Advertisment

ശശിയേട്ടന്റെ വീട്ടിലെ വേറിട്ടൊരു നോമ്പ് തുറ: ഓർമയിലെ നോമ്പനുഭവം

author-image
admin
Updated On
New Update

- സലാം സുറുമ എടത്തനാട്ടുകര

Advertisment

publive-image

'മാഷേ, നാളേ എന്റെ വീട്ടിലേക്ക് നോമ്പ് തുറക്കാന്‍ വരണം.'

അട്ടപ്പാടിയിലെ കുടിയേറ്റ കര്‍ഷകനായ ശശിയേട്ടന്റെ ആ ക്ഷണം ഇന്നും എന്റെ മനസ്സില്‍ പച്ച പിടിച്ചു കിടക്കുന്നു.

വര്‍ഷം1998. മണ്ണാര്‍ക്കാട് എം. ഇ. എസ്. കല്ലടി കോളേജില്‍ ഡിഗ്രീ രണ്ടാം വര്‍ഷം പഠനം നടക്കുന്നതിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനത്തിലൂടെ അട്ടപ്പാടി കാരറ ഗവ. എല്‍. പി. സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുമ്പോഴാണ് ഈ അസാധാരണ നോമ്പ് തുറക്ക് ക്ഷണം ലഭിച്ചത്.

മണ്ണാര്‍ക്കാട് ആനക്കട്ടി റൂട്ടില്‍ ഗൂളിക്കടവില്‍ നിന്നും ഏഴ് കിലോ മീറ്റര്‍ അകലെയുള്ള കാരറയെന്ന കുടിയേറ്റ പ്രദേശത്ത് രണ്ട് മുസ്‌ലീം കുടുംബം മാത്രമാണ് അന്നുള്ളത്. ജുമുഅയില്‍ പങ്കെടുക്കണമെങ്കില്‍ 9 കിലോ മീറ്റര്‍ അകലെയുള്ള അഗളിയില്‍ എത്തണം. ബാങ്ക് വിളി കേള്‍ക്കാന്‍ പോലും കൊതിച്ചു പോകും.

കാരറയില്‍ എത്തിയപ്പഴേ ഇപ്രാവശ്യത്തെ നോമ്പ് വലിയ പരീക്ഷണം ആയിരിക്കുമെന്ന് ബോധ്യപ്പെട്ടു.

എടത്തനാട്ടുകരയില്‍ നിന്നും കാരറയിലേക്ക് മൂന്നര മണിക്കൂറിലേറെ യാത്രാ ദൂരം ഉണ്ട്. യാത്രാ സൗകര്യങ്ങളും കുറവ്. തിങ്കളാഴ്ച ചുരം കയറി വെള്ളിയാഴ്ച വരെ സ്‌കൂളിനടുത്ത് തന്നെ തന്നെ താമസിക്കുകയായിരുന്നു പതിവ്.

കൂട്ടിന് മണ്ണാര്‍ക്കാട് പുല്ലുവായില്‍കുന്ന് സ്വദേശിയായ പ്രധാനാധ്യാപകന്‍ കൃഷ്ണന്‍ കുട്ടി മാഷും കാരറ പോസ്റ്റോഫീസിലെ പോസ്റ്റ്മാനായ തച്ചമ്പാറ മുതുകുര്‍ശ്ശി സ്വദേശി രാമചന്ദ്രനും ഉണ്ടായിരുന്നു. സ്‌കൂളിന് മുന്‍പിലുള്ള വാസുവേട്ടന്റെ ചായക്കടയില്‍ നിന്നുമാണ് അഞ്ചു നേരവും ഭക്ഷണം കഴിച്ചിരുന്നത്. ശമ്പളം കിട്ടുമ്പോള്‍ പറ്റു തീര്‍ത്തു കൊടുക്കും.

റമദാന്‍ അടുത്തു. അത്താഴവും നോമ്പ് തുറയും എല്ലാം അവതാളത്തില്‍ ആകും എന്ന പൂര്‍ണ്ണ ബോധ്യത്തോടെ തന്നെ നോമ്പ് എടുക്കല്‍ ആരംഭിച്ചു. നേന്ത്രപ്പഴവും വെള്ളവും കൊണ്ട് അത്താഴം ഒപ്പിച്ചു. നോമ്പ് തുറക്കാന്‍ വാസുവേട്ടന്റെ കടയില്‍ നിന്നും ചായയും ചൂട് ബോണ്ടയും തന്നെ ശരണം. രാത്രിയില്‍ കഴിക്കുന്ന കഞ്ഞിയും ചോറും അല്ലാത്ത 'ചൊറിഞ്ഞി' എന്ന് ഞങ്ങള്‍ പേരിട്ട ഭക്ഷണവും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

രണ്ട് ദിവസം തുടര്‍ച്ചയായി പകല്‍ സമയത്ത് ഭക്ഷണം കഴിക്കാന്‍ ചെല്ലാത്തതിന്റെ കാരണം തിരക്കിയ വാസുവേട്ടന്റെ ഭാര്യ കൗസല്യ ചേച്ചി അപ്പോഴാണ് നോമ്പിന്റെ കാര്യം അറിഞ്ഞത്. ഹോട്ടലിലെ സഹായിയായ പയ്യനെ വിട്ട് എന്നെ വിളിപ്പിച്ചു. നോമ്പിന്റെ കാര്യം മുന്‍കൂട്ടി പറയാത്തതിന് ചെറിയ രൂപത്തില്‍ വഴക്ക് പറഞ്ഞു.

