര് ശിലാഫലകത്തിൽ വച്ച്?.. ആനയുണ്ടായിരുന്നോ?.. ഘോഷയാത്രയുണ്ടായിരുന്നോ?.. ഒന്നുമുണ്ടായില്ല.. പണി കഴിഞ്ഞു എന്ന് എല്ലാവരും സാക്ഷ്യ പത്രം ചെയ്ത അന്ന് രാത്രി പാലം തുറന്നു.

വാഹനങ്ങൾ ഓടിത്തുടങ്ങി. ശിലാഫലകവുമില്ല.. മന്ത്രിയുമില്ല !ഘോഷയാത്രയുമില്ല.! ഓ.. രാജഭരണത്തിനിൽ എന്ത് മന്ത്രി?. എന്ത് എം.പി?.. അല്ല ഇവിടെ പൊതുമരാമത്തു മന്ത്രിയുണ്ട്. സ്ഥലം എം. പിയുമുണ്ട്.. പക്ഷെ അവരൊന്നും ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല !

ഇനി ഞാൻ നമ്മുടെ പഞ്ചവടിപ്പാലത്തിലേക്കു തിരിച്ചു വരാം.

പഞ്ചവടിപ്പാലത്തിൽ ആവശ്യമുള്ള സിമെന്റിന്റെ മൂന്നിൽ ഒന്നാണത്രെ ഉപയോഗിച്ചത്!. കമ്പി കുറച്ചാണത്രെ ഉപയോഗിച്ചത്. കോൺട്രാക്ടർക്കു അമിത ലാഭം ഉണ്ടാക്കാൻ പാലത്തിന്റെ ഡിസൈൺ തന്നെ മാറ്റിക്കളഞ്ഞു പോലും ! ഇനി അന്താരാഷ്ട്ര തലത്തിൽ പാലം ഉണ്ടാക്കുന്നത് എന്ന് അറിയുന്ന രീതിയിൽ ചുരുക്കി ഒന്ന് പറയാം.

ആദ്യം ചെയ്യുക ആ പാലത്തിന്റെ ഡിസൈൻ ഉണ്ടക്കാൻ ഒരു consultancy യെ ഏൽപ്പിക്കുകയാണ്. ഡിസൈൻ എന്നാൽ അതിന്റെ പടം വരക്കുക എന്നതല്ല. Structural design. അഥവാ ആ പാലത്തിലൂടെ ഒരേ സമയം പോകാവുന്ന ഏറ്റവും വലിയ ഭാരം കയറ്റിയ വാഹനങ്ങളുടെ ഭാരം, ഒപ്പം മഴ, കാറ്റു, വെയിൽ ചൂട്, തണുപ്പ്, ഭൂമികുലുക്കം ഇത് കൊണ്ടൊക്കെ ഉണ്ടാക്കുന്ന ഭാരങ്ങൾ മാറ്റങ്ങൾ എല്ലാം കണക്കാക്കി പാലത്തിന്റെ സ്ളാബ് ബീമുകൾ, പില്ലറുകൾ എന്നിവയുടെ സൈസും അതിൽ ഉപഗോഗിക്കേണ്ട കമ്പിയും അതിൽ ഉപയോഗിക്കേണ്ട കോൺക്രീറ്റ്ന്റെ ക്വാളിറ്റി യും എല്ലാം തീരുമാനിക്കും. അതാണ് ഡിസൈനിങ്.

ഡിസൈൻ ചെയ്തതിനു ശേഷം അതെല്ലാം കാണിക്കുന്ന ഡ്രോയിങ്ങുകൾ ഉണ്ടാക്കും. ഒപ്പം അതിൽ ഉപയോഗിക്കേണ്ട വസ്തുക്കളുടെ ഗുണനിലവാരം, (കോൺക്രീറ്റ് , കമ്പി മുതൽ, എന്തിനു...കൈവരി ആയി ഉപയോഗിക്കുന്ന വസ്തു മുതൽ അതിൽ അടിക്കുന്ന പെയിന്റിന്റെ വരെ )ക്വാളിറ്റി വിവരിക്കുന്ന വിവരണം (specification) ഉണ്ടാക്കും. ഒപ്പം ടെൻഡർ വിളിക്കാൻ ആവശ്യമായ മറ്റു രേഖകളും.

