Advertisment

വീട് ഇടിച്ചുനിരപ്പാക്കി പട്ടടത്തെങ്ങു വച്ചു ! ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍ - 1

author-image
admin
Updated On
New Update

കണ്ണൂര്‍ വീണ്ടും ചുടുകണ്ണീര്‍ കളമായി. ഷൊഹൈബ്‌ എന്ന 28 കാരന്‌ ഏറ്റത്‌ 41 വെട്ടുകള്‍. കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയത്തിലെ ഏറ്റവും ഒടുവിലത്തെ ഇര. ഇന്നുവരെ ഏതാണ്ട്‌ 225 രാഷ്‌ട്രീയകൊലപാതകങ്ങള്‍. കണ്ണൂര്‍ കൊലപാതകങ്ങളുടെ പ്രത്യേകത അതിന്റെ ഭീകരതയാണ്‌.

Advertisment

അവിടെ എവിടെ തിരിഞ്ഞാലും കഠോരമായ കാഴ്‌ചകളാണ്‌ കാത്തിരിക്കുന്നത്‌. അതു പാരമ്യത്തിലെത്തിയത്‌ 1999 ഡിസംബറില്‍. അന്നു ജയകൃഷ്‌ണന്‍ മാഷ്‌ കൊല്ലപ്പെടുകയും തുടര്‍ന്ന്‌ ആറു കൊലപാതകങ്ങള്‍ കൂടി അരങ്ങേറുകയും ചെയ്‌തു.

ദീപിക പത്രാധിപ സമിതിയംഗമായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്‌ സെക്രട്ടറി പി.റ്റി. ചാക്കോ അന്ന്‌ സംഘര്‍ഷമേഖലയില്‍ക്കൂടി സാഹസികമായി യാത്ര ചെയ്‌തു തയാറാക്കിയ റിപ്പോര്‍ട്ട്‌ വന്‍ ജനശ്രദ്ധ നേടിയിരുന്നു. ഏഴു ദിവസമായി പ്രസിദ്ധീകരിച്ച ആ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ പു:നപ്രസിദ്ധീകരിക്കുകയാണ്‌. അന്നും ഇന്നും ഒരുപോലെ പ്രസക്തമാണ്‌ ഈ കണ്ണീര്‍ക്കാഴ്‌ചകള്‍.

publive-image

........................................................

കിഴക്കെ കതിരൂരില്‍ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒരു വീടിന്റെ നടുമുറിയില്‍ ഒരു നാടന്‍ തെങ്ങ് ആര്‍ത്ത് വളരുകയാണ്. ഇപ്പോള്‍ നാലോലയായി.

ഞൊടിയിടകൊണ്ടു വച്ച തെങ്ങാണിത്. ചുറ്റും കുമിഞ്ഞുകൂടിയ മണ്‍കട്ടകള്‍. കത്തിക്കരിഞ്ഞു കിടക്കുന്ന വീടിന്റെ അവശിഷ്ടങ്ങള്‍. അവയ്ക്കിടയില്‍ ജ്വലിക്കുന്ന പകയുടെയും പ്രതികാരത്തിന്റെ കനലുകള്‍.

ഇതിനിടയിലൂടെ ഓല വിരിച്ച് ഉയരുന്ന പച്ചത്തെങ്ങിന് ഒരുപാട് പറയാനുണ്ട്.

രണ്ടു വര്‍ഷമായി അനാഥമായി കിടക്കുന്ന ഈ സ്ഥലത്തിന്റെ ഉടമ കെ പി അനില്‍കുമാര്‍ എവിടെയാണിപ്പോള്‍ ? കിഴക്കേ കതിരൂരില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ ഉള്ളിലുള്ള പ്രശാന്ത സുന്ദരമായ ഗ്രാമത്തിലെ പലരോടും തിരക്കി. ആര്‍ക്കുമറിയില്ല.

"രണ്ടു വര്‍ഷമായി അനില്‍ ഇവിടെ വന്നിട്ട്." അയല്‍വാസിയും റിട്ടയേഡ് പോലീസുകാരനുമായ വിജയന്‍ സാക്ഷ്യപ്പെടുത്തി. ആ സാക്ഷ്യം സത്യമാണ്.

