Advertisment

വോളിബോൾ താരം രാജീവൻ നായരുടെ ഓർമ്മയ്ക്കായി തൊടുപുഴ മുട്ടത്തു വോളിബോൾ അക്കാദമി ആരംഭിക്കുന്നു

author-image
admin
New Update

- ഷാജി ഈപ്പൻ  

(എം ജി  യൂണിവേഴ്സിറ്റി മുൻ യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം....)

Advertisment

നുവരി 29. ജന പ്രിയ വോളി ബോൾ താരം രാജീവൻ നായരുടെ മൂന്നാമത് ചരമ വാർഷിക ദിനമാണ്.  കേരള വോളിബോൾ കണ്ട ഈ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ നമ്മെ വിട്ട് പിരിഞ്ഞിട്ട് മൂന്ന് വർഷം പൂർത്തിയാകുന്നു.

രാജീവൻ നായർ ആരാധകരുടെ ശ്രദ്ധയിൽ വരുന്നത് 1979 ൽ രാജസ്ഥാനിലെ പിലാനിയിൽ വെച്ച് നടന്ന അന്തർ സർവകലാശാല മത്സരത്തിലുടെ ആണ്. ഫൈനലിൽ പഞ്ചാബിനെതിരെ അഞ്ചു സെറ്റുകൾ കളിച്ചു കേരളം ജേതാക്കൾ ആകുമ്പോൾ ആ വിജയത്തിന്റെ പിന്നിലെ പ്രധാന ശില്പികളിൽ ഒരാൾ രാജീവൻ നായർ ആയിരുന്നു.

publive-image

1981 ൽ തിരുവല്ലയിൽ വെച്ചു നടന്ന സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിൽ നായർ ഇടുക്കിക്ക് വേണ്ടിയായിരുന്നു കളിച്ചത് അന്ന് എറണാകുളത്തിനെതിരെ നായർ നടത്തിയ ഉജ്ജ്യല പ്രകടനം ഇന്നും മറക്കാൻ ആകുന്നില്ല.

1982 ൽ കോട്ടയത്തു വെച്ചു നടന്ന ഫെഡറേഷൻ കപ്പിലും. 1983 ൽ വടകര സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിലും. 1984 ൽ കോഴിക്കോട് വച്ച് നടന്ന ഫെഡറേഷൻ കപ്പിൽ തമിഴ് നാടിനെതിരെയും നടത്തിയ പ്രകടനങ്ങൾ അന്നത്തെ ആ കളികൾ കണ്ട വോളി ബോൾ പ്രേമികൾ ഒരിക്കലും മറക്കുമെന്ന് തോന്നുന്നില്ല.

എന്നാൽ രാജീവൻ നായരുടെ എക്കാലത്തെയും മികച്ച പ്രകടനം വോളി ബോൾ പ്രേമികൾ കണ്ടത് 1983 ലാണ് ഗുണ്ടൂർ വെച്ചു നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിൽ ഹരിയാനക്കെതിരെ നടത്തിയ ആ മികവുള്ള കളിക്ക് വേറെ സമാനതകൾ ഇല്ലായിരുന്നു അത്ര ഉജ്ജ്യലവും അതി മനോഹരവുമായിരുന്നു രാജീവൻ നായരുടെ പ്രകടനം.

ഈ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ താരം രണ്ടു വർഷം കേരളത്തെ നയിച്ചു...ഒരു നാഷണലിലും ഒരു ഫെഡറേഷൻ കപ്പിലും. ഇത്രക്കും നന്നായി കളിച്ച ഒരു കളികാരൻ അദ്ദേഹം അർഹിക്കുന്ന ഒരു തലം വരെ എത്തിയോ എന്ന് ചോദിച്ചാൽ എത്താൻ കഴിഞ്ഞില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. ഇനി ആ കാരണങ്ങൾക്ക് പ്രസക്തി ഇല്ലല്ലോ.

പക്ഷെ ഒരു കാര്യം സത്യം ആണ് രാജീവൻ എന്ന ഈശ്വര സൃഷ്ടി വോളി ബോളിനു വേണ്ടി മാത്രം ഉള്ളതായിരുന്നു.... ആ നല്ല കളികൾ.. ആ നല്ല പെരുമാറ്റം ഇതെല്ലാം വോളി ബോൾ പ്രേമികളുടെ മനസ്സിൽ എന്നും നിറം മങ്ങാതെ കിടക്കും എന്നുള്ള കാര്യത്തിൽ സംശയം ഇല്ല...

publive-image

രാജീവൻനായരുടെ ഓർമകൾ നിലനിർത്താൻ തൊടുപുഴ മുട്ടത്ത്‌ വോളിബോൾ അക്കാദമി ആരംഭിക്കുന്നു .. രാജീവൻനായരുടെ മരണശേഷം ഏകാന്തജീവിതം നയിക്കുന്ന ഭാര്യ എം കെ വനജകുമാരിയും മുട്ടം ശക്തി വോളിബോൾ ക്ലബ്ബും സഹകരിച്ചാണ്‌ അക്കാദമി സ്ഥാപിക്കുന്നത്‌.

