പേര് കെവിൻ, ചെയ്ത കുറ്റം പ്രണയിച്ചു എന്നത്, വിധിച്ചതോ മരണം.. ! ഉത്തരവാദിത്തം ആർക്ക്..!! ഭരണകൂടത്തിനോ, അതോ ചിന്താഗതികൾക്കോ…? !

കൊട്ടാരക്കര ഷാ
Tuesday, May 29, 2018

വലിയ വിവാദങ്ങളും ചർച്ചകളും നിറഞ്ഞു നിലവിലെ ഭരണ സംവിധാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു മരണത്തെ കുറിച്ച് പറയും മുൻപ് നീനു എന്ന പ്രിയപ്പെട്ട സഹോദരിയോട്‌…

“കെവിനെയോർത്ത് നീ കരയരുത് നീനു…

നിനക്ക് പാടിയാശ്വസിക്കാൻ കാലങ്ങൾക്ക് മുന്നേ അവരൊരു കവിത രചിച്ചിട്ടുണ്ട്.
തണുത്ത് വിറങ്ങലിച്ച കെവിന്റെ മൃതശരീരത്തെ നോക്കി നീ പാടുക..

“വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും”

അടുത്ത ജന്മത്തിൽ നിങ്ങളൊന്നാവട്ടെ…”

ഇതിന്നലെ വൈകി നവമാധ്യമങ്ങളിൽ എവിടെയോ കണ്ടത്.!

ഇനി ഒരു സംഭവ കഥ:

ഒരിക്കൽ നടൻ ശ്രീനിവാസൻ പറഞ്ഞു..
എന്റെ കല്യാണ സമയം, മദ്രാസിൽ അത്ര നല്ല സ്ഥിതിയിലേ അല്ല അന്ന്; കല്യാത്തിന് നാട്ടിൽ പോകാൻ വേണ്ടി ഇന്നസെന്റ് ചേട്ടനോട് 400 രൂപ വാങ്ങി വീട്ടിൽ എത്തി, അപ്പോൾ അമ്മ പറഞ്ഞു, “മോനെ… അവളുടെ കഴുത്തിൽ കെട്ടാൻ എങ്കിലും ഒരു സ്വർണത്തിന്റെ മാല വേണ്ടേ…അങ്ങനെ ആണ് നാട്ടു നടപ്പ്..”

അപ്പോൾ കണ്ണൂരിൽ ഷൂട്ടിങ് നടക്കുന്നു, ആരുടെ മമ്മൂട്ടി എന്ന നായക നടന്റെ, അന്നു സൂപ്പർ മെഗാ സ്റ്റാർ ഒന്നും ആയിട്ടില്ല. ശ്രീനിവാസൻ അവിടെ പോയി കാര്യങ്ങൾ പറഞ്ഞു. 1000 രൂപ അന്നു മമ്മൂട്ടി കൊടുത്തു, അങ്ങനെ വിവാഹം ഭംഗിയായി നടന്നു. ശ്രീനിവാസൻ പറയുന്നു..

ക്രിസ്ത്യൻ ആയ ഇന്നസെൻറ് ചേട്ടൻ..
മുസ്ലിം ആയ മമ്മൂട്ടി.. ഹിന്ദു ആയ ഞാൻ അവർ തന്ന പൈസ കൊണ്ട് വിവാഹം കഴിച്ചു.
അദ്ദേഹം ചോദിക്കുന്നു..
എന്ത് ജാതി എന്ത് മതം…???

ഇപ്പോൾ ഇവിടെ ഈ 2018ൽ…

പ്രണയിച്ചു എന്ന ഒറ്റ കാരണത്തിന്റെ പേരിൽ ഒരു ചെറുപ്പകാരന്റെ ജീവനെടുത്തിരിക്കുന്നു..!!

ആലോചിച്ചു നോക്കുക, ഒരു യുവാവും യുവതിയും പ്രണയിച്ചു വിവാഹം കഴിക്കുന്നു, യുവതിയുടെ വീട്ടുകാർക്ക് ഇവരുടെ പ്രണയം സമ്മതമായിരുന്നില്ല. ഒടുവിൽ വിവാഹം ചെയ്ത യുവാവിന്റെ ക്രൂരമായ കൊലപാതകത്തിൽ എത്തി. ഈ ക്രൂരത നിറഞ്ഞ ചിന്താഗതിയെ ഓർത്തു ഇവിടെ വേദനിക്കാൻ ആരുമില്ല.