പിന്നീട് ആ consultancy ഇതെല്ലം സർക്കാരിന് സമർപ്പിക്കും. സർക്കാരിലെ എൻജിനീയർ മാരോ അല്ലെങ്കിൽ സർക്കാർ നിയമിക്കുന്ന വേറെ ഏതെങ്കിലും consultancy യോ ആ ഡിസൈൻ പരിശോധിച്ച് എല്ലാം ശെരിയാണെന്നു ഉറപ്പു വരുത്തും.

പിന്നീട് ടെൻഡർ വിളിക്കും. ടെൻഡറിൽ ഇത്തരം ജോലികൾ മുൻ പരിചയമുള്ള കമ്പനികൾ പങ്കെടുക്കും. ടെൻഡർ അനുവദിച്ചു കഴിഞ്ഞാൽ പണി തുടങ്ങും. അതിനു മുൻപേ പണിയുടെ ഓരോഘട്ടവും പരിശോധിക്കാൻ, സർക്കാർ ഒരു consultancy യെ വക്കും. ആ consultancy യുടെ ആ പ്രോജെക്ടിൽ ജോലി ചെയ്യാൻ പോകുന്ന ഉദ്യോഗസ്ഥരുടെ ലിസ്റ്റ് അവർ സർക്കാരിന് സമർപ്പിക്കും. സർക്കാർ എൻജിനീയർമാർ അവരെ ഓരോരുത്തരെയും ഇന്റർവ്യൂ ചെയ്തു തിരഞ്ഞെടുക്കും. ഓരോരുത്തർക്കും ക്ര്യത്യമായ ഉത്തരവാദിത്തരങ്ങളും അധികാരവുമുണ്ടാകും.

അതെ പോലെ തന്നെ കോൺട്രാക്ടറുടെ ഭാഗത്തു നിന്നും പദ്ധതിയിൽ ജോലി ചെയുന്ന ഉത്തരവാദിത്വപ്പെട്ട മാനേജർ മുതൽ, എൻജിനീയർ, ഫോർമാൻ വരെയുള്ള, സാങ്കേതിക ജോലികൾ ചെയ്യുന്ന എല്ലാവരെയും consultancy ഇന്റർവ്യൂ ചെയ്തു തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടിത്തവർക്കു മാത്രമേ ആ പ്രോജെക്ടിൽ ജോലി ചെയ്യാൻ പറ്റൂ.

ഇനി ഉപയോഗിക്കുന്ന നിർമാണ വസ്തുക്കൾ, കൃത്യമായി അതിന്റെ ഗുണ നിലവാരം specification ഇൽ പറഞ്ഞട്ടുണ്ട് എങ്കിലും ഓരോ വസ്തുവിനയേയും സാമ്പിളുകൾ, (കമ്പി, സിമെന്റ് എല്ലാത്തിന്റെയും) കോൺട്രാക്ടിങ് കമ്പനി consultancy ക്കു സമർപ്പിക്കണം.. അത് മാർക്കറ്റിലെ അറിയപ്പെടുന്ന കമ്പനി നിർമ്മിക്കുന്നതാണെങ്കിൽ തന്നെയും അത് സർക്കാർ നിയന്ത്രണത്തിൽ ഉള്ള ലാബുകളിൽ അയക്കും.

