അക്രമാസക്തമാകുന്ന ജനാധിപത്യം

ജെയിംസ് തെക്കേമുറി
Friday, February 23, 2018

സ്വതന്ത്ര ഭാരതത്തിന് എന്നും അഭിമാനമായ സംസ്ഥാനം. അറിവിലും സംസ്കാരത്തിലും മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയായ കേരള൦. പക്ഷെ പലപ്പോഴും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ അന്വര്‍ഥമാക്കുന്ന സംഭവങ്ങളാണ് ഇവിടെ അരങ്ങേറുന്നത്.

ഏകാധിപത്യത്തില്‍ പൂര്‍ണ്ണമായും രാജഭരണത്തില്‍ ഭാഗികമായും നിരസിക്കപ്പെടുന്ന അഭിപ്രായസ്വാതന്ത്ര്യം. ജനാധിപത്യത്തില്‍ കുറഞ്ഞ പക്ഷം തെരഞ്ഞെടുപ്പിലെങ്കിലും പ്രതിധ്വനിക്കാറുണ്ട്. ചുരുക്കാന്‍ ചില അവസരങ്ങളില്‍ സാമാന്യ ജനങ്ങളുടെ അഭിപ്രായം പ്രതിഷേധമായി പരിണമിക്കുന്നതും നാം കാണാറുണ്ട്‌. ഈ പ്രതിഷേധ കൊടുങ്കാറ്റില്‍ സിംഹാസനങ്ങള്‍ പലതും കടപുഴകി വീണ ചരിത്രവും ഉണ്ട്.

ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്ഥാനാര്‍ഥിയെയും സ്ഥാനാര്‍ഥി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനവും കാത്ത് സൂക്ഷിക്കുന്ന മൂല്യങ്ങളും പ്രത്യയ ശാസ്ത്രങ്ങളും അയാളുടെ വ്യക്തിത്വവും സ്വതന്ത്രമായി വിശകലനം ചെയ്തായിരിക്കണം പൌരന്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. അല്ലാതെ ബലമായി കെട്ടിയേല്‍പ്പിക്കുന്ന തീരുമാനമല്ല ഇത്.

എന്നാല്‍ കേരളത്തില്‍ കുറെ കാലമായി എതിരാളികളെ ആശയങ്ങളുടെയും തത്വങ്ങളുടെയും പേരില്‍ നേരിടേണ്ടതിനു പകരം, കായികമായി നേരിടാനും കയ്യൂക്ക് കൊണ്ട് സ്വന്തം ആശയങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുവാനുള്ള ഒരു പ്രവണത ശക്തമായിക്കൊണ്ടിരിക്കുന്നു. കയ്യടക്കി വെച്ചിരിക്കുന്ന അധികാരം കൈവിട്ട് പോകുമ്പോഴുണ്ടാകുന്ന അസഹിഷ്ണുത അക്രമത്തിന്റെ ഭീകരരൂപം പൂണ്ട് രക്തരുഷിതമാകുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ജനവിധി അംഗീകരിച്ച് പ്രതിപക്ഷം ഭരണ പക്ഷത്തിന് പിന്തുണ നല്‍കുകയും ക്രിയാത്മക വിമര്‍ശകരായി മാറുകയും ചെയ്യുമ്പോഴാണ് ജനാധിപത്യവും അര്‍ദ്ധവത്താകുന്നത്.  സ്വന്തം കസേര ഉറപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മതങ്ങളെയും വര്‍ഗീസ്‌ പ്രസ്ഥാനങ്ങളെയും കൂട്ടുപിടിച്ചപ്പോള്‍ ജനാധിപത്യത്തിന് മതത്തിന്റെയും വര്‍ഗീയതയുടെയും നിറം കൂടി ചേര്‍ത്തുവച്ചു.

സ്വന്തം ദൈവം മരിച്ചു പോകുമെന്ന് കരുതി കാരാഗൃഹത്തില്‍ കുടിയിരുത്തി വാളും പരിചയുമായി കാവല്‍ നില്‍ക്കുന്ന വര്‍ഗീയ വാദികള്‍ രാഷ്ട്രീയത്തിലിടപെട്ട് വില പേശലുകള്‍ നടത്തിയപ്പോള്‍ നമ്മുടെ നാട്ടില്‍ അരക്ഷിതാവസ്ഥ ഉടലെടുത്തു.

മതങ്ങള്‍ രാഷ്ട്രീയത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിലും ഇടപെടാതിരിക്കണമെന്ന് ഇക്കഴിഞ്ഞ ദിവസം ആദരണീയനായ ഉപരാഷ്ട്രപതി ഉദ്ബോധിപ്പിച്ചത് പ്രസക്തമാണ്. പക്ഷെ അദ്ദേഹം മുന്‍പ് പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നയമേതെന്നു ചിന്തിക്കുമ്പോള്‍ ഈ ഉദ്ബോധനത്തിന്റെ ഉദ്ദേശശുദ്ധിയെ നാം സംശയിക്കേണ്ടതായി വരും.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് മതാധിപത്യത്തോടൊപ്പം നില്‍ക്കുന്ന മറ്റൊരു കാരണം ക്രമസമാധാന മേഖലയിലെ രാഷ്ട്രീയവത്കരണമാണ്. ആരുടേയും പക്ഷം ചേരാതെ ക്രമസമാധാന മേഖലയില്‍ കര്‍ശന നിലപാടുകളെടുക്കേണ്ടതിനു പകരം പോലീസിലെ ഉന്നതര്‍ ഭരണ കര്‍ത്താക്കള്‍ക്ക് വിടുപണി ചെയ്യുമ്പോള്‍ പോലീസ് സേന ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗുണ്ടകളായി മാറും എന്നതില്‍ സംശയം ഇല്ല.

നിയമ വാഴ്ചയില്ലാതാവുന്നത് അക്രമത്തിലൂടെ എതിരാളികളെ ഇല്ലാതാക്കി പാര്‍ട്ടി വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായമായിരിക്കും. പക്ഷെ അത് ജനാധിപത്യ സ്നേഹികള്‍ക്ക് അത്ര സന്തോഷകരമല്ല.

രാഷ്ട്രീയത്തിന്റെ പേരില്‍ കൊലയും കൊള്ളയും നടത്തുന്നവരെ അംഗീകരിക്കാന്‍ തക്കവിധത്തില്‍ കേരള ജനതയുടെ മനസ് മരവിച്ചുപോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയുള്ളവരെ ബാലറ്റ് എന്ന വജ്രായുധത്തിലൂടെ ഒറ്റപ്പെടുത്താന്‍ മലയാളികള്‍ക്ക് കഴിയണം. ഇല്ലെങ്കില്‍ നമ്മുടെ ഓരോ സുപ്രഭാതങ്ങളിലും മലയാളി ഉണരുന്നത് വെട്ടേറ്റ് വീഴുന്ന മനുഷ്യരോദനങ്ങള്‍ കേട്ടുകൊണ്ടായിരിക്കും. ഇതിനെതിരെ ഒരു വലിയ ജനമുന്നേറ്റമാണ് നമുക്കുണ്ടാകേണ്ടത്.

×