ജയരാജന്റെ മന്ത്രി പദവും രാഷ്ട്രീയ ധാർമികതയും

Wednesday, August 15, 2018

– സീ ആർ നീലകണ്ഠൻ (സംസ്ഥാന കൺവീണർ, ആം ആദ്മി പാർട്ടി കേരള)

ഇ പി ജയരാജൻ വ്യവസായ വാണിജ്യ യുവജന ക്ഷേമ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതിനെതിരെ പ്രതിപക്ഷം വളരെ ശക്തമായ രീതിയിൽ ആക്ഷേപമുന്നയിച്ചു. വിഎസ് അച്യുതാനന്ദൻ ആകട്ടെ തന്റെ അസാന്നിധ്യം കൊണ്ട് പ്രതിഷേധം അറിയിക്കുന്നു എന്ന സൂചനകളും ഉണ്ടായി. ഏതു മന്ത്രിസഭയിലും ആരെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കാനുള്ള അന്തിമമായ അവകാശം മുഖ്യമന്ത്രിക്കാണ്. അവരുടെ പാർട്ടിക്കാണ്.

ജയരാജൻ നിലവിൽ എംഎൽഎയാണ് എന്നുള്ളതും ജയരാജനു മേൽ ഇപ്പോൾ കേസുകൾ ഇല്ല എന്നുള്ളതും കണക്കാക്കിയാൽ ജയരാജനെ മന്ത്രിയാക്കുന്നതിൽ നിയമപരമായി ഒരുതെറ്റും ചൂണ്ടിക്കാണിക്കാൻ ആർക്കും കഴിയില്ല.

ധാർമികതയുടെ വിഷയമാണ് ഉന്നയിക്കുന്നത് എങ്കിൽ അത് പ്രതിപക്ഷത്തിന് ഉന്നയിക്കാൻ എന്താണ് അവകാശം എന്ന ചോദ്യം ന്യായമാണ്. 21 മന്ത്രിമാരെ വച്ച് കേരളം ഭരിച്ചവരാണ് യുഡിഎഫ്. ഒപ്പം ചീഫ് വിപ്പ് സ്ഥാനം അടക്കം മറ്റു നിരവധി സ്ഥാനങ്ങളും അവരും നൽകിയിരുന്നു. അത്രത്തോളംതന്നെയേ ഇടതുപക്ഷവും ഇപ്പോൾ ചെയ്യുന്നുള്ളൂ.

അഴിമതിയാരോപണം ഏൽക്കേണ്ടിവന്ന വിജിലൻസ് അന്വേഷണം നടന്നു കൊണ്ടിരുന്ന അഞ്ചു പേർ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഉണ്ടായിരുന്നു എന്നത് നമ്മൾ മറന്നുകൂടാ.

ജയരാജനെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടു എങ്കിലും അത് വിജിലൻസ് അന്വേഷണത്തിലൂടെ തള്ളിക്കളയുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുള്ളതാണ്.ആ അർത്ഥത്തിലും പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽഎന്തെങ്കിലും ധാർമികത ഉന്നയിക്കാൻ അവകാശമുണ്ട് എന്ന് കരുതാനാവില്ല.

പക്ഷേ ഭരണ-പ്രതിപക്ഷങ്ങൾക്ക് പുറത്തു നിന്നുകൊണ്ട് ഒരു സാധാരണ മനുഷ്യൻ ഈ വിഷയത്തെ കാണുമ്പോൾ ഒട്ടനവധി പ്രശ്നങ്ങൾ ഉയർന്നു വരും എന്നത് തീർച്ചയാണ്.

കേരളം ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രളയ ദുരിതത്തിൽ അകപ്പെട്ടു നിൽക്കുമ്പോൾ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാൻ വേണ്ട പണം സാധാരണ ജനങ്ങളിൽ നിന്നു പോലും പിരിച്ചെടുക്കാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു വർഷം 10 മുതൽ 15 കോടി രൂപ വരെ അധികചിലവുവരുന്ന മന്ത്രിയുടെയും ചീഫ് വിപ്പിന്റേയും പുതിയ സ്ഥാനങ്ങൾ നൽകേണ്ടതുണ്ടോ എന്ന ചോദ്യം ഉയരാം.