നോമ്പ് തുറക്ക് പ്രത്യേക വിഭവങ്ങള്‍ ഒന്നും ഉണ്ടാവില്ല. നല്ല ചൂടു ചായയും ബോണ്ടയും നെയ്യപ്പവും ഉണ്ടാകും. അതു കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു.

രാത്രി എട്ടരക്ക് വിളമ്പുന്ന 'ചൊറിഞ്ഞി' ഏഴര മണിയോടെ തന്നെ തരാം. പുലര്‍ച്ചെ നാലര മണിക്ക് എണീറ്റ് എനിക്ക് മാത്രമായി ചൂടു ദോശയും ചട്‌നിയും കട്ടന്‍ ചായയും ഉണ്ടാക്കി തരാം എന്ന ഓഫര്‍ എന്റെ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ചു.

നോമ്പ് മൂന്നാമത്തെ പത്തില്‍ എത്തിയപ്പോഴാണ് തറപ്പേല്‍ ശശിയേട്ടന്റെ നോമ്പ് തുറക്കുള്ള ക്ഷണം ലഭിച്ചത്. പ്രധാനാധ്യാപകന്‍ കൃഷ്ണന്‍ കുട്ടി മാസ്റ്റര്‍, പോസ്റ്റ്മാന്‍ രാമചന്ദ്രന്‍, കാരറയിലെ സുഹൃത്തുക്കളായ ബിജു, ഷാജി എന്നിവരെയും ശശിയേട്ടന്‍ നോമ്പ് തുറക്കായി ക്ഷണിച്ചിരുന്നു.

എല്ലാവര്‍ക്കുമൊപ്പം ഒന്നര കിലോ മീറ്ററോളം നടന്ന് ശശിയേട്ടന്റെ വീട്ടിലെത്തി. തെക്ക് ഭാഗത്ത് നിന്നുള്ള കുടിയേറ്റ കര്‍ഷകനായ ശശിയേട്ടന്റെ വീടര്‍ക്ക് ഇറച്ചിയും പത്തിരിയും ഒന്നും ഉണ്ടാക്കാന്‍ അറിയില്ല എന്ന് ക്ഷണിക്കുന്ന സമയത്തു തന്നെ മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു.

തണുത്ത പച്ചവെള്ളം, നാടന്‍ പേരയ്ക്ക, വായില്‍ ഇട്ടാല്‍ അലിഞ്ഞു പോകുന്ന രൂപത്തിലുള്ള വെന്തുടഞ്ഞ കപ്പ, പുഴുങ്ങിയ കാച്ചില്‍ (കാവത്ത്), തൊട്ടു കൂട്ടാന്‍ വെളിച്ചെണ്ണയൊഴിച്ച പാകത്തെ എരിവുള്ള രസികന്‍ ഉള്ളിചമ്മന്തി എന്നിവയാണ് നോമ്പ് തുറ വിഭവങ്ങള്‍. കൂട്ടിന് ആവി പറക്കുന്ന കട്ടന്‍ കാപ്പിയും. വിഭവങ്ങള്‍ എല്ലാവരും ആസ്വദിച്ച് കഴിച്ചു.

എല്ലാറ്റിനും നന്ദി പറഞ്ഞ്, കൈ കൊടുത്ത് വീട്ടില്‍ നിന്നിറങ്ങുമ്പാള്‍ ഒരു വിശ്വാസിയെ നോമ്പ് തുറപ്പിച്ചതില്‍ ശശിയേട്ടന്റെ മുഖത്ത് കണ്ട സന്തോഷവും സംതൃപ്തിയും ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

തീന്‍മേശ നിറയെ വിഭവങ്ങള്‍ നിരന്ന ഒരുപാട് ഇഫ്താര്‍ പാര്‍ട്ടിയില്‍ പില്‍ക്കാലത്ത് പങ്കെടുത്തിട്ടുണ്ടെങ്കിലും ശശിയേട്ടന്റെ ഈ നോമ്പ് തുറയുടെ അത്രക്കൊന്നും ആസ്വാദനം വന്നിട്ടില്ല മറ്റൊരു നോമ്പു തുറക്കും...

Advertisment