ഈ ദാരുണ സംഭവത്തിനെ പറ്റിയുള്ള വിമർശ്ശനങ്ങളും ന്യായീകരണങ്ങളും പലതും ഒരുതരത്തിലും മനസ്സിലാകുന്നില്ല. കേൾക്കുന്ന വാർത്തകൾ വിചിത്രമാണ്..

സവർണ്ണൻ അവർണ്ണനെ കൊന്നു..!

കൊലപാതകത്തിന് കൂട്ട് ഇടതുപക്ഷ യുവജന സംഘടന പ്രവർത്തകർ എന്നൊരു വിഭാഗം..!!

പെൺകുട്ടിയുടെ സഹോദരൻ മുൻ യൂത്ത് കോൺഗ്രസ്സ് കാരനാണെന്ന് എതിർവിഭാഗം..!!!

ഇതെല്ലാമാണോ ഈ കൊടും പാതകത്തിൽ അവസാനിച്ച സംഭവത്തിനു കാരണം..?

കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ മൊത്തത്തിൽ ഭൂരിപക്ഷം മാതാപിതാക്കളും പ്രേമ വിവാഹത്തിനെ എതിർക്കുന്നവരാണ്. ഇവിടെ പെൺകുട്ടിയുടെ പിതാവ് റോമൻ കാത്തലിക് ക്രിസ്ത്യാനിയും അമ്മ മുസ്ലീം മതക്കാരിയുമാണ് എന്നാണു അറിയാൻ കഴിഞ്ഞത്.

ഈ രണ്ട് കുടുംബങ്ങൾ ഇപ്പോഴും നല്ല ബന്ധത്തിലായതു കൊണ്ടാണല്ലോ ഈ സംഭവത്തിൽ അമ്മയുടെ കുടുംബക്കാരും ഉൾപെട്ടിട്ടുള്ളത്‌….!?

ഇവരെ ഏതു വഴിക്കാണ് “സവർണ്ണൻ” എന്ന് പറയുന്നത്…??

ഇനി ആൺകുട്ടിയുടെ കുടുംബക്കാർ മറ്റൊരു സഭയിൽ പെട്ടവരും പണ്ട് ക്രിസ്തുമതം സ്വീകരിച്ച പിന്നോക്കക്കാരുടെ പിൻതലമുറക്കാരാണ്, ഇത് ഒരു വലിയ പ്രശ്നാമാണെന്നു കരുതാമോ, പകരം സ്വാഭാവികമായും ഇവരുടെ സാമ്പത്തിക സ്ഥിതിയിലെ അന്തരമല്ലേ വീട്ടുകാർക്ക് എതിർപ്പുണ്ടാക്കിയിരിക്കാൻ കാരണമാവുക..! കാശുള്ളവൻ ഇല്ലാത്തവന് പെണ്ണുകൊടുക്കില്ല എന്ന ഉച്ചനീചത്വമല്ലേ സത്യത്തിൽ സാക്ഷരത നിറഞ്ഞ ഈ മണ്ണിൽ നടന്നത്…??

ഇതിനിടയിൽ, ക്രിസ്ത്യാനികളിലെ ഈ ജാതി വേർതിരിവ് ചർച്ച ചെയ്യപ്പെടണം! എന്നൊരു കൂട്ടർ…

കൊല ചെയ്യപ്പെട്ട വരൻ ദളിത് ക്രൈസ്തവനും കൊല ചെയ്തത് സവർണ്ണ സുറിയാനി ക്രിസ്ത്യാനി വധുവിന്റെ വീട്ടുകാരും സംഭവം നടന്നത് പ്രബുദ്ധ കേരളത്തിലും….!! നമുക്ക് ഇങ്ങനെ നിസാരവത്കരിച്ച്‌ ഈ വിഷയത്തെ എങ്ങനെ കാണാനാവുന്നു..?