വിജിലൻസ് അന്വേഷണമൊക്കെ നടക്കുന്നതിനു മുമ്പ് തന്നെ ജയരാജൻ തെറ്റു ചെയ്തു എന്ന് പാർട്ടി വിലയിരുത്തിയതാണ്. ആ തെറ്റ് ഇപ്പോൾ എങ്ങനെ ഇല്ലാതായി?
ജയരാജൻ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ പകരം ഒരാളെ മന്ത്രിയാക്കി. ജയരാജൻ മന്ത്രിയാകുമ്പോൾ അദ്ദേഹത്തെ അല്ലെങ്കിൽ മറ്റൊരു മന്ത്രിയെ ഒഴിവാക്കേണ്ടതില്ലേ എന്ന ചോദ്യവും ഉയർന്നുവരുന്നു.

പ്രതിപക്ഷത്ത് ആയിരുന്ന കാലത്ത് യുഡിഎഫ് ചീഫ് വിപ്പ് പദവി കൊണ്ടുവന്ന സമയത്തും ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം വന്നപ്പോഴും അതിനെ ശക്തമായി എതിർത്തവരാണ് ഇന്നത്തെ ഭരണപക്ഷം. അന്നത്തെ അവരുടെ ധാർമികത മറ്റൊന്നായിരുന്നു.

ചീഫ് വിപ്പ് പദവി കൊണ്ടുവന്നതിനെ അന്ന് അതിനിശിതമായി വിമർശിച്ചതിന്റെ മുൻപന്തിയിൽ നിന്നത് ഇടതു പക്ഷത്തു നിന്നുള്ള സിപിഐ ആണ്. ചീഫ് വിപ്പ് സ്ഥാനം ആഭരണമാണ്, അലങ്കാരമാണ്, അധികച്ചെലവാണ് എന്ന് സിപിഐ നേതാക്കൾ പറഞ്ഞ വാക്കുകൾ ഇപ്പോഴും നമ്മുടെ ആർക്കൈവുകളിൽ ഉണ്ടാവും.

ഇവിടെയാണ് സാധാരണമനുഷ്യർ വല്ലാതെ വേവലാതിപ്പെടുന്നത്. ഇന്ന് സംസ്ഥാനത്ത് വിജിലൻസ് എന്നൊരു സംവിധാനം തന്നെ ഉണ്ടെന്നു പറയാനാകില്ല
മുൻ സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷം ഉന്നയിച്ച മാണിക്കെതിരായ കേസ് പോലും ഇല്ലാതായി. ഒരു രാഷ്ട്രീയ നേതാവും അഴിമതി നടത്തിയതായി ഒരിക്കലും തെളിയില്ലെന്നു വീണ്ടും സ്ഥാപിക്കപ്പെട്ടു.

ഭരണത്തിൽ ഇരിക്കുമ്പോൾ എല്ലാ കക്ഷികൾക്കും ഒരേ ധാർമികതയുടെ അളവുകോൽ ആണ്. പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ഇതേ പോലെ ഇരുകൂട്ടർക്കും ധാർമികതയുടെ അളവുകൾ ഒന്നു തന്നെയാണ്. ഏതു കക്ഷി ഭരണത്തിൽ വന്നാലും ഒരേ നിലപാടുകൾ സ്വീകരിക്കുന്നു. ഭരണത്തിലെത്തിയാൽ നയം മാറ്റുന്നു. ഒരു മനസ്സാക്ഷിക്കുത്തുമില്ല. ഇടതുപക്ഷം യുഡിഎഫിൽ നിന്നും വ്യത്യസ്തമാണ് എന്ന് അവകാശപ്പെടാൻ ഇനിമേൽ ഒരു ധാർമികതയും അവർക്കില്ല.

മറ്റൊരു പ്രശ്നമായി പറഞ്ഞുകേൾക്കുന്നത് മുഖ്യമന്ത്രി കുറച്ചുനാളത്തേക്ക് ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോകുന്നു എന്നും ആ സമയത്ത് ആ ചുമതല ഏൽപ്പിക്കാൻ ഏറ്റവും വിശ്വസ്തനായ ഒരാൾ തന്നെ വേണമെന്നും തീരുമാനിക്കപ്പെട്ടതിനാലാണ് ഇപി ജയരാജനെ മന്ത്രിയാക്കുന്നത് എന്നതാണ്. ഇത് ശരിയെങ്കിൽ ജനങ്ങളോടും പാർട്ടിയോടും ചെയ്യുന്ന ഒരു വഞ്ചനയാണ്. പാർട്ടിയുടെ സ്ഥാനമാനങ്ങൾ അനുസരിച്ചച്ച് ജയരാജന്റ ഒപ്പം കേന്ദ്രകമ്മിറ്റി അംഗങ്ങളായ മൂന്നുപേരെങ്കിലും ഇപ്പോൾ തന്നെ മന്ത്രിസഭയിൽ ഉണ്ട് ഷൈലജ ടീച്ചറും, തോമസ് ഐസക്കും, എ കെ ബാലനും.

