Advertisment

എഞ്ചിനീയർ സഹോദരൻ

author-image
ജോയ് ഡാനിയേല്‍, ദുബായ്
Updated On
New Update

"സഹോദരാ, അങ്ങേയ്ക്ക് ഉറുദു അറിയുമോ?"

Advertisment

ജോലിത്തിരക്കിന്റെയും, യാത്രയുടെയും ഭാരം ഫ്ലാറ്റിലേക്ക് ഓടിച്ചെന്ന് കുടഞ്ഞിടാൻ പോകുന്ന വഴിയിലാണ് എന്റെ മുന്നിൽ എളിമയുടെയും ഭവ്യതയുടെയും പ്രവാചകനെപ്പോലെ ഒരു പാകിസ്ഥാനി പ്രത്യക്ഷപ്പെട്ടതും മേൽപറഞ്ഞ ചോദ്യം ചോദിക്കുന്നതും.

ഞാൻ ആ മനുഷ്യന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ദുബായ് ഖിസൈസിലെ തലാൽ സൂപ്പർമാർക്കറ്റിന്റെ വെള്ളി വെളിച്ചത്തിൽ അയാൾ തിളങ്ങുകയായിരുന്നു.

"കുറച്ചറിയാം..." ജീവിക്കാൻവേണ്ടി മാത്രം കൈയിൽ കരുതിവച്ചിരിക്കുന്ന വെടിമരുന്നായ ഹിന്ദി ഞാനെടുത്ത് അയാൾക്കിട്ടുകൊടുത്തു.

publive-image

"നന്ദി. അങ്ങെന്നെ ഒരു സഹോദരനായി കണ്ടാലും.." അത് കേട്ട് ഞാൻ അതുഭുതപെട്ടു. വീട്ടിൽ പോലും സഹോരൻമാർ വരാൻമടിക്കുന്ന ഇക്കാലത്ത് ഇതാരാണാവോ വഴിയിൽ വന്നുപെട്ട സഹോദരൻ? ഇന്ത്യ എൻറെ രാജ്യമെന്നും എല്ലാ ഇന്ത്യക്കാരും എൻറെ സഹോദരീ സഹോദരന്മാരാണെന്നും ഉള്ളതിനപ്പുറമൊന്നും സ്‌കൂളിൽപോലും പഠിച്ചിട്ടുമില്ല. വെട്ടിമുറിക്കപ്പെടുന്നതിന് മുമ്പ് നീയും എൻറെ സഹോദരനായിരുന്നല്ലോ എന്ന് വെറുതെയൊന്ന് ആലോചിച്ച് ഞാൻ പറഞ്ഞു.

"സന്തോഷം" ഇതും പറഞ്ഞ് മുന്നോട്ട് നടക്കാനാഞ്ഞ എൻറെ തോളിൽ ഒരു സ്വാന്ത്വനത്തിനെന്നപോലെ അയാളുടെ കരം സ്പർശിച്ചു. ഒപ്പം ഒരു തടിച്ച പ്ലാസ്റ്റിക്ക് ഫയൽ എന്നെ ഉയർത്തികാട്ടി അയാൾ പറഞ്ഞു.

"സഹോദരാ, ഞാനൊരു എഞ്ചിനീയറാണ്. വിസിറ്റ് വിസയ്ക്ക് വന്നിരിക്കുന്നു. ഒരുപാട് സ്ഥലത്ത് ഇന്റർവ്യൂവിന് പോയി. എന്നാൽ ഇതുവരെ ജോലിശരിയായില്ല. എനിക്ക് അങ്ങയുടെ ഒരു സഹായം വേണം.."

എന്താണയാളുടെ ഉദ്ദേശലക്ഷ്യം എന്ന് മനസ്സിലാകാതെ ഞാൻ അയാളെ അടിമുടിയൊന്ന് നോക്കി. നല്ല ഉയരം, ആരോഗ്യം, എഞ്ചിനീയറാണെന്നും പറയുന്നു. കൈയ്യിലിരുന്ന ഫയൽ തുറന്ന് സർട്ടിഫിക്കറ്റുകളുടെ കോപ്പി അയാൾ പ്രദർശിപ്പിച്ചു. അതിലൂടെ കണ്ണോടിച്ച് ഞാൻ ബാക്കി സംസാരം ഇംഗ്ലീഷിലേക്ക് മാറ്റിപിടിച്ചു. മറുനാട്ടിൽ ജീവിക്കാൻ വേണ്ടിമാത്രമുള്ള അടുത്ത ഭാഷ.