കണ്ടില്ലെന്നു നടിക്കുന്ന ഒരു വലിയ സത്യമുണ്ട് നമ്മുടെ ഈ സമൂഹം ഇന്നും നൂറ്റാണ്ടുകൾ പിറകിലേക്ക് സഞ്ചരിക്കുകയാണ്; ശരീരത്തിന്റെ തൊലിയുടെ നിറം നോക്കിയും, ചെയ്യുന്ന ജോലിയുടെ തരം നോക്കിയും, ജാതീയമായി ഉപയോഗിച്ച് ആ പഴയ സമൂഹത്തിലേക്ക് നാം നടന്നടുക്കുകയാണ് അതിന്റെ പ്രതിഫലനമാണ് നാം ഇന്ന് കേട്ടുകൊണ്ടിരിക്കുന്ന ദുരഭിമാനക്കൊലകൾ എന്നേ പറയാനാവൂ…
എന്ത് മാനദണ്ഡമാണ് ഇവിടെ മനുഷ്യനെ സവർണ്ണരെന്നും ദളിതനന്നെന്നും നിറം ചാർത്തുന്നത്?

ഒരു പെൺകുട്ടിയുടെ ജീവിതത്തെക്കാളും, അവളുടെ പ്രതീക്ഷകളെക്കാളും നിറം എന്നു മുതലാണ് ദുരഭിമാനത്തിന് ചാർത്തപ്പെട്ടത് എന്നു മലയാളി തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു.

“എന്ത് ലോകമാണിത്…
ഇനി ആ പെൺക്കുട്ടി എങ്ങനെ ജീവിക്കുമെന്ന് അവരാരെങ്കിലും ആലോചിച്ചോ….
അതും വീട്ടുകാർ തന്നെയാണ് ഇത് ചെയ്തതെന്ന് ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു….
എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ എന്ന് വിചാരിച്ചാൽ പോരായിരുന്നോ അവർക്ക്…..”

നിഷ്കളങ്കത നിറഞ്ഞ ഈ ചോദ്യം ചോദിച്ചത് മുഖപുസ്തത്തിലെ ഒരു സഹോദരിയാണ്..

കെവിൻ ഒരു പ്രതീകമാണ്; സ്നേഹത്തിന്റെ പ്രതീകം..! അല്ലെങ്കിൽ ഈ വാക്കിനേക്കാൾ കൂടുതൽ യോജിക്കുക പ്രണയത്തിന്റെ രക്തസാക്ഷി എന്നു തന്നെയാവും. പ്രണയത്താൽ മരണത്തിന്റെ രക്തസാക്ഷിത്വം ഏറ്റുവാങ്ങിയ പ്രതീകം.

ഒരു സമൂഹത്തിൽ പ്രണയം മരിക്കുക എന്നാൽ നമ്മുടെ നന്മ മരിക്കുന്നു എന്ന് തന്നെയാണ്…ഒന്നോർക്കുക..
ചെയ്തതിനോടോ ചെയ്തവരോടോ ഇത്തരം ദുരഭിമാന കൊലയെ കുറിച്ചോ ആർക്കും പരാതി ഇല്ല….
എല്ലാർക്കും ചർച്ച മതവും, ഇതിലെ രാഷ്ട്രീയവും മാത്രം..!

സത്യത്തിൽ ആദ്യം മാറേണ്ടത് :

സമൂഹത്തിന്റെ പ്രണയ വിവാഹങ്ങളോടുള്ള എതിർപ്പല്ലേ…?!
വർഗീയതയും ഈ വിഷയത്തിലെ രാഷ്ട്രീയവും അല്ലേ..??

സ്വന്തം പെങ്ങൾ വിധവ ആയാലും വേണ്ടില്ല പ്രേമിച്ചു കെട്ടിയ ചെറുക്കന്റെ ജാതിയും രാഷ്ട്രീയവും നോക്കി കൊല്ലണം, എന്നാലേ കുടുംബത്തിന്റെ മാനം രക്ഷിക്കപ്പെടൂ എന്ന മുടിഞ്ഞ ചിന്താഗതിയാണ് തിരുത്തപ്പെടേണ്ടത്. അത് പോലീസിനെ ചീത്ത വിളിക്കുന്നതിനൊപ്പവും ട്രോളി സമയം കളയുന്നതിനൊപ്പവും എല്ലാ മലയാളികളും ഓർക്കുന്നത് നന്ന്…. !

×