Advertisment

ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനായി കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ തര്‍ക്കം ! ദേശീയ തലത്തില്‍ പ്രതിസന്ധിയിലായിരിക്കെ രാജ്യസഭയില്‍ പ്രാതിനിധ്യം കുറയുന്നത് ഗുണകരമല്ലെന്ന് ഹൈക്കമാന്‍ഡ്. ഗുലാം നബി ആസാദിനെ കേരളത്തില്‍ നിന്നും രാജ്യസഭയില്‍ എത്തിക്കാനും ഹൈക്കമാന്‍ഡ്. സീറ്റിനായി അവകാശവാദവുമായി ലീഗും രംഗത്ത് ! കെപിഎ മജീദ്, അബ്ദുള്‍ സമദ് സമദാനി എന്നിവരും പരിഗണനയില്‍. അഡ്വ. ഹാരീസ് ബീരാനും പട്ടികയില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ഏപ്രിലില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിന് വിജയിക്കാനാവുന്ന ഒരു സീറ്റിനായി കോണ്‍ഗ്രസും ലീഗും രംഗത്ത്. വയലാര്‍ രവി, കെകെ രാഗേഷ്, പിവി അബ്ദുള്‍ വഹാബ് എന്നിവരാണ് കാലവധി പൂര്‍ത്തിയാക്കുന്നത്. നിലവിലെ വോട്ടിങ് നിലയനുസരിച്ച് ഭരണപക്ഷത്തിന് രണ്ടും പ്രതിപക്ഷത്തിന് ഒരാളെയുമാണ് വിജയിപ്പിക്കാനാകുക.

അതേസമയം വിജയിക്കാനാവുന്ന ഒരു സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ പ്രാതിനിധ്യം ലോക്‌സഭയില്‍ കുറയുന്നത് ഗുണകരമല്ല എന്നു തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദിനെ കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് എത്തിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

എഐസിസി ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിനെ രാജ്യസഭയില്‍ എത്തിച്ചത് രാജസ്ഥാനില്‍ നിന്നായിരുന്നു. ഈ മാതൃക ഗുലാം നബിയുടെ കാര്യത്തിലും ഉണ്ടാകാനാണ് സാധ്യത. ഇക്കാര്യം ഘടകകക്ഷിയായ ലീഗിനെ ബോധ്യപ്പെടുത്താനാണ് നീക്കം.

ഗുലാം നബിയല്ലെങ്കില്‍ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്ക് ഇക്കുറി രാജ്യസഭയിലേക്ക് നറുക്ക് വീഴും. എല്ലാക്കാലത്തും ഘടകകക്ഷികള്‍ക്കായി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് ഗുണമല്ലെന്നു തന്നെയാണ് പാര്‍ട്ടിയിലെ യുവ നേതാക്കളുടെ പക്ഷം. തന്നെയുമല്ല, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ലീഗിന്റെ നിര്‍ബന്ധത്തിന് വഴങ്ങിക്കൊടുക്കുന്നത് ഗുണകരമാവില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം ഒഴിവു വരുന്ന സീറ്റുകളില്‍ ഒന്ന് തങ്ങള്‍ക്ക് അവകാശപ്പെട്ടതായതിനാല്‍ തങ്ങള്‍തന്നെ മത്സരിക്കുമെന്നാണ് ലീഗിന്റെ നിലപാട്. രാജ്യസഭാ സീറ്റിനായി വലിയ തര്‍ക്കം ലീഗില്‍ ഇപ്പോള്‍തന്നെ തുടങ്ങിയിട്ടുണ്ട്. പിവി അബ്ദുള്‍ വഹാബിനെ തന്നെ രാജ്യസഭയിലേക്ക് അയക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

എന്നാല്‍ വഹാബിന് നിയമസഭയിലേക്ക് മത്സരിക്കാനാണ് താല്‍പ്പര്യം. അങ്ങനെ വന്നാല്‍ ഭരണം ലഭിച്ചാല്‍ മന്ത്രിയാകാനാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു. കെപിഎ മജീദ്, അബ്ദുള്‍ സമദ് സമദാനി എന്നിവരും രാജ്യസഭാ സീറ്റില്‍ കണ്ണുവച്ചിട്ടുണ്ട്.

അതിനിടെ കെഎംസിസി പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാന്റെ പേരും ലീഗ് പരിഗണിക്കുന്നുണ്ട്. അതേസമയം ഗുലാം നബി സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യമുണ്ടായാല്‍ ലീഗ് സീറ്റ് ആവശ്യത്തില്‍ നിന്നും പിന്മാറാനാണ് സാധ്യത.

 

trivandrum news
Advertisment