Advertisment

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസ് കെ മാണി വിഭാഗത്തെ വെട്ടിലാക്കി കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ! യുഡിഎഫില്‍ ജോസഫിന് ഒന്‍പതു സീറ്റു കിട്ടിയതോടെ ഒരെണ്ണമെങ്കിലും കൂടുതലില്ലെങ്കില്‍ ക്ഷീണമെന്നു തിരിച്ചറിഞ്ഞ് ജോസ് കെ മാണി വിഭാഗം. 11 സീറ്റെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നത് ഇടതു മുന്നണിയില്‍ സീറ്റുവിഭജനം കീറാമുട്ടിയാക്കുന്നു. സീറ്റ് സിപിഎം അക്കൗണ്ടില്‍ നിന്നും നല്‍കണമെന്ന നിലപാടില്‍ സിപിഐ. പാര്‍ട്ടി തീര്‍ന്നെങ്കിലും ജോസിന് പണികൊടുത്ത സന്തോഷത്തില്‍ കോണ്‍ഗ്രസ് !

New Update

publive-image

Advertisment

കോട്ടയം: കല്ലുകടികളും വിവാദവും തര്‍ക്കവും ഒക്കെയായി തെരുവില്‍ പോരടിക്കുന്നതാണ് സാധാരണ ഗതിയില്‍ യുഡിഎഫിലെ സീറ്റു വിഭജനം. പ്രത്യേകിച്ച് കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്ന കോട്ടയത്ത്.

എന്നാല്‍ ഇക്കുറി സീറ്റു വിഭജനം വേഗത്തിലാക്കി പ്രചാരണത്തില്‍ മേല്‍ക്കൈ നേടാനാണ് കോട്ടയത്തെ യുഡിഎഫ് നീക്കം.മുന്‍ തെരഞ്ഞെടുപ്പുകളില്‍ നാമ നിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതുവരെ യുഡിഎഫിലെ സീറ്റ് തര്‍ക്കം നിലനിന്നിരുന്നു.

എന്നാല്‍ ഇത്തവണ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതോടെ യുഡിഎഫിലെ സീറ്റ് ധാരണ വേഗത്തിലായി. അതോടൊപ്പം നിര്‍ണായകമായ രാഷ്ട്രീയ നീക്കത്തിലൂടെ എല്‍ഡിഎഫിലുള്ള ജോസ് കെ മാണി വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കാനും യുഡിഎഫിന് കഴിഞ്ഞതായാണ് വിലയിരുത്തല്‍.

കോട്ടയം ജില്ലാ പഞ്ചായത്തിലെ 22 അംഗ കൗണ്‍സിലിലേക്ക് ഇത്തവണ ജോസഫ് വിഭാഗത്തിന് ഒന്‍പതു സീറ്റാണ് കോണ്‍ഗ്രസ് നല്‍കിയത്. ഇതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇതൊരു നിര്‍ണായക നീക്കമെന്നു പറഞ്ഞാണ് നേതാക്കള്‍ തടിതപ്പുന്നത്. യഥാര്‍ത്ഥത്തില്‍ കോട്ടയത്തെ കോണ്‍ഗ്രസിനെ ജോസഫിന് വില്‍ക്കുകയാണ് നേതാക്കള്‍ ചെയ്തത്.

എന്നാല്‍ യുഡിഎഫിലുള്ള കേരളാ കോണ്‍ഗ്രസിന് ഒന്‍പതു സീറ്റുകള്‍ കിട്ടിയതോടെ അതില്‍ കുറവ് സീറ്റ് കിട്ടുന്നത് ജോസ് കെ മാണി വിഭാഗത്തിന് ക്ഷീണമാണ്.

ജോസഫിനെക്കാള്‍ ശക്തിയുള്ള തങ്ങള്‍ക്ക് കുറഞ്ഞത് 11 സീറ്റെങ്കിലും കിട്ടിയില്ലെങ്കില്‍ മുന്നണി മാറ്റത്തിന്റെ ഗുണം കിട്ടില്ലെന്നും അതു അണികളെ ബോധ്യപ്പെടുത്താനും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന് പാടുപെടേണ്ടി വരും.

കഴിഞ്ഞ തവണ ഇടതു മുന്നണിയില്‍ സിപിഎം 15, സിപിഐ- നാല്, എന്‍സിപി-ഒന്ന്, പിസി ജോര്‍ജിന്റെ ജനപക്ഷം രണ്ട് എന്നിങ്ങനെയാണ് മത്സരിച്ചത്. ഇക്കുറി പിസി ജോര്‍ജ് ഇല്ലാത്തതിനാല്‍ രണ്ടു സീറ്റുകള്‍ മിച്ചമുണ്ട്.

എന്നാലും കേരളാ കോണ്‍ഗ്രസ് മത്സരിച്ച 11 സീറ്റുകള്‍ നല്‍കിയാല്‍ അതു സിപിഎമ്മിന് കടുത്ത നഷ്ടമുണ്ടാക്കും. എന്‍സിപിക്ക് ഒരു സീറ്റ് നല്‍കില്ലെന്നു വച്ചാലും പിന്നെയും നഷ്ടമുണ്ടാകുക സിപിഎമ്മിനാണ്.

പരമാവധി എട്ടു സീറ്റ് നല്‍കാമെന്നാണ് സിപിഎം നിലപാട്. എങ്കില്‍ പോലും സിപിഎമ്മിന് അഞ്ചു സീറ്റ് സ്വന്തം അക്കൗണ്ടില്‍ നിന്നും നഷ്ടമാകും.

ഇതുതന്നെയാണ് ഇടതുമുന്നണിയില്‍ കീറാമുട്ടിയാകുക. ജോസഫിന് ലഭിച്ച സീറ്റിനെക്കാള്‍ ഒരെണ്ണമെങ്കിലും കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ ജോസ് കെ മാണി വിഭാഗത്തിന് അതു കടുത്ത ക്ഷീണമാകും ഉണ്ടാക്കുക.

അതുകൊണ്ടുതന്നെ സ്വന്തം മുന്നണിയില്‍ ഇത്തിരി തര്‍ക്കമുണ്ടാക്കിയെങ്കിലും ജോസ് കെ മാണി വിഭാഗത്തിന് ഒരു പണികൊടുത്ത സന്തോഷത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അണികളെ ഇക്കഥകളൊക്കെ പറഞ്ഞു മനസിലാക്കി തടിതപ്പാനാണ് നേതാക്കളുടെ നീക്കം.

kottayam news kerala congress
Advertisment