അവർ പരിശോധിച്ചു ഗുണ നിലവാരം ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ കോൺട്രാക്ടർ ആ വസ്തു നിര്മാണത്തിനിനായി കൊണ്ട് വരാവൂ. സൈറ്റിലേക്ക് കൊണ്ട് എന്ത് വസ്തു കൊണ്ട് വന്നാലും അതിനു നിശ്ചയിച്ച സ്ഥലത്തെ സ്റ്റോർ ചെയ്യാവൂ. അങ്ങനെ കൊണ്ട് വന്ന സാധനങ്ങൾ രേഖാമൂലം കോൺസൾട്ടൻസി യുടെ സൈറ്റിലെ സ്റ്റാഫിനെ അറിയിക്കണം. അവർ അത് പരിശോധിക്കണം. ഇടയ്ക്കിടയ്ക്ക് അതിൽ നിന്നും സാമ്പിൾ എടുത്തു വീണ്ടും ടെസ്റ്റിന് അയക്കണം. !

ആദ്യമേ പറഞ്ഞല്ലോ പാലത്തിനു കൃത്യമായ ഡ്രോയിങ് ഉണ്ടാകുമെന്നു. എന്നാൽ പണി തുടങ്ങിമ്പോൾ കോൺട്രാക്ടർ പാലത്തിന്റെ ഓരോ ഭാഗത്തിന്റെയും (ഫൌണ്ടേഷൻ, പില്ലർ, ബീം മുതലായ) ഓരോ ഭാഗത്തിന്റെയും ഡീറ്റൈൽ ആയുള്ള ,കമ്പിയുടെ നീളം, വണ്ണം, എല്ലാം കാണിക്കുന്ന ഡ്രോയിങ് വീണ്ടും ഉണ്ടാക്കി അതെല്ലാം consultancy ക്കു വീണ്ടും സമർപ്പിക്കണം.

അത് വീണ്ടും consultancy യുടെ പണിസ്ഥലത്തെ നല്ല പരിജ്ഞാനമുള്ള എൻജിനീയർമാർ ഡിസൈൻ drawing മായി ഒത്തു നോക്കണം. (Design drawing ന്റെ concept ഇൽ നിന്നും ഒരുമാറ്റവും വരുത്താൻ പണിസ്ഥലത്തെ കോൺട്രാക്ടർക്കോ consultancy യിലെ സൈറ്റ്ലെ എഞ്ചിനീയര്മാര്ക്കോ അധികാരമില്ല. എന്തെങ്കിലും കാരണം കൊണ്ട് എന്തെങ്കിലും മാറ്റം വേണമെങ്കിൽ ഡിസൈൻ ചെയ്ത എഞ്ചിനീയർക്കേ അധികാരമുള്ളൂ. ).

ഇങ്ങനെ ഒത്തു നോക്കി ഉറപ്പാക്കിയ ഡ്രോയിങ് consultancy യുടെ സൈറ്റിലെ എൻജിനീയമാർ അംഗീകരിച്ചതിനു ശേഷം അവർ അതിൽ ഒപ്പിട്ടു

അതിന്റെ ഒരു കോപ്പി അവർ വക്കുകയും ഒരു കോപ്പി സർക്കാരിനും, ഒരു കോപ്പി കോൺട്രാക്ടർക്കും കൊടുക്കും. അതുപയോഗിച്ചു അതിനു അനുസരിച്ചേ പണി നടക്കൂ.

നിർമ്മാണത്തിനിന്റെ ഓരോഘട്ടത്തിലും ആ drawing വച്ചു consultancy യുടെ എൻജിനീയർമാർ പണി പരിശോധിച്ച് കൊണ്ടിരിക്കുന്ന താണ്. ഉദാഹരണത്തിനിന് ഒരു പാലത്തിന്റെ പില്ലറിന്നു കുഴി എടുത്താൽ അത് എത്രതാഴ്ച്ചയിൽ കുഴിക്കണം എന്ന് നേരത്തെ മണ്ണ് പരിശോധിച്ച് തീരുമാനിച്ചു അത് ഡ്രോയിങ്ൽ കാണിച്ചു കാണും. അഥവാ കുഴി എടുത്ത് കഴിഞ്ഞാൽ കോൺട്രാക്ടർ അത് പരിശോധിക്കുവാൻ consultancy യിലെ എഞ്ചിനീയര്മാരോട് രേഖാമൂലംആവശ്യപ്പെടണം.

അവർ പരിശോധിച്ച് ഉറപ്പു വരുത്തി രേഖാമൂലം അനുവാദം കൊടുത്താലേ ഓരോ ഘട്ടവും പണി നടക്കാവൂ ഒരു പില്ലറിന് കമ്പി കെട്ടിയാൽ അത് അത് പോയി പരിശോധിച്ച് രേഖാമൂലം അംഗീകരിക്കണം.consultancy യിലെ എൻജിനീയർ മാർ ഒപ്പിട്ടു കൊടുക്കണം.എന്നാൽ മാത്രമേ കോൺക്രീറ്റ് ചെയ്യാൻ പറ്റൂ.അതായത് പരിശോധിക്കുന്നവർക്കും നല്ല ഉത്തരവാദിത്വമുണ്ട്.

ഇനി സൈറ്റിലേക്ക് കൊണ്ട് വരുന്ന കോൺക്രീറ്റ്. .കോൺക്രീറ്റ് മുഴുവൻ റെഡി മിക്സ് കമ്പനിയിൽ നിന്നാണ് വരുന്നത്.നാട്ടിലും ഇപ്പോൾ റെഡി മിക്സ് കമ്പനികൾ ധാരാളമുണ്ടല്ലോ .വരുന്ന കോൺക്രീറ്റ് ന്റെ സാമ്പിളുകൾ എടുക്കും. അതിന്റെ വിവിധ ഗുണ നിലവാരം പരിശോധിക്കുന്ന വിവിധ ടെസ്റ്റുകൾ ഓരോ സമയം കോൺക്രീറ്റ് നടക്കുമ്പോഴും ചെയ്തു കൊണ്ടിരിക്കും.

എന്തിനു കൊണ്ട് വരുന്ന കോൺക്രീറ്റ് ന്റെ താപം പോലും പരിശോധിക്കും. ഇങ്ങനെയെല്ലാം നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും കൃത്യമായി പരിശോധനകൾ നടത്തിക്കൊണ്ടും മാത്രമേ ഓരോ നിർമ്മാണപ്രവർത്തി മുന്നോട്ടു പോകൂ..എന്തിനു ഇടയ്ക്കിടയ്ക്ക് കോൺക്രീറ്റ് കൊണ്ട് വരുന്നകമ്പനിയിൽ പോയി അവർ കോൺക്രീറ്റിനു ഉപയോഗിക്കുന്നവെള്ളം പോലും പരിശോധിക്കും..

അപ്പോൾ മനസ്സിൽ ഒരു ചോദ്യം ഉയരുന്നു അല്ലെ ?കോൺക്രീറ്റിൽ ഏതു വെള്ളം ഉപയോഗിച്ചാൽ എന്ത്?..അല്ല കോൺക്രീറ്റിനു ഉപയോഗിക്കുന്ന വെള്ളത്തിന് പോലും ഗുണ നിലവാരമുണ്ട്.അത് ഉറപ്പു വരുത്തേണ്ടതുണ്ട്.!!!

ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി കൃത്യമായി പരിശോധനകൾ നടത്തി ഉത്തരവാദിത്വപ്പെട്ടവർ അധികാരവും ഉത്തരവാദിത്വവും ഷെയർ ചെയ്തു ഏറ്റെടുത്ത് കൊണ്ടാണ് വിദേശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് .അങ്ങനെയായാണ് നാമും നടത്തേണ്ടത് .എങ്കിലേ ഇനിയും പഞ്ചവടിപ്പാലങ്ങൾ ഉണ്ടാകാതിരിക്കൂ !

 

Advertisment