പാഴ്‌വസ്തുക്കളില്‍ വിരിയുന്ന കരകൗശല വിദ്യകള്‍ !!

സമദ് കല്ലടിക്കോട്
Friday, July 12, 2019

കാഴ്ചയുടെയും കരവിരുതിന്റെയും മാസ്മരിക ഭാവങ്ങളില്‍ അനന്യമായ അടയാളം തീര്‍ക്കുന്ന ഒരു കലാകാരിയെ പരിചയപ്പെടാം. ആലത്തൂര്‍ കാവശ്ശേരി അമ്മ നിവാസില്‍ സന്ധ്യ. നാം ഉപേക്ഷിച്ചു കളയുന്ന അനേക വസ്തുക്കള്‍ക്ക് തിളക്കമേകുന്ന ഇവര്‍ ആലത്തൂര്‍ ലിങ്ക് റോഡില്‍ ഇതിനായി ഒരു സ്ഥാപനം തന്നെ നടത്തുന്നു, ഡയമണ്ട് ഫാഷന്‍ ഡിസൈനിങ്ങ് എന്ന പേരില്‍.

ഡയമണ്ട് സെന്ററില്‍ നിറയെ അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കി നിരത്തിവെച്ചിട്ടുണ്ട്. ഇതു കാണാന്‍ മാത്രമായി സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും ഇവിടെ എത്താറുണ്ട്. അല്‍പായുസുള്ള എത്രയോ വസ്തുക്കള്‍ ഷോക്കേസിലെ സ്ഥിരം അലങ്കാരമായി മാറ്റുന്ന സന്ധ്യയുടെ കരവിരുത് ഒന്നു വേറെ തന്നെ. കാഴ്ചക്കാരില്‍ കൗതുക മുണര്‍ത്തുന്ന ആരേയും അമ്പരപ്പിക്കുന്ന ലളിതസുന്ദര നിര്‍മിതികള്‍.

മദ്യ കുപ്പികള്‍, സീഡികള്‍, ചകിരിതോട്, ഐസ്‌ക്രീം കപ്പ്, മരുന്നുകുപ്പികള്‍, വെട്ടുതുണി, വെള്ളാരം കല്ലുകള്‍, ബലൂണ്‍, ബട്ടന്‍സ് എന്നുവേണ്ട വഴിയില്‍ കാണുന്നതെന്തും അലങ്കാര നിര്‍മിതിക്കുവേണ്ടി സന്ധ്യ ശേഖരിക്കും. പലതും അതിന്റെ യഥാര്‍ത്ഥരൂപമെന്തായിരുന്നു എന്നുപോലും അലങ്കാരം പൂര്‍ത്തിയാകുമ്പോള്‍ മനസ്സിലാകില്ല.

തന്റേതായ ശൈലിയില്‍വിവിധ പ്രചോദനാത്മക സന്ദേശങ്ങള്‍. ആത്മസമര്‍പ്പണത്തിന്റെയും അറിവനുഭവത്തിന്റെയും നേര്‍സാക്ഷ്യമാണ് സന്ധ്യയുടെ ഓരോ വരയിലും വരിയിലും തെളിയുന്നത്. കടലാസ് തുണ്ടുകളും മുത്തുകളും കല്ലുകളും ചേര്‍ത്തുണ്ടാക്കിയ നിര്‍മിതികള്‍ പ്രത്യേകം ആകര്‍ഷകമാണ്. ഇച്ഛാ ശക്തിയുണ്ടെങ്കിലേകരകൗശലഭാവനകള്‍ക്ക് നിറച്ചാര്‍ത്ത് ലഭിക്കു. കാണുമ്പോള്‍ ഏറെ കൗതുകകരമാണെങ്കിലും നല്ല ക്ഷമ ആവശ്യമുള്ള മേഖലയാണിത്.

സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒരുക്കിയ അനേകം പ്രദര്‍ശന വിപണന മേളകളിലും സന്ധ്യ സ്റ്റാളിടാറുണ്ട്. ടൈലറിംഗ്, ഫാഷന്‍, ക്രാഫ്റ്റ് ഇനത്തില്‍ അഞ്ഞൂറിലേറെ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. ഇതി നുപുറമെ സവിശേഷ ദിനാചരണ പരിപാടികള്‍ പി.എസ്.സി.കോച്ചിങ്ങ്, ബോധവത്ക്കരണ പരിപാടികള്‍ എന്നിവയും ഡയമണ്ടിനു കീഴില്‍ സംഘടിപ്പിച്ചുവരുന്നു.

ഗ്ലാസ് പെയിന്റിംഗ്, വുഡ്മ്യൂറല്‍, അഫ്രിക്കന്‍ ആര്‍ട്ട്, പോര്‍ട്ട് ഡിസൈനിംഗ്, കൊക്കോ പെയിന്റിംഗ്, ആര്‍ട്ടിനോവ എന്നീ കരവിരുതുകള്‍ ഇവിടുത്തെ സങ്കേതങ്ങളില്‍ തെളിഞ്ഞു കാണാം. പ്രകൃതി സംരക്ഷണ സന്ദേശമാണ് മിക്കതിന്റെയും പ്രതിപാദ്യം. സമൂഹ മാധ്യമങ്ങളില്‍ സാന്നിധ്യമായതോടെ സന്ധ്യ വരച്ചുകൂട്ടിയ ചിത്രങ്ങള്‍ ലോകം കണ്ടുതുടങ്ങി. 70 പിന്നിട്ട അച്ഛനും അമ്മയും കലാരംഗത്തും നാടകരംഗത്തും ഉണ്ട്. അവരുടെ പ്രോത്സാഹനം പ്രത്യേകമാണ്.

×