"എഞ്ചിനീയർ ആയിട്ടും, ഇത്രമാത്രം യോഗ്യതകൾ ഉണ്ടായിട്ടും എന്താണ് താങ്കൾക്ക് ഇതുവരെ ജോലി ശരിയാകാഞ്ഞത്?. ഒരു കാര്യം ചെയ്യൂ, താങ്കളുടെ ഒരു സി.വി എനിക്ക് തരൂ. ഞാനും ശ്രമിക്കാം"

ഞാൻ ഭാഷ മാറ്റിപിടിച്ചപ്പോൾ അയാൾ ഒന്ന് പരുങ്ങി. എന്നിട്ട് ഉറുദുവിൽത്തന്നെ തുടർന്നു.

"അത്... സാർ...ഭായി...എനിക്ക് ഇത്തിരി പണം തരൂ.. ജോലികിട്ടുമ്പോൾ ഞാൻ തിരികെ തരാം.."

അയാൾ എഞ്ചിനീയാറായിരുന്നില്ലെന്ന് സംസാരത്തിൽ നിന്നുതന്നെ ഗ്രഹിക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ. ഒരു വാക്കുപോലെ ആംഗലേയം പറയാൻ അറിയാത്ത എഞ്ചിനീയർ ? ആ കണ്ണുകളിൽ തിളങ്ങുന്ന കാപട്യം ഞാൻ വായിച്ചെടുത്തു. എന്നിട്ട് പറഞ്ഞു.

"സഹോദരാ, നിങ്ങൾ കള്ളം പറയുന്നത് ആദ്യം നിർത്തൂ. നിങ്ങളുടെ സംസാരത്തിൽ നിന്നും എഞ്ചിനീയർ അല്ലെന്ന് മനസ്സിലാകും. ഒരു ഇന്റർവ്യൂന് പോകുമ്പോൾ ഇഗ്ളീഷ് അറിയാതെ എങ്ങിനെ നിങ്ങൾ സംസാരിക്കും? നിങ്ങൾ എനിക്ക് ഒരു കാര്യം പറഞ്ഞുതരാമോ? എന്താണ് എഞ്ചിനീയറിങ്ങ്? മൂന്ന് നാല് ടൈപ്പ് എഞ്ചിനീറിങ്ങ് ഏതൊക്കെയാണെന്ന് ഒന്ന് പറയാമോ?"

ചോദ്യശരങ്ങൾ ഒന്നൊന്നായി ഏറ്റപ്പോൾ അയാളുടെ മുഖം കാർമേഘം കയറി മൂടിയപോലെ മ്ലാനമായി. ശാപവാക്കാണോ അതോ ചീത്തയാണോ എന്നെനിക്ക് മനസ്സിലാകാത്ത എന്തോ ഒന്ന് ചുണ്ടിലിട്ട് അമ്മാനമാടി പ്രത്യക്ഷപെട്ടതിനേക്കാൾ വേഗത്തിൽ അയാൾ എന്റെമുന്നിൽനിന്നും അപ്രത്യക്ഷനായി.

ആരും വിളിക്കാത്തതുപോലെ ഒരിളം കാറ്റ് എന്നെ വന്ന് തലോടികൊണ്ടിരുന്നു. പിന്നിൽ വെട്ടിത്തിളങ്ങുന്ന തലാൽ സൂപ്പർമാർക്കറ്റിന്റെ വെളിച്ചം സാക്ഷിനിർത്തി ഞാൻ ഫ്ലാറ്റിലേക്ക് നടത്തം തുടർന്നു. ഒരു വാചകമേളയിൽ വിജയിക്കാനായെങ്കിലും ആ പാകിസ്ഥാനിയുടെ പുളിച്ചത്തെറി പിന്തുടരുന്നുണ്ടോ എന്ന സംശയത്തോടെയായിരുന്നു നടപ്പ്.

Advertisment