ഇവിടെയുള്ള 31 സെന്റ്‌ സ്ഥലം കാടുപിടിച്ച് കിടക്കുന്നു. തകര്‍ക്കപ്പെട്ട വീടിന്റെ അവശിഷ്ടങ്ങള്‍ ദ്രവിച്ചുകൊണ്ടിരിക്കുന്നു. മുറ്റത്തും പറമ്പിലുമായി ചിതറിക്കിടക്കുന്ന വീട്ടുപകരണങ്ങളെ കാടും പടര്‍പ്പും പൊതിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന ഭിത്തികള്‍ ഒന്നൊന്നായി നിലംപൊത്തുന്നു. ഇഴജന്തുക്കളും ക്ഷുദ്രജീവികളും വീടിനകത്ത് താവളമുറപ്പിച്ചിരിക്കുന്നു.

അനിലിനെ എവിടെ കണ്ടെത്താം? ആര്‍ക്കുമറിയില്ല. അനില്‍ ഒളിവിലാണ്. പക്ഷേ, എവിടെ? അത് ആര്‍ എസ് എസിന് മാത്രമറിയാവുന്ന പരമരഹസ്യം.

കിഴക്കേ കതിരൂരില്‍ നിന്ന് നേരെ ബി ജെ പി തലശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി. അവിടെ പാര്‍ട്ടിയുടെ രഹസ്യ യോഗം നടക്കുന്നു. പുറത്ത് മഫ്തിയില്‍ പോലീസുകാരുണ്ട്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ജയകൃഷ്ണന്‍, ബി  ജെ പി ജില്ലാ സെക്രട്ടറി ഓ കെ വാസു തുടങ്ങിയവര്‍ യോഗത്തിലുണ്ട്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെക്യൂരിറ്റിയുടെ ഭാഗമാണ് പുറത്തുള്ള പോലീസുകാര്‍.

നിര്‍ബന്ധത്തിന് വഴങ്ങി ജയകൃഷ്ണന്‍ സഹായിക്കാമെന്നേറ്റു.  മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ പാഞ്ഞു. രാത്രി എട്ടു മണിക്ക് അനിലിനെ ഒളിത്താവളത്തില്‍ കാണാന്‍ സൌകര്യമൊരുക്കി.

പറഞ്ഞത് പ്രകാരം രാത്രി എട്ടു മണിക്ക് മൂലക്കടവിലെത്തി. അവിടെയുള്ള ഒരു കടയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഞങ്ങളെ കാത്തിരുന്നു. അവിടെ നിന്ന് മാരില്‍ മാക്കുനി, പൊന്ന്യം, ചാലം, ചമ്പാട് തുടര്‍ന്ന്‍ പി എം മുക്ക്.

ഇനി കാര്‍ പോകില്ല. ലോഡ് ഷെഡി൦ഗ് സമയ൦. നല്ല ഇരുട്ട്. ആര്‍ എസ് എസ് സംഘത്തോടൊപ്പം ഞങ്ങള്‍ ദുര്‍ഘടം പിടിച്ച ഇടവഴിയിലൂടെ കയറ്റം കയറി. അവിടെ പുരാതനമായ സാമാന്യം വലിയൊരു വീട്ടുമുറ്റത്ത് ഞങ്ങളെത്തി.

അനിലിനെ ഉറക്കെ വിളിച്ചു. ആളനക്കമില്ല. തുടര്‍ന്ന്‍ ചില കോഡു നാമങ്ങള്‍ കേട്ടു. ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ കതകിന്റെ പല പൂട്ടുകളും എടുത്തുമാറ്റി കയ്യില്‍ മണ്ണെണ്ണ വിളക്കുമായി അനില്‍കുമാര്‍ ഇറങ്ങിവന്നു. പിറകെ ഏതാനും നിഴലുകള്‍. അനിലിന്റെ അമ്മയും ഭാര്യയും കുഞ്ഞുമാണ്.

കറുത്തവാവിന്റെ കൂരിരുട്ടില്‍ ഒരു ഇലയനക്കം പോലും ഞെട്ടലുണ്ടാക്കുന്ന ഭയാനകതയില്‍, വിളറിവെളുത്ത മുഖങ്ങള്‍. അപരിചിതത്വത്തിന്റെയും ആശങ്കയുടെയും നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം. അത് കൊഴിഞ്ഞു വീണപ്പോള്‍ അനില്‍ മനസ് തുറന്നു.

കിഴക്കേ കതിരൂരില്‍ 1997 നവംബര്‍ ഏഴിന് സി പി എം ബ്രാഞ്ച് സെക്രട്ടറി മടത്തിക്കുന്നുമ്മേല്‍ സുരേന്ദ്രന്‍ (31) ആര്‍ എസ് എസുകാരുടെ വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്നാണ്‌ അനിലിന്റെ ഒളിച്ചോട്ടം ആരംഭിക്കുന്നത്. മുപ്പത്താറുകാരനായ അനില്‍ അപ്പോള്‍ യുവമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റാണ്.

കൊല നടന്നതിന്റെ തൊട്ടടുത്ത ദിവസം അനില്‍ പതിവുപോലെ കൂലിപ്പണിക്ക് പോയി. ഭാര്യ രമ്യയും ഒരു വയസുള്ള കുട്ടിയും ആശുപത്രിയിലായിരുന്നു. അമ്മ ദേവു മാത്രമേ വീട്ടിലുള്ളൂ.

ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് ഇരമ്പിക്കയറി. അമ്മയെ ഓടിച്ചു. പിന്നെല്ലാം തച്ചുടച്ചു. വീട് ബുള്‍ഡോസര്‍ കൊണ്ടെന്നപോലെ ഇടിച്ചു നിരത്തി തീ കൊളുത്തി.

അവിടം കൊണ്ട് പക കെട്ടടങ്ങിയില്ല. മേല്‍ക്കൂര ചാരമായി പെയ്തിറങ്ങിയ നടുമുറിയില്‍ കുഴിയുണ്ടാക്കി അതിലൊരു തെങ്ങും വച്ചു. ആ തെങ്ങാണിപ്പോള്‍ നാലോലയിട്ട് നില്‍ക്കുന്നത്.

അതിനുശേഷം ഈ രണ്ടു വര്‍ഷത്തിനിടയ്ക്ക് അനില്‍ ഒരിക്കല്‍ പോലും അവിടെ പോയിട്ടില്ല. ഒരു ശവപ്പറമ്പുപോലെ അനാഥമായി കിടക്കുകയാണ് ഈ സ്ഥലം. ഒന്നരക്കൊല്ലം മൂഴിക്കരയിലുള്ള ഭാര്യ വീട്ടില്‍ താമസിച്ചു. കൂലിപ്പണിക്കാരനും പ്രാരാബ്ധക്കാരനുമായ അനില്‍ അങ്ങനെ ഭാര്യാവീട്ടിലെ അന്തെവാസിയായി. കണ്ണൂരിലുണ്ടാകുന്ന ഓരോ സ്ഫോടനവും ഈ കുടുംബത്തെയും ഞെട്ടിച്ചു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അനിലിനു നേരെ ആക്രമണം ഉണ്ടാകുമെന്ന് സി പി എമ്മിലെ സുഹൃത്തുക്കള്‍ തന്നെ അനിലിനെ അറിയിച്ചു. തുടര്‍ന്നാണ്‌ ഒളിപ്പാര്‍പ്പ് തുടങ്ങിയത്. അനില്‍ ഹൃദയം തുറന്നു സംസാരിച്ചു.

"അനിലിന്റെ ഒളിസങ്കേതം എത്രമാത്രം സുരക്ഷിതമാണ്?"

"അമ്പത് ശതമാനം."

"ഈ ഒളികേന്ദ്രത്തെക്കുറിച്ച് ശത്രുപക്ഷത്തിന് അറിയാമോ?"

തീര്‍ച്ചയായും അവര്‍ കണ്ടെത്തും."

ആക്രമണം ഉണ്ടാകുമെന്ന് ഭയമുണ്ടോ?"

"ഉണ്ട്."

"രക്ഷപെടാന്‍ എന്താണ് വഴി?"

"വഴിയൊന്നും തെളിയുന്നില്ല."

അപ്പോള്‍ മരണം മാത്രമാണ് അനിലിന്റെ മുമ്പിലുള്ള വഴി. അതൊഴിവാക്കാന്‍ കിഴക്കേ കതിരൂരിലുള്ള സ്ഥലം വിറ്റ്‌ മറ്റെവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് അനിലിന് അതിയായ മോഹമുണ്ട്. സ്ഥലം വാങ്ങാന്‍ ആള്‍ വരുന്നില്ല. വരുന്നവരെ ഭീഷണിപ്പെടുത്തി ഓടിക്കും. ചിലര്‍ ചുളുവില്‍ സ്ഥലം വാങ്ങാന്‍ ശ്രമിക്കുന്നു.

അനില്‍ പുറത്തേക്കിറങ്ങിയാല്‍ തന്റെ നെഞ്ചിടിച്ചു തുടങ്ങുമെന്ന് അമ്മ ദേവു പറയുന്നു. തിരിച്ചെത്തുംവരെ ആ നെഞ്ചിങ്ങനെ ഇടിച്ചുകൊണ്ടിരിക്കും. ഭീതി വിട്ടൊഴിഞ്ഞ ഒരു നിമിഷവും തനിക്കില്ലെന്നു ഭാര്യ രമ്യ പറയുന്നു.

കിഴക്കേ കതിരൂരില്‍ അനിലിന്റെ വീടിന്റെ നടുമുറിയില്‍ നട്ടത് പട്ടടത്തെങ്ങാണെന്ന് ഉച്ചൈസ്തരം ആര്‍ത്ത് വിളിച്ചിട്ടാണ് അക്രമികള്‍ അന്ന് പോയത്.

......................................................................................................................................

കല്യാണ മണ്ഡപം ഉയരേണ്ടിയിരുന്ന ഈ വീട്ടുമുറ്റത്ത് ഇപ്പോള്‍ കാലുകുത്താന്‍ പോലും വയ്യ. ഓടിന്റെയും പട്ടികയുടെയും കഷണങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നു. പൂമെത്തകള്‍ കരിഞ്ഞു കൂമ്പാരമായി. നശിപ്പിക്കാന്‍ കഴിയാതെയുള്ളത് ഇവിടെയുള്ള ആണ്‍തരികളെയാണ്. കാരണം അവര്‍ ഒളിവിലാണ്.

ഒരുപാട് സ്വപ്നങ്ങളാണ് ആലയ്ക്കല്‍ മൂല്ലോളി ഗോവിന്ദന്റെ വീട്ടുമുറ്റത്ത് പൊട്ടിച്ചിതറിയത്. ഈ നഷ്ടസ്വപ്നങ്ങള്‍ക്കിടയില്‍ ഭ്രാന്ത്രിയെപ്പോലെ ഗോവിന്ദന്റെ മകള്‍ നാരായണി ഓടിനടക്കുന്നു.

സി പി എം അനുഭാവികളായതിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബര്‍ 12 നാണ് കൂത്തുപറമ്പിന് സമീപം ആയിത്തറയില്‍ ആലയ്ക്കല്‍ ഗോവിന്ദന്‍, മഠപ്പുരപ്പൊയില്‍ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കണ്ണന്‍റെ മക്കള്‍ നളിനി, രാധ എന്നിവരുടെ വീടുകള്‍ ആര്‍ എസ് എസുകാര്‍ തകര്‍ത്തത്.

കുഞ്ഞിക്കണ്ണന്‍റെ രണ്ടു നിലയുള്ള ഓടുമേഞ്ഞ വീട് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. നളിനിയുടെ പുതിയ വീടാണ് കത്തിയെരിഞ്ഞത്.

ഈ നാല് വീടുകളിലും ഇപ്പോള്‍ ആളനക്കമില്ല. സ്ത്രീകളും കുട്ടികളും ബന്ധുവീടുകളില്‍ അഭയം തേടി.  പുരുഷന്മാര്‍ ഒളിവിലാണ്. അവര്‍ എവിടെയാണെന്ന്‍ സ്ത്രീകള്‍ക്ക് പോലും അറിയില്ല. പാര്‍ട്ടിയാണ് അവരെ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്നത്.

ആയിത്തറ എല്‍ പി സ്കൂള്‍ കോമ്പൌണ്ടിലുള്ള ഡോ. ഹെഡ്ഗേവാര്‍ സ്മൃതിമണ്ഡപത്തിനു നേരെ സി പി എമ്മുകാര്‍ ബോംബെറിഞ്ഞതോടെയാണ്‌ ഈ നാല് വീട്ടുകാരുടെ ദുരന്തം ആരംഭിക്കുന്നത്. ഈ സമയം തൊട്ടടുത്ത വീട്ടില്‍ ആര്‍ എസ് എസ് ശാഖായോഗം നടക്കുകയായിരുന്നു.

സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശശിയെ ബോംബെറിഞ്ഞു കൊന്നു. കുഞ്ഞിക്കണ്ണന്റെ പറമ്പില്‍ക്കിടന്നാണ് ശശി മരിച്ചത്. തുടര്‍ന്നുള്ള പ്രത്യാക്രമണത്തിലാണ് കുഞ്ഞിക്കണ്ണനും രണ്ടു മക്കള്‍ക്കും അയല്‍വാസി ഗോവിന്ദനും തീരാത്ത നഷ്ടം സംഭവിച്ചത്.

ഗോവിന്ദന്റെ ഏക മകന്‍ രവീന്ദ്രന്റെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞപ്പോഴാണ് ദുരന്തമെത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരികയായിരുന്നു. പൊടുന്നനെയാണ് മണിയറ ഉള്‍പ്പെടെ എല്ലാം കത്തിമയര്‍ന്നത്. അതോടെ ഗോവിന്ദന്റെ വിവാഹം മുടങ്ങി. പ്രതീക്ഷകളെല്ലാം തകര്‍ന്നു.

ഈ ശ്മശാനഭൂമി വിട്ട് എല്ലാവരും ഓടിപ്പോയെങ്കിലും ഗോവിന്ദന്റെ മൂത്ത മകള്‍ നാരായണി (45) ചുറ്റുവട്ടത്ത് തന്നെയുണ്ട്. സൂക്ഷിക്കാന്‍ ഇനി ഈ വീട്ടില്‍ ഒന്നുമില്ല. എങ്കിലും ഒരുപാട് ഓര്‍മ്മകളിവിടെയുണ്ട്.

"പോകില്ല, ചത്താലും പോകില്ല" - വടക്കന്‍പാട്ടിലെ ഉണ്ണിയാര്‍ച്ചയെപ്പോലെ സാരിത്തുമ്പോന്നു വട്ടംചുറ്റി നാരായണി പുലമ്പി.

1980 മുതല്‍ 1999 നവംബര്‍ ആദ്യംവരെ 88 ജീവനാണ് കണ്ണൂരില്‍ രാഷ്ട്രീയ സംഘട്ടനത്തില്‍ പൊലിഞ്ഞത്. കക്ഷി തിരിച്ചുള്ള കണക്ക് ഇപ്രകാരം: ബി ജെ പി - 31, കോണ്‍ഗ്രസ് - 24, ശിവസേന - 2, സ്വതന്ത്ര്യന്‍ - 1.

കണ്ണും കാലും കയ്യുമൊക്കെ നഷ്ടപ്പെട്ടവര്‍ ഇതിന്റെ പത്തിരട്ടി. ഒരുപാട് പേര്‍ക്ക് വീടും നാടും നഷ്ടപ്പെട്ടു. അനേകം കിടപ്പാദങ്ങള്‍ അഗ്നിക്കിരയായി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം.

ഇവരുടെ ചോരയിലും നീരിലും പാര്‍ട്ടി ഗ്രാമങ്ങള്‍ ഉയര്‍ന്നു വന്നു. അവിടെ അവര്‍ സര്‍വ്വാധികാരികളായി വാഴുന്നു.

മറുവശത്ത് മരണത്തെ മുന്നില്‍ക്കണ്ട് ഒളിവില്‍ പാര്‍ക്കുന്നവര്‍. വീടും നാടും വിട്ടോടിയവര്‍. നിത്യരോഗികളായവര്‍. വിവാഹം മുടങ്ങിയവര്‍. ജീവിക്കാനുള്ള എല്ലാ വഴികളും മുട്ടിയവര്‍. പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ക്രിമിനലുകള്‍ക്ക് വെപ്പാട്ടികളായവര്‍, നഷ്ടപ്പെട്ടുപോയ അച്ഛനെയും മക്കളെയും ഭര്‍ത്താവിനെയും ഓര്‍ത്തോര്‍ത്ത് ഗദ്ഗദം കൊള്ളുന്നവര്‍ നിരവധിയാണ്.

pt chacko article
Advertisment