ബുധനാഴ്‌ച (29 /01 /2020) വൈകിട്ട്‌ മുട്ടം മർച്ചന്റ്‌സ്‌ അസോസിഷേൻ ഹാളിൽ നടക്കുന്ന രാജീവൻനായർ അനുസ്‌മരണ സമ്മേളനത്തിൽ മാണി സി കാപ്പൻ എംഎൽഎ അക്കാദമി ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാന വോളിബോൾ ടീമിന്റെ ക്യാപ്‌റ്റനായിരുന്ന രാജീവൻനായർ മുട്ടം കൂനമ്മാക്കൽ നാരായണൻ നായരുടെയും രാധാമണിയമ്മയുടെയും മകനാണ്‌. തുടങ്ങനാട്‌ ഹൈസ്‌കൂൾ വിദ്യാർഥിയായിരിക്കെ 12–-ാം വയസ്സിൽ വോളിബോൾ കോർട്ടിലിറങ്ങി.

പിന്നീട്‌ തൊടുപുഴ ന്യൂമാൻ കോളേജിൽ. 1979ൽ അന്തർ സർവകാശാല വോളിബോർ കിരീടം കേരള യൂണിവേഴ്‌സിറ്റി നേടിയത്‌ ഈ പ്രതിഭയുടെ കരുത്തിലായിരുന്നു.

മുട്ടം ശക്തി വോളിക്ലബ്ബിൽനിന്നാണ്‌ തുടക്കമെങ്കിലും പല ടീമുകളുടെയും ഭാഗമായി കേരളമാകെ നിറഞ്ഞു. കൂട്ടിപ്പിടിച്ച കൈകളിൽ എതിരാളികളുടെ കരുത്തുറ്റ സർവീസുകൾ ഏറ്റുവാങ്ങുന്ന ഫസ്‌റ്റ്‌ പാസ്‌ വിദഗ്ധനായി കളംവാണു.

സ്‌മാഷിലും ബ്ലോക്കിലും സ്വന്തം ശൈലി തീർത്ത്‌ നിറഞ്ഞാടി. ജിമ്മി ജോർജിനെ അനുസ്‌മരിപ്പിക്കുന്ന അപാരമായ ജമ്പിങ്‌ സർവീസുകൾ പലപ്പോഴും വെള്ളിടിയായി. വോളിബോളിന്റെ രോമാഞ്ചമെന്ന്‌ കമന്റേറ്റർമാർ വിശേഷിപ്പിച്ചു.

അഞ്ചു പയ്യന്മാരും രാജീവൻനായരുമുണ്ടെങ്കിൽ ഏതു ടീമിനെയും അടിക്കും എന്നൊരു ചൊല്ലുതന്നെയുണ്ടായി.

publive-image

കേരള വോളിയുടെ സുവർണകാലത്ത്‌ ജിമ്മി ജോർജിനൊപ്പം കളിച്ചു. 1981-ലും 83ലും ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളം തിളങ്ങിയപ്പോൾ ടീം അംഗമായിരുന്നു. 1982-ൽ കേരള ടീം ക്യാപ്‌റ്റനായി. 1980ൽ കൊച്ചിൻ പോർട്ട്‌ ട്രസ്‌റ്റിൽ ചേർന്നു.

10 തവണ കൊച്ചിക്ക്‌ കിരീടം നേടിക്കൊടുത്തു. 2017 ജനുവരി 29-ന്‌ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. തൃപ്പൂണിത്തുറ എൻഎസ്‌എസ് കോളേജ്‌ അധ്യാപികയായ ഭാര്യ വനജ അതോടെ തനിച്ചായി. കുട്ടികളില്ലായിരുന്നു ഈ ദമ്പതികൾക്ക്‌.

രാജീവൻനായരുടെ കണ്ണീരോർമകളുമായി കഴിഞ്ഞ വനജ മുട്ടം ശക്തി ക്ലബ്ബുമായി ചേർന്ന്‌ അക്കാദമിക്ക്‌ മുൻകൈ എടുക്കുകയായിരുന്നു.

രാജീവൻനായർക്കൊപ്പം കളിച്ചിരുന്ന സിറിൾ സി വെള്ളൂർ, ഉദയകുമാർ, എസ്‌ ഗോപിനാഥ്‌, എം സി ചാക്കോ, ജോൺസൺ ജേക്കബ്‌, സെബബാസ്‌റ്റ്യൻ ജോർജ്‌, സുമിത്രോവ്‌, അബ്‌ദുൾ റസാഖ്‌ തുടങ്ങിയവരും സഹായവുമായി എത്തി.

സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന 12 കുട്ടികൾക്ക്‌ സൗജന്യ പരിശീലനം അക്കാദമി ഒരുക്കും. ഹോസ്‌റ്റൽ അടക്കം എല്ലാ സൗകര്യങ്ങളും അക്കാദമിയിൽ ഉണ്ടാവും. ഉദ്‌ഘാടനസമ്മേളനത്തിൽ മുൻ വോളിബോൾ താരങ്ങളും പങ്കെടുക്കും.

Advertisment