അങ്ങനെയെങ്കിൽ ഈ മൂന്നുപേരിൽ ഒരാളെ ഏൽപ്പിക്കാതെ, പുറത്തുനിൽക്കുന്ന നാലാമത് ഒരാളെക്കൂടി ഏൽപ്പിക്കാൻ വേണ്ടി ഇങ്ങനെ ഒരു അഭ്യാസം നടത്തേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അത് പാർടിയുടെ ഏത് അവസ്ഥയാണ് സൂചിപ്പിക്കുന്നത് എന്ന് നാം ഓർക്കേണ്ടതുണ്ട്. പാർട്ടിക്ക് ആരെയും മന്ത്രിയാക്കാം എന്നത് ഒരു വാദമായി അംഗീകരിച്ചാൽ പോലും അതിന് 10 മുതൽ 15കോടി രൂപ വരെ സാധാരണക്കാരുടെ നികുതിപ്പണം അധികം ചെലവാക്കേണ്ടതു ണ്ടോ എന്ന ചോദ്യം വളരെ പ്രസക്തമാകുന്നു. അതും സർക്കാരിൻറെയും ജനങ്ങളുടേയും ഈ ക്ഷാമ കാലത്ത്.

ഈ വിഷയത്തിൽ വി എസ് അച്യുതാനന്ദൻ തൻറെ അസാന്നിധ്യം കൊണ്ട് എതിർപ്പു പ്രകടിപ്പിച്ചു എന്ന് പറയുന്നതിലും വലിയ അർത്ഥമില്ല . ഈ സർക്കാരിൽ നിന്നും മുഖ്യമന്ത്രി പദത്തിനു പകരമായി അദ്ദേഹം ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ എന്ന ആലങ്കാരിക പദവി തന്നെയാണ് ക്യാബിനറ്റ് പദവികൊണ്ട് തൃപ്തിപ്പെട്ട ആളാണ്.

തന്നെയുമല്ല ബാലകൃഷ്ണപിള്ള എന്ന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഏക രാഷ്ട്രീയ നേതാവിനെ ക്യാബിനറ്റ് പദവി നൽകി ൽകി മുന്നോക്ക കമ്മീഷൻ ചെയർമാൻ ആക്കി നിയമിക്കുന്നതിനും അദ്ദേഹത്തിന് യാതൊരുവിധ ധാർമിക രോഷവും ഉണ്ടായതായി നമുക്കറിവില്ല. ഈ സാഹചര്യത്തിൽ പുതിയൊരാളെ മന്ത്രി ആക്കുകയും ഒരാളെ ചീഫ് വിപ്പ് ആക്കുകയും ചെയ്യുന്ന നടപടിയോട് വി എസ് അച്യുതാനന്ദന് പ്രതിഷേധമുണ്ട് എന്നുപറഞ്ഞാൽ അതിൽ എന്തെങ്കിലും അർത്ഥം കാണാൻ സാധാരണ മനുഷ്യർക്കു കഴിയില്ല.

ഇവിടെ വലിയ ഒരു ചോദ്യം ഉയരുന്നു ഇടതിൽനിന്നു വലതിലേക്കും, തിരിച്ച് വലതിൽ നിന്ന് ഇടതിലേക്കും അയ്യഞ്ചു കൊല്ലം കൂടുമ്പോൾ ഭരണം മാറുന്ന കേരളത്തിൽ ഈ മാറ്റം കൊണ്ട് ഫലത്തിൽ ഒന്നും ഉണ്ടാവുന്നില്ല എന്നതാണ് ജനങ്ങൾ തിരിച്ചറിയേണ്ട ഒരു സത്യം. ധാർമികതയുടെ അളവുകോൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും എത്തുമ്പോൾ വ്യത്യസ്തമാകുന്നു എന്ന ഈ അറിവ് രാഷ്ട്രീയ ധാർമികത യെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാൻ സമയമായി എന്ന് കരുതുന